വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഭ്യന്തര ഘടകങ്ങളേക്കാള്‍ ശക്തമായി ആഗോള ഘടകങ്ങള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും തിരിച്ചടിക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയില്‍ ദൃശ്യമാണ്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തന ഫലവും വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ വിലക്കുറവിലും ലഭ്യമായ ഒരു സ്മോള്‍ കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

കരൂര്‍ വൈശ്യ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് സ്ഥാപനമാണ് കരൂര്‍ വൈശ്യ ബാങ്ക് (BSE: 590003, NSE: KARURVYSYA). 1916-ല്‍ തമിഴ്നാട്ടിലെ കരൂരിലാണ് ആരംഭം. ട്രഷറി, കോര്‍പറേറ്റ്് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ്, മറ്റു ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്കുന്നു. 2021-ലെ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടും 780 ശാഖകളും 2200-ലേറെ എടിഎമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 3,672 കോടിയാണ്.

അനുകൂല ഘടകം
മാര്‍ച്ച് പാദത്തില്‍ കരൂര്‍ വൈശ്യ ബാങ്ക് മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. അറ്റാദായം വിപണി പ്രതീക്ഷിച്ചതിലും ഉയരത്തിലാണ്. സമീപകാലയളവില്‍ കിട്ടാക്കടത്തിന്റെ തോത് കുറച്ചു കൊണ്ടുവന്നതും നേട്ടമാണ്. ഇതിനോടൊപ്പം പലിശയില്‍ നിന്നുളള വരുമാനവും 2023 സാമ്പത്തിക വര്‍ഷത്തേക്ക് നിശ്ചയിച്ചിരിക്കുന്ന ബിസിനസ് ലക്ഷ്യവും ശ്രദ്ധേയമാണ്. കൂടാതെ കഴിഞ്ഞ ആറ് മാസത്തോളം പിന്നാക്കം നിന്നിരുന്ന ഈ ഓഹരി വാല്യൂവേഷന്റെ അടിസ്ഥാനത്തിലും വളരെ ആകര്‍ഷകമായ നിലവാരത്തിലാണ് നില്‍ക്കുന്നത്. ഇതിനോടൊപ്പം കുറഞ്ഞ കടബാധ്യതകളും മെച്ചപ്പെടുത്തുന്ന പ്രതിയോഹരി വരുമാനവും അറ്റാദായവും അനുകൂല ഘടകങ്ങളാണ്.

ഓഹരി വിശദാംശം
കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികളില്‍ 2.28 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 8.18 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 15.35 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.89 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 60.50 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 21.93 നിരക്കിലായിരിക്കുമ്പോള്‍ കരൂര്‍ വൈശ്യ ബാങ്കിന്റേത് 5.45 ഉള്ളൂവെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 86.99 ആണ്. ഇത് നിലവിലെ ഓഹരി വിലേയക്കാള്‍ ഉയരെയാണെന്നതും സവിശേഷതയാകുന്നു. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.09 ശതമാനമാണ്.

സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ ബാങ്കിന്റെ വരുമാനം 1.3 ശതമാനവും പ്രവര്‍ത്തന ലാഭം 5.7 ശതമാനവും വീതം ഇടിഞ്ഞു. എന്നാല്‍ ഇതേ കാലയളവില്‍ അറ്റാദായം 19.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ വരുമാനം 915 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം 103 ശതമാനം വര്‍ധനയോടെ 213 കോടിയിലെക്കെത്തി.

ലക്ഷ്യവില 72
കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 3 ശതമാനം ഉയര്‍ന്ന് 45.90 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി 72 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. ഇതിലൂടെ 60 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം ഓഹരിയുടെ കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 61 രൂപയും താഴ്ന്ന വില 38.40 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 9 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.