മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ പ്രധാന സൂചികകളില്‍ നഷ്ടത്തോടെ വ്യാപാരം അവസാനിച്ചു. യുഎസ് സൂചികകള്‍ വീണ്ടും ഇടിഞ്ഞതും കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യൂറോപ്യന്‍ വിപണികളിലെ ആശങ്കകളും ആഭ്യന്തര വിപണിയേയും ബാധിച്ചു. ഇതോടൊപ്പം നിക്ഷേപകരുടെ ലാഭമെടുപ്പും കൂടിയായതോടെ സൂചികകള്‍ സമ്മര്‍ദത്തിലാകുകയായിരുന്നു. വമ്പന്‍ ടെക് കമ്പനിയായ മെറ്റയുടെ (ഫെയ്സ്ബുക്ക്) മോശം പ്രവര്‍ത്തനഫലമാണ് അമേരിക്കന്‍ വിപണിയെ ദോഷകരമായി ബാധിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 219 പോയിന്റ് നഷ്ടത്തില്‍ 17,560-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 770 പോയിന്റ് ഇടിഞ്ഞ് 58,788-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 320 പോയിന്റ് നഷ്ടത്തോടെ 39,010-ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?
ദുര്‍ബല ആഗോള സൂചനകളും ലാഭമെടുപ്പുമാണ് വ്യാഴാഴ്ച സൂചികയെ പിന്നോട്ടടിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെയില് മുഴുവന്‍ നേരവും സൂചിക നഷ്ടത്തിലായിരുന്നു. കൂടാതെ ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നതും. നിലവിലെ സാഹചര്യത്തില്‍ 17,530 നിലവാരം സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. ഇത് മണിക്കൂര്‍ അടിസ്ഥാനമാക്കിയുളള ചാര്‍ട്ടില്‍ 50-ഇഎംഎയാണ്. 17,500 നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം സൂചിക തിരിച്ചുവരാം. 17,400-ന് താഴെ ക്ലോസ് ചെയ്യാത്തിടത്തോളം ട്രെന്‍ഡ് പോസിറ്റീവായി തുടരുമെന്നും എല്‍കെപി സെക്യൂരിറ്റീസ് അറിയിച്ചു.
Also Read: ഈ സ്റ്റോക്ക് കൈവശമുണ്ടോ? വില 45-ലേക്ക് ഇടിയാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ്

നിഫ്റ്റി മൂവ്മെന്റ്
നാല് ദിവസത്തെ തുടര്‍ച്ചയായ ഗ്യാപ് അപ്പ് ഓപ്പണിങ്ങിനു ശേഷം വ്യാഴാഴ്ചത്തെ തുടക്കം നേരിയ ഇടിവോടെയായിരുന്നു ഇന്ന് തുടക്കം. 13 പോയിന്റ് താഴ്ന്ന് 17,767-ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ക്രമാനുഗതമായി സൂചിക താഴേക്ക് ഇറങ്ങുകയായിരുന്നു. യൂറോപ്യന്‍ വിപണികള്‍ ആരംഭിക്കുന്ന സമയത്ത് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും വിദേശ സൂചനകള്‍ പ്രതികൂലമായതോടെ വിപണി കൂടുതല്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,781-ലും താഴ്ന്ന നിലവാരം 17,511-ലുമാണ്. ബുധനാഴ്ച 17,780-ലായിരുന്നു നിഫ്റ്റി ക്ലോസ് ചെയ്തത്.

നേട്ടവും കോട്ടവും
ഓട്ടോ വിഭാഗം ഓഹരി സൂചികയൊഴികെ പ്രധാനപ്പെട്ട എല്ലാ സെക്ടറല്‍ സൂചികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്് ഐടി വിഭാഗം സൂചികയാണ്. 2 ശതമാനത്തിലേറ ഇടിവാണ് ഐടി സൂചികയില്‍ നേരിട്ടത്. 1.74 ശതമാനം നഷ്ടം നേരിട്ട റിയാല്‍റ്റി വിഭാഗം സൂചികയാണ് തൊട്ടുപിന്നില്‍. ധനകാര്യ, പൊതുമേഖല ഓഹരികളുടെ സൂചികയും ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് വിഭാഗം സൂചിക 0.9 ശതമാനവും സ്മോള്‍ കാപ് വിഭാഗം സൂചിക 0.4 ശതമാനവും വിലയിടിവ് നേരിട്ടു.

എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,109 ഓഹരികളില്‍ 942 എണ്ണത്തില്‍ വില വര്‍ധനയും 1,114 ഓഹരികളില്‍ വിലയിടിവും 53 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.85-ലേക്ക് വീണു. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 162 എണ്ണം നേട്ടത്തിലും 337 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 2.73 ശതമാനത്തോളം ഉയര്‍ന്ന് 19.16-ലേക്കെത്തി. വിക്സ് 20 നിലവാരം കടക്കുന്നത് വിപണിക്ക് ശുഭകരമല്ല.

പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 6 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിച്ചത്. ഓട്ടോ വിഭാഗം ഓഹരികളായ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ മുന്നേറി. ഡിവീസ് ലാബും ഐടിസിയും മാരുതിയും ഒരു ശതമാനത്തോളം ഉയര്‍ന്നു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 43 എണ്ണവും ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി, എന്‍ടിപിസി എന്നിവ 3 ശതമാനത്തിലേറെ ഇടിഞ്ഞു. എസ്ബിഐ ലൈഫ്, ഇന്‍ഫോസിസ്, ഗ്രാസിം, എല്‍ & ടി, ഒഎന്‍ജിസി, ബജാജ് ഫിന്‍സേര്‍വ് എ്ന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെയും നഷ്ടത്തില്‍ അവസാനിച്ചു.