മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിയില്‍ കനത്ത നഷ്ടം. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 435 പോയിന്റ് നഷ്ടത്തില്‍ 50,890 നില രേഖപ്പെടുത്തി (0.85 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയും ദിവസ വ്യാപാരത്തില്‍ പതറി. നിഫ്റ്റി 137 പോയിന്റ് നഷ്ടത്തില്‍ 14,982 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (0.91 ശതമാനം തകര്‍ച്ച).
നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിലേക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. രാവിലെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച സൂചികകള്‍ ഉച്ചയ്ക്ക് ശേഷം കുത്തനെ ഇടിയുകയായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് ഓഹരികളുടെ തകര്‍ച്ച സെന്‍സെക്സ്, നിഫ്റ്റി സൂചികകളെ പിടിച്ചുകുലുക്കി.
ലാഭമെടുപ്പ് ഉയര്‍ന്ന ഘട്ടത്തില്‍ സെന്‍സെക്സ് 631 പോയിന്റ് വരെ താഴോട്ടു പോയി. നിഫ്റ്റി നിര്‍ണായകമായ 15,000 പോയിന്റ് നില കൈവെടിയുന്നതിനും നിക്ഷേപകര്‍ സാക്ഷിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനമായും മുന്നേറ്റം കുറിച്ചത്. റിലയന്‍സ് ഓഹരികള്‍ക്ക് 1 ശതമാനത്തിന് മുകളില്‍ കുതിക്കാന്‍ സാധിച്ചു. എന്‍ടിപിസി, ഹിന്ദുസ്താന്‍ യുണിലെവര്‍, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവരും നേട്ടം കൊയ്തവരുടെ പട്ടികയിലുണ്ട്.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 11 മേഖലാ സൂചികകളിലും വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 6 ശതമാനത്തോളമാണ് തകര്‍ന്നത്. നിഫ്റ്റി ലോഹ, ഓട്ടോ, സ്വകാര്യ ബാങ്ക്, റിയല്‍റ്റി സൂചികകളും 2 മുതല്‍ 3 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഇന്നലെ നിനച്ചിരിക്കാതെ കുതിച്ച സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളെല്ലാം ഇന്ന് പഴയ നിലയിലേക്ക് തിരിച്ചെത്തിയെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം. അടുത്ത സാമ്പത്തിക വര്‍ഷം ഈ ബാങ്കുകള്‍ സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഓഹരികള്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചത്.
വില്‍പ്പന സമ്മര്‍ദ്ദം ചെറുത്തുനില്ക്കാന് നിഫ്റ്റ് മിഡ്ക്യാപ് ഓഹരികള്‍ക്കോ സ്മോള്‍ക്യാപ് ഓഹരികള്‍ക്കോ കഴിഞ്ഞില്ല. 2 ശതമാനത്തോളം വീഴ്ച്ച മിഡ്ക്യാപ് സൂചികയില്‍ ദൃശ്യമായി. സ്മോള്‍ക്യാപ് സൂചിക 1 ശതമാനം താഴോട്ടു പോയി.