ബുധനാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 458.03 പോയിന്റ് വര്‍ധിച്ച് 50,255.75 എന്ന നില രേഖപ്പെടുത്തി (0.92 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 142.10 പോയിന്റ് ഉയര്‍ന്ന് 14,789.95 എന്ന നിലയും തൊട്ടു (0.97 ശതമാനം നേട്ടം).
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം വീതം നേട്ടം കുറിച്ചത് കാണാം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിയല്‍ എസ്റ്റേറ്റ് സൂചികയൊഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ബിഎസ്ഇ ആരോഗ്യ, ലോഹ സൂചികകള്‍ 3 ശതമാനത്തിലേറെയാണ് മുന്നേറ്റം കാഴ്ച്ചവെച്ചത്.
ബുധനാഴ്ച്ച രാജ്യാന്തര വിപണിയിലും നേട്ടം പൊതുപ്രമേയമായി. ഏഷ്യന്‍, ചൈനീസ്, യൂറോപ്യന്‍ വിപണികള്‍ 0.7 ശതമാനം നേട്ടത്തോടെയാണ് ഇടപാടുകള്‍ നടത്തിയത്. പതിവുപോലെ അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആഗോള ഓഹരികളുടെ കുതിപ്പിന് കാരണമാകുന്നുണ്ട്. വിനിമയ നിരക്ക് പരിശോധിച്ചാല്‍ ഡോളറിനെതിരെ 72.92 എന്ന കണക്കിനാണ് ഇന്ത്യന്‍ രൂപ ഇടപാടുകള്‍ നടത്തിയത്. രാവിലെ 72.97 എന്ന നിലയ്ക്കാണ് രൂപ ഡോളറിനെതിരെ വിനിമയം തുടങ്ങിയത്. ചൊവാഴ്ച്ച 72.96 എന്ന ചിത്രത്തിലാണ് രൂപ ക്ലോസ് ചെയ്തതും.
സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് ബുധനാഴ്ച്ച കാര്യമായി നേട്ടം കൊയ്തത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 9.3 ശതമാനം വരെ കുതിച്ചു (1,066 രൂപ). ഡോ റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്സ്, സിപ്ല ഓഹരികളുടെ കുതിപ്പ് മുന്‍നിര്‍ത്തി ഫാര്‍മ സൂചിക ബുധനാഴ്ച്ച 3 ശതമാനത്തിലേറെ നേട്ടം കയ്യടക്കിയിട്ടുണ്ട്. 4 മുതല്‍ 5 ശതമാനം വരെ നേട്ടം മേല്‍പ്പറഞ്ഞ കമ്പനികളുടെ ഓഹരികള്‍ കുറിച്ചു.
2 മുതല്‍ 3 ശതമാനം വരെ മുന്നേറിയ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കമ്പനികളുടെ ഓഹരികളുടെ പശ്ചാത്തലത്തിലാണ് ലോഹ സൂചിക ഉണര്‍ന്നത്. ബിഎസ്ഇയില്‍ നഷ്ടം കുറിച്ചവരുടെ പട്ടിക പരിശോധിച്ചാല്‍ ശ്രീ സിമന്റ്സ്, മാരുതി സുസുക്കി, നെസ്ലെ കമ്പനികളെ മുകളില്‍ കാണാം. ഇവര്‍ 0.3 ശതമാനം മുതല്‍ 1.5 ശതമാനം വരെ പിന്നില്‍പ്പോയി.
റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കരാര്‍ ദില്ലി കോടതി തടഞ്ഞതോടെ ഫ്യൂച്ചര്‍ റീടെയില്‍ ഓഹരികള്‍ 5 ശതമാനത്തോളം വീഴുന്നതിനും വിപണി സാക്ഷിയായി. നിലവില്‍ ഫ്യൂച്ചര്‍ റീടെയില്‍ ഓഹരിയൊന്നിന് 78 രൂപയാണ് വില. ഇതേസമയം, രാവിലത്തെ ഇടര്‍ച്ചയില്‍ നിന്നും റിലയന്‍സ് ഓഹരികള്‍ തിരിച്ചുവരാന്‍ കഴിഞ്ഞു. 0.6 ശതമാനം നേട്ടത്തില്‍ 1,938 രൂപ എന്ന നിലയിലാണ് റിലയന്‍സ് വ്യാപാരം പൂര്‍ത്തിയാക്കിയത്.