കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 40,228 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളില്‍ 370 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വര്‍ഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വര്‍ധിച്ച് 858 കോടി രൂപയിലെത്തിയിട്ടുണ്ട്.
മഹാമാരി ആഗോള തലത്തില്‍ തന്നെ ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും വായ്പാ ദാതാക്കളുടേയും പിന്തുണയോടെ തങ്ങളുടെ മികച്ച പ്രകടനം തുടരാനായി എന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച ചെയര്മാന് എം. ജി ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ബിസിനസിന്റെ തുടര്‍ച്ചയ്ക്കായി തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയുണ്ടായി ഇതിനു ശേഷം ഡിജിറ്റല്‍ വായ്പാ വിതരണത്തില്‍ നാലു മടങ്ങു വര്‍ധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനായി ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പലിശ അടക്കുന്നവര്‍ക്ക് കാഷ്ബാക്ക് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read: ആമസോണിന് റിലയന്‍സിന്റെ 'ചെക്ക്', നെറ്റ്മെഡ്സിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങി
ലോക്ഡൗണിനെ തുടര്‍ന്ന് ശാഖകള്‍ തുറന്നപ്പോള്‍ വിതരണത്തേക്കാള്‍ കൂടുതല്‍ തിരിച്ചടവാണുണ്ടായിരുന്നതെന്നും ജൂണ്‍ മാസം മുതല്‍ വായ്പാ വിതരണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നും മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഇത് ജൂലൈയിലും ആഗസ്റ്റിലും തുടരുകയാണ്. സബ്സിഡിയറികളിലെ സ്വര്‍ണ പണയ ഇതര വായ്പകള്‍ ആകെ വായ്പകളുടെ 12 ശതമാനമാണ്. ഈ വിഭാഗത്തിലെ ശേഖരണവും ഓരോ മാസവും ഗണ്യമായി വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Most Read: പുതിയ 'മേച്ചില്‍പ്പുറങ്ങള്‍' തേടി ഓറക്കിള്‍, ടിക്ടോക്കിനെ വാങ്ങുമോ?