മുംബൈ: ബുധനാഴ്ച്ച നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. രാവിലെ സെന്‍സെക്സ് 400 പോയിന്റ് വര്‍ധിച്ച് 50,700 എന്ന നില രേഖപ്പെടുത്തി (0.80 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി സൂചിക 132 പോയിന്റ് ചാടി 15,050.70 എന്ന നിലയിലും ചുവടുറപ്പിച്ചു (0.88 ശതമാനം നേട്ടം). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന്, ആക്സിസ് ബാങ്ക്, ഓഎന്‍ജിസി ഓഹരികളാണ് ഇന്ന് വലിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചത്.
ഇതേസമയം ഓട്ടോ, ഐടി ഓഹരികള്‍ക്ക് കാലിടറി. ബജാജ് ഓട്ടോയാണ് നഷ്ടം നേരിടുന്നവരില്‍ മുന്നില്‍. മാരുതി സുസുക്കി, എച്ച്സിഎല്‍ ടെക്നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ്, ടെക്ക് മഹീന്ദ്ര ഓഹരികളും നഷ്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നു.
വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാര്‍മ ഒഴികെ മറ്റെല്ലാം രാവിലെ മുന്നേറുകയാണ്. നിഫ്റ്റി ലോഹ സൂചിക 2.5 ശതമാനത്തോളം നേട്ടം കൊയ്യുന്നു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക റെക്കോര്‍ഡ് ഉയരത്തിലാണ് ബുധനാഴ്ച്ച വ്യാപാരം നടത്തുന്നത്. 24,384.35 എന്ന നിലയില്‍ സൂചിക തുടരുന്നു. നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികയും ഭേദപ്പെട്ട ചിത്രം വെളിപ്പെടുത്തുന്നുണ്ട്. 1 ശതമാനത്തോളം കുതിപ്പ് മുന്‍നിര്‍ത്തി കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്മോള്‍ക്യാപ് സൂചികയുടെ പ്രയാണം (8,423.40 പോയിന്റ്).
അടുത്ത മൂന്നു മുതല്‍ അഞ്ചാഴ്ച്ച കൊണ്ട് 12,000 കോടി രൂപയുടെ ഐപിഓകളാണ് വിപണിയില്‍ നടക്കാനിരിക്കുന്നത്. ഈസി ട്രിപ്പ് പ്ലാനേഴ്സ് (510 കോടി രൂപ), കല്യാണ്‍ ജ്വല്ലേഴ്സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്സ് (800 കോടി രൂപ), ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (150 കോടി രൂപ), അനുപം റസായന് (760 കോടി രൂപ), സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികള്‍ വൈകാതെ പൊതു വിപണിയില്‍ ധനസമാഹരണത്തിന് ഇറങ്ങും.