കഴിഞ്ഞയാഴ്ച്ച സെന്‍സെക്സിന്റെ തകര്‍ച്ചയില്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ക്കെല്ലാം വന്‍ നഷ്ടം. ഏറ്റവും വിപണി മൂല്യമുള്ള ആദ്യ പത്ത് കമ്പനികള്‍ ചേര്‍ന്ന് 2.19 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കുറിച്ചത്. ഇതേസമയം, പട്ടികയില്‍ റിലയന്‍സ് മാത്രം ഓഹരി വിലനിര്‍ണയത്തില്‍ നേട്ടം കയ്യടക്കി. നഷ്ടം നേരിട്ടവരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് പ്രധാനി. ടിസിഎസിന്റെ വിപണി മൂല്യം 81,506.34 കോടി രൂപ ഇടിഞ്ഞ് 10.71 ലക്ഷം കോടിയിലെത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 2,202.12 കോടി രൂപയാണ് കുറഞ്ഞത്. ഇതോടെ 8.45 ലക്ഷം കോടി രൂപയായി എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം വിപണി മൂല്യവും.
ഐസിഐസിഐ ബാങ്കിന്റെ മൂല്യം 18,098.57 കോടി രൂപ കുറഞ്ഞ് 4.13 ലക്ഷം കോടി രൂപയിലാണ് ഇപ്പോള്‍ വന്നുനില്ക്കുന്നത്. ഹിന്ദുസ്താന്‍ യുണിലെവറിന്റേത് 11,536.32 കോടി രൂപ ഇടിഞ്ഞ് 5 ലക്ഷം കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സിയുടെ മൂല്യവും സാരമായി ഇടിഞ്ഞു. 35,389.88 കോടി രൂപ നഷ്ടത്തില്‍ 4.57 ലക്ഷം കോടി രൂപയാണ് എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം. ഇന്‍ഫോസിസിനും 16,613.57 കോടി രൂപ നഷ്ടം സംഭവിച്ചു. 5.33 ലക്ഷം കോടി രൂപയിലേക്ക് ഇന്‍ഫോസിസിന്റെ വിപണി മൂല്യം ചുരുങ്ങി. 15,712.46 കോടി രൂപയാണ് ബജാജ് ഫൈനാന്‍സിന്റെ വിപണി മൂല്യത്തില്‍ സംഭവിച്ച ഇടിവ്. ഇതോടെ കമ്പനിയുടെ മൂല്യം 3.15 ലക്ഷം കോടി രൂപയായി. കൊട്ടാക്ക് മഹീന്ദ്ര ബാങ്കിന്റെ മൂല്യം 30,695.43 കോടി രൂപ ഇടിഞ്ഞ് 3.53 ലക്ഷം രൂപയില്‍ വന്നുനില്ക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഇടിവ് നേരിട്ടത് കാണാം. എസ്ബിഐയുടെ വിപണി മൂല്യം 8,166.02 കോടി രൂപ കുറഞ്ഞ് 3.48 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കൂട്ടത്തില്‍ റിലയന്‍സിന് മാത്രമേ നേട്ടമുള്ളൂ. വെള്ളിയാഴ്ച്ച വിപണി അടച്ചപ്പോള്‍ റിലയന്‍സിന്റെ മൂല്യം 2,092.01 കോടി രൂപ വര്‍ധിച്ച് 13.21 ലക്ഷം രൂപയിലെത്തി. നിലവില്‍ റിലയന്‍സാണ് ഇന്ത്യയില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ബജാജ് ഫൈനാന്‍സ് എന്നിവരാണ് റിലയന്‍സിന് പിറകില്‍ നിലകൊള്ളുന്നത്.
ആഗോള വിപണിയിലെ തകര്‍ച്ച മാനിച്ച് സെന്‍സെക്സ് സൂചിക 1,786 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇ നിഫ്റ്റി സൂചികയിലും 568 പോയിന്റ് ചോര്‍ന്നു. അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം കണ്ടെത്തുന്ന സാഹചര്യത്തിലാണ് ആഗോള വിപണികള്‍ പ്രതിസന്ധിയിലാകുന്നത്.