പൊതുബജറ്റ് സംബന്ധിച്ച പ്രതീക്ഷകളും ആകാംക്ഷയുമൊക്കെ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഘടകമാണ്. എന്നാല്‍ വലിയ ചാഞ്ചാട്ടങ്ങളില്ലാതെ ഇത്തവണത്തെ ബജറ്റിനെ വിപണി ഉള്‍ക്കൊണ്ടു. ഇതിനിടെ കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലങ്ങളും പുറത്തു വരുന്നുണ്ട്. ഇതോടെ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റത്തിനാവും ഇനി സാധ്യതയെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സമീപകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1) ഇന്ഡോകൊ റെമഡീസ്
ഫാര്‍മ മേഖലയിലെ സ്മോള്‍ കാപ് ഓഹരിയാണ് ഇന്‍ഡോകോ റെമഡീസ് ലിമിറ്റഡ് (BSE: 532612, NSE : INDOCO). ആഭ്യന്തര വിപണിയില്‍ നിന്നുള്ള ബിനിനസ് സ്ഥായിയായി നിലനിര്‍ത്തുന്നുണ്ട്. കൂടാതെ, വിദേശത്തേക്കുള്ള കയറ്റുമതിയിലൂടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുത്തുന്നുമുണ്ട്. ഡിസംബര്‍ പാദത്തില്‍ 8 ശതമാനം വര്‍ധനയോടെ വരുമാനം 358 കോടിയിലെത്തി. അറ്റാദായം 30 ശതമാനം വര്‍ധിച്ച് 33 കോടി രൂപയുമായി. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പുനഃസംഘടനയും ഗോവയിലെ നിര്‍മാണ ശാലയ്ക്ക് നല്കിയ യുറോപ്യന്‍, അമേരിക്കന്‍ ഫാര്‍മ ഏജന്‍സിയുടെ നിര്‍ദേശം പാലിക്കാനായും ഭാവി വളര്‍ച്ച സാധ്യത വര്‍ധിപ്പിക്കുന്നു. പുതിയ മരുന്നുകള്‍ പുറത്തിറക്കുന്നതിന്റെ അവസാന ഘട്ടത്തിലായതും അനുകൂലമാണ്. ഓഹരിക്ക് 510 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 31 ശതമാനത്തോളം നേട്ടം ലഭിക്കാം. വ്യാഴാഴ്ച 391 രൂപയിലാണ് ക്ലോസ് ചെയ്തത്.

2) ടെക് മഹീന്ദ്ര
ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര (BSE: 532755, NSE : TECHM). ഡിസംബര്‍ പാദത്തില്‍ ഭേദപ്പെട്ട പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. വിദേശത്തു നിന്നുള്ള വരുമാനം പാദാനുപാദത്തില്‍ 5 ശതമാനത്തോളം വര്‍ധിച്ച് 1,55 കോടി യുഎസ് ഡോളറായി. കഴിഞ്ഞ പാദത്തില്‍ നേടിയ കരാറുകള്‍ 70.4 കോടി യുഎസ് ഡോളറിന്റേതാണ്. മികച്ച കരാറുകളും പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നതംു അനുകൂല ഘടകമാണ്. യൂറോപ്പില്‍ നിന്നുളള ബിസിനസും വര്‍ധിക്കുന്നുണ്ട്. ഇത് ഉപഭോക്തക്കളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും നല്കുന്നു. അടുത്തിടെ ശമ്പളച്ചെലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള സമയങ്ങളില്‍ അത് തിരികെ പിടിക്കാവുന്നതേയുള്ളൂവെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഓഹരിക്ക് 1,850 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 28 ശതമാനത്തോളം നേട്ടം ലഭിക്കാം. വ്യാഴാഴ്ച 1,454 രൂപയിലാണ് ക്ലോസ് ചെയ്തത്.

3) വിനതി ഓര്‍ഗാനിക്സ്
കെമിക്കല്‍ മേഖലയിലുള്ള മിഡ് കാപ് കമ്പനിയാണ് വിനതി ഓര്‍ഗാനിക്സ് (BSE: 524200, NSE : VINATIORGA). അടുത്തിടെ ബാധ്യതകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചതോടെ കടബാധ്യതകള്‍ ഏറെക്കുറെ ഒഴിവായി. ഡിസംബര്‍ പാദത്തില്‍ വരുമാനം 65 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 369 കോടി രൂപയിലെത്തി. അറ്റാദയവും 30 ശതമാനം വര്‍ധിച്ച് 83.2 കോടിയായി. നിര്‍മാണം പൂര്‍ത്തിയാകുന്ന ബൂട്ടെല് ഫിനോള്‍ പ്ലാന്റ്് ഭാവി വരുമാനം ഉറപ്പിക്കുന്നു. ആന്റിഓക്സിഡന്റ് വിഭാഗത്തിലും വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതും അനുകൂല ഘടകമാണ്. ഓഹരിക്ക് 2,320 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 21 ശതമാനത്തോളം നേട്ടം ലഭിക്കാം. വ്യാഴാഴ്ച 1,924 രൂപയിലാണ് ക്ലോസ് ചെയ്തത്.

4) എച്ച്ഡിഎഫ്സി
രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനവും ഭവനവായ്പ വിപണിയിലെ മുന്‍നിരക്കാരുമാണ് എച്ച്ഡിഎഫ്സി (BSE: 500010, NSE : HDFC). അടിസ്ഥാനപരമായി മികച്ച കമ്പനികളിലൊന്നാണിത്. ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവച്ചത്. വായ്പ വിതരണത്തില്‍ 11.4 ശതമാനം വളര്‍ച്ച കൈവരിച്ചു. പലിശയില്‍ നിന്നുള്ള വരുമാനവും 5 ശതമാനത്തിലേറെ വര്‍ധിച്ചു. കിട്ടാക്കടത്തിന്റെ തോത് ആകെ വായ്പയുടെ 1.3 ശതമാനമാണ്. കമ്പനിക്ക് വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നത് ശ്രദ്ധേയ ഘടകമാണ്. കൈവശമുള്ള അധികപണം ഫലപ്രദമായി വിനിയോഗിക്കുകയും മൂലധന പര്യപ്തത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഉപകമ്പനികളും മികച്ച പ്രവര്‍ത്തനം പുറത്തെടുക്കുന്നതും അനുകൂല ഘടകമാണ്. ഓഹരിക്ക് 3,350 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 33 ശതമാനത്തോളം നേട്ടം ലഭിക്കാം. വ്യാഴാഴ്ച 2,528 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

5) സൈഡസ് വെല്‍നെസ്
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് സൈഡസ് വെല്‍നെസ് (BSE: 531335, NSE : ZYDUSWELL). അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ 2 ശതമാനം വരുമാന വളര്‍ച്ചയേ നേടിയുള്ളൂ. അറ്റാദായം 22.7 കോടി രൂപയുമാണ്. പുതിയതായി ഏറ്റെടുത്ത ഹെയിന്‍സ് ഇന്ത്യ കമ്പനിയുമായുള്ള ഏകീകരണം അടുത്ത 3 വര്‍ഷം പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 20 ശതമാനത്തിന് മുകളിലാക്കും. പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ പുറത്തിറക്കുന്നതും ഗ്ലൂക്കോണ്‍-ഡി, കോംപ്ലാന്‍, ഷുഗര്‍ഫ്രീ എന്നീ ബ്രാന്‍ഡുകളില്‍ പുതിയ വകഭേദങ്ങള്‍ അവതരിപ്പിക്കുന്നതും അനുകൂല ഘടകമാണ്. ഓഹരിക്ക് 2,200 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 31 ശതമാനത്തോളം നേട്ടം ലഭിക്കാം. വ്യാഴാഴ്ച 1,682 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.