കൊവിഡ് മഹാമാരി പ്രതിസന്ധികൾക്കിടയിൽ മുകേഷ് അംബാനി ഒരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ. മഹാമാരിയുടെ ഏറ്റവും മോശമായ പ്രത്യാഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സമ്പന്നർക്ക് കഴിഞ്ഞതായി ഓക്സ്ഫാം റിപ്പോർട്ട് വ്യക്തമാക്കി. വൈറ്റ് കോളർ തൊഴിലാളികൾ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ഭൂരിഭാഗം പേർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
പകർച്ചവ്യാധിയുടെ സമയത്ത്, ഇന്ത്യൻ കോടീശ്വരനായ മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ധനികനായി ഉയർന്നപ്പോൾ, പലയിടങ്ങളിലും കർഷകർ ആത്മഹത്യ ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ സൂചനകളാണിത്. മഹാമാരി സമയത്ത് ഒരു മണിക്കൂറിനുള്ളിൽ അംബാനി ഉണ്ടാക്കിയത് സാധാരണക്കാരനായ ഒരു തൊഴിലാളിക്ക് 10,000 വർഷം അധ്വാനിച്ചാൽ മാത്രം ലഭിക്കുന്നതാണ്.
അംബാനി ഒരു സെക്കൻഡിൽ ഉണ്ടാക്കിയത് നേടാൻ സാധാരണക്കാരന് ചുരുങ്ങിയത് 3 വർഷം എടുക്കും. മഹാമാരി നിലവിലുള്ള സാമൂഹിക, സാമ്പത്തിക, ലിംഗാധിഷ്ഠിത അസമത്വങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഓക്സ്ഫാം പറയുന്നു. ലോക്ക്ഡൗൺ സമയത്ത് ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്ത് 35 ശതമാനവും 2009 ന് ശേഷം 90 ശതമാനവും വർദ്ധിച്ച് 422.9 ബില്യൺ ഡോളറിലെത്തി.
യുഎസ്, ചൈന, ജർമ്മനി, റഷ്യ, ഫ്രാൻസ് എന്നിവയ്ക്ക് ശേഷം ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുലെ ഭൂരിഭാഗം ആളുകൾക്കും ഉപജീവനമാർഗം നഷ്ടപ്പെട്ട സ്ഥിതിയിലാണ് കോടീശ്വരന്മാരുടെ ഈ വളർച്ച.