സെന്‍സെക്‌സ് 60,000 പോയിന്റിലേക്ക്; മുന്നറിയിപ്പുമായി വിപണി വിദഗ്ധര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി 'ബെല്ലും ബ്രേക്കുമില്ലാതെ' കുതിക്കുകയാണ്. വ്യാഴാഴ്ച്ച ബോംബെ സൂചിക 950 പോയിന്റ് ഉയര്‍ന്നിരിക്കുന്നു; 60,000 പോയിന്റെന്ന ചരിത്ര നിമിഷത്തിന് തൊട്ടരികിലുണ്ട് സെന്‍സെക്‌സ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് സ്വപ്‌നയാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. ഇതുവരെ കാര്യമായ തിരുത്തലുകള്‍ സൂചികയില്‍ സംഭവിച്ചിട്ടില്ലാതാനും. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുതെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.

 
സെന്‍സെക്‌സ് 60,000 പോയിന്റിലേക്ക്; മുന്നറിയിപ്പുമായി വിപണി വിദഗ്ധര്‍

'ഇന്ത്യയിലെ ബുള്‍ മാര്‍ക്കറ്റുകള്‍ എന്നും തിരുത്തലുകള്‍ കണ്ടിട്ടുണ്ട്. 1992, 1994, 1998-2000, 2003-2007 കാലഘട്ടങ്ങളില്‍ വന്‍കുതിപ്പ് നടത്തിയ സെന്‍സെക്‌സ് തൊട്ടുപിന്നാലെ 20 ശതമാനം വരെ താഴേക്കിറങ്ങിയ കഥ വിപണിക്ക് പറയാനുണ്ട്. ഇപ്പോഴത്തെ പ്രയാണത്തിനിടെ തിരുത്തല്‍ ഒരുതവണ പോലും സംഭവിച്ചിട്ടില്ല. ഇപ്പോഴുള്ള വാല്യുവേഷന്‍ നീതികരമല്ലാത്ത സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ ഉടന്‍ സംഭവിക്കാം', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.

'കാളകളെയും കരടികളെയും ഒരുപോലെ കുഴക്കുകയാണ് ഇപ്പോള്‍ വിപണി. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞ 18 മാസമായി ഈ ബുള്‍ മാര്‍ക്കറ്റ് വണ്‍വേയിലൂടെ മാത്രമാണ് കടന്നുപോകുന്നത്. ചൈന, ഹോങ്കോങ് തുടങ്ങിയ ഏതാനും രാജ്യങ്ങള്‍ ഒഴിച്ചാല്‍ ഈ പ്രതിഭാസം ആഗോള വിപണികളിലും കാണാം. അമേരിക്കന്‍ മാര്‍ക്കറ്റാകട്ടെ ഫെഡറല്‍ റിസര്‍വ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞിട്ടും വേഗം കുറയ്ക്കുന്ന ലക്ഷണമില്ല', വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

'റീടെയില്‍ ഇന്‍വെസ്റ്റര്‍മാരുടെ പണം വിദേശ സ്ഥാപന നിക്ഷേപകരുടെ പണത്തെക്കാളും ആധിപത്യം കയ്യടക്കുകയാണ്. എന്നാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വില്‍പ്പനക്കാരാവുന്ന പക്ഷം ഈ ട്രെന്‍ഡ് മാറും. വിദേശ സ്ഥാപന നിക്ഷേപകര്‍ എന്ന്, എപ്പോള്‍ വില്‍പ്പന പരമ്പരയ്ക്ക് തുടക്കമിടുമെന്ന കാര്യം ആര്‍ക്കും നിശ്ചയമില്ല. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി ബുള്‍ മാര്‍ക്കറ്റില്‍ നിന്നും നിക്ഷേപകര്‍ സാവധാനം കുറച്ച് പണം പിന്‍വലിക്കുന്നതില്‍ തെറ്റില്ല', വിജയകുമാര്‍ നിര്‍ദേശിക്കുന്നു.

പലിശ നിരക്ക് മാറ്റിയിട്ടില്ലെങ്കിലും ഈ വര്‍ഷം തൊട്ട് ആസ്തി വാങ്ങലുകള്‍ കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച്ച അറിയിച്ചിട്ടുണ്ട്. ഇതേസമയം, സമ്പദ്ഘടന പ്രതിസന്ധിയിലെന്ന് കണ്ടാല്‍ ഇനിയും സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം ആഗോള നിക്ഷേപകര്‍ക്ക് ഒരല്‍പ്പം ആശ്വാസമേകുന്നുണ്ട്.

വ്യാഴാഴ്ച്ച എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്കാണ് ബോംബെ സൂചിക ചുവടുവെച്ചത്. ദിവസ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 59,957.25 പോയിന്റ് വരെയ്ക്കും ഉയര്‍ന്നു. അവസാന മണി മുഴങ്ങുമ്പോള്‍ 59,885.36 പോയിന്റ് എന്ന നിലയ്ക്കാണ് സൂചിക തിരശ്ശീലയിട്ടതും. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. എന്‍എസ്ഇ നിഫ്റ്റി സൂചിക 1.57 ശതമാനം വര്‍ധിച്ച് 17,822.95 പോയിന്റെന്ന പുതിയ ക്ലോസിങ് ഉയരം രേഖപ്പെടുത്തി. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി 17,843.90 പോയിന്റെന്ന റെക്കോര്‍ഡ് ഉയരം സ്ഥാപിച്ചതിനും വിപണി സാക്ഷിയാണ്.

ആഗോള വിപണികളും നേട്ടത്തില്‍ ഇന്ന് മുന്നേറി. ചൈനയിലെ എവര്‍ഗ്രാന്‍ഡെ പ്രശ്‌നത്തെ തുടര്‍ന്നാണ് ആഗോള വിപണികളില്‍ അടുത്തകാലത്ത് തിരുത്തല്‍ സംഭവിച്ചത്. ഓഹരികള്‍ വാങ്ങാനുള്ള അവസരമായി നിക്ഷേപകര്‍ ഈ ഇറക്കത്തെ കണ്ടു. എന്തായാലും എവര്‍ഗ്രാന്‍ഡെ പ്രശ്‌നം സാവധാനം കെട്ടടങ്ങുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ ചെറുറാലികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

ആഗോള വിപണികളുടെ ഇനിയുള്ള സമീപനം ഇന്ത്യന്‍ വിപണിക്ക് നിര്‍ണായകമെന്നാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നത്. ആഗോള വിപണികള്‍ ശാന്തത കൈവെടിയാതിരുന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരും. അതായത് 18000, 60000 പോയിന്റുകളെന്ന നിര്‍ണായക നില ഭേദിക്കാന്‍ നിഫ്റ്റിക്കും സെന്‍സെക്‌സിനും സാധിക്കുമെന്നാണ് മീണയുടെ വിലയിരുത്തല്‍. ഇതേസമയം, ആഗോള മാര്‍ക്കറ്റുകള്‍ ഒരിക്കല്‍ക്കൂടി ഇടിഞ്ഞാല്‍ ഇന്ത്യയിലും ലാഭമെടുപ്പ് പ്രതീക്ഷിക്കാം, സന്തോഷ് മീണ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Read more about: stock market share market
English summary

Sensex Near 60,000 Points; Market Experts Give Warning Recalling Previous Bull Markets

Sensex Near 60,000 Points; Market Experts Give Warning Recalling Previous Bull Markets. Read in Malayalam.
Story first published: Thursday, September 23, 2021, 18:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X