മുംബൈ: വ്യാഴാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ഉണര്‍ന്നു. ആഗോള വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് ബിഎസ്ഇ സെന്‍സെക്സ് സൂചിക 500 പോയിന്റിലേറെ വര്‍ധിച്ചാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. 30 ഓഹരികളടങ്ങിയ സെന്‍സെക്സ് 535 പോയിന്റ് നേട്ടത്തില്‍ 51,316 നിലയിലേക്ക് ഉയരുന്നത് വിപണി തുടക്കത്തിലെ കണ്ടു (1.05 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 159 പോയിന്റ് വര്‍ധിച്ച് 15,140 എന്ന നിലയിലും ചുവടുവെച്ചു (1.06 ശതമാനം നേട്ടം).
ആക്സിസ് ബാങ്ക്, ഓഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരികളാണ് രാവിലെ മുന്നേറുന്നത്. 3.27 ശതമാനം വരെ ഉയര്‍ച്ച ഈ ഓഹരികള്‍ രേഖപ്പെടുത്തുന്നുണ്ട്. വലിയ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളെ കാണാം. 0.62 ശതമാനം വരെ തകര്‍ച്ച ഈ ഓഹരികള്‍ കുറിക്കുന്നു. ഇന്നലെ സെന്‍സെക്സ് 1,030 പോയിന്റും നിഫ്റ്റി 270 പോയിന്റും നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സംഭവിച്ച സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വൈകീട്ട് 5 മണി വരെ ഓഹരി വിപണി ബുധനാഴ്ച്ച പ്രവര്‍ത്തിച്ചിരുന്നു. ഇതേസമയം, എന്‍എസ്ഇയിലെ തകരാറ് വിശാല വിപണികളെ കാര്യമായി ബാധിച്ചില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതാണ് ഇതിന് കാരണം. വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇയില്‍ പേരു ചേര്‍ത്ത കമ്പനികളുടെ സംയോജിത വിപണി മൂല്യം 2.60 ലക്ഷം കോടി രൂപയില്‍ നിന്നും 2.03 ലക്ഷം കോടി രൂപയായി. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഇനി സ്വകാര്യ ബാങ്കുകള്‍ വഴിയും നടത്താമെന്ന ധനമന്ത്രാലയത്തിന്റെ പ്രസ്താവന സ്വകാര്യ ബാങ്ക് ഓഹരികള്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകരുന്നത്.