മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആര്‍ബിഐ. ടോള്‍ ഫ്രീ നമ്പറുകളെല്ലാം വിശ്വസിക്കരുതെന്നാണ് ആര്‍ബിഐ നല്കുന്ന മുന്നറിയിപ്പ്. ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയോ ടോള്‍ ഫ്രീ നമ്പറാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുളള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് വ്യാപകമായി വരുന്നത്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടാതെ ഉപഭോക്താക്കള്‍ക്കും ഇത് സംബന്ധിച്ച് ആര്‍ബിഐ മുന്നറിയിപ്പ് നല്കുന്നു.
സോഷ്യല്‍ എഞ്ചിനീയറിംഗ് ഫ്രോഡ് എന്നാണ് ഇത്തരത്തിലുളള പണത്തട്ടിപ്പിനെ ആര്‍ബിഐ വിശേഷിപ്പിച്ചിരിക്കുന്നത് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്. ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ യഥാര്‍ത്ഥ ഫോണ്‍ നമ്പറിനോട് സാമ്യമുളള നമ്പറുകള്‍ ഇത്തരക്കാര്‍ സ്വന്തമാക്കും.
യഥാര്‍ത്ഥ നമ്പറില്‍ നിന്ന് ഒരു നമ്പര്‍ മാത്രമായിരിക്കും വ്യത്യാസമുണ്ടാവുക. അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തില്‍ ഏതാണ് ഒറിജിനല്‍ എന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. ഈ നമ്പര്‍ ട്രൂകോളറില് ബാങ്കിന്റെയോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെയോ പേരില്‍ രജിസ്റ്റര്‍ ചെയ്യും. ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ വിളിക്കുന്ന ഉപഭോക്താവ് വീഴുന്നത് ഈ തട്ടിപ്പുകാരുടെ കെണിയിലാവും.
ബാങ്ക് ആണെന്ന് കരുതി ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, യൂസെര് നെയിം, ഒടിപി അടക്കമുളള നിര്‍ണായക വിവറങ്ങള്‍ എല്ലാം ഉപഭോക്താവ് തട്ടിപ്പുകാര്‍ക്ക് കൈമാറും. ഇതുപയോഗിച്ചാണ് പണം തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കളെ അറിയിക്കാന്‍ ബാങ്കുകളില്‍ മുന്നറിയിപ്പ് നോട്ടീസ് പതിപ്പിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല എസ്എംഎസ് വഴിയും വെബ്സൈററ് വഴിയും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണം.