വ്യാഴാഴ്ച്ച ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 589 പോയിന്റ് ഇടറി 46,821 -ല്‍ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം ഇതാദ്യമായാണ് സെന്‍സെക്സ് 47,000 പോയിന്റിന് താഴെ വ്യാപാരം ആരംഭിക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 13,800 പോയിന്റ് നിലവാരത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു.
സെന്‍സെക്സില്‍ 30 കമ്പനികളില്‍ നാലെണ്ണം മാത്രമേ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളൂ. ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ കയറിക്കൂടി. സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ഓഹരികളാണ് കാര്യമായ നഷ്ടം വ്യാഴാഴ്ച്ച ഏറ്റുവാങ്ങുന്നത്.
രാജ്യാന്തര കമ്പോളത്തിലും ഇടിവ് ദൃശ്യമാണ്. സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) 1 ശതമാനത്തിലേറെ തകര്‍ച്ചയോടെ 13,843 പോയിന്റാണ് രാവിലെ രേഖപ്പെടുത്തിയത്. ഏഷ്യന്‍ ഓഹരികളുടെ ചിത്രവും വ്യത്യസ്തമല്ല. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ വിശാല എംഎസ്സിഐ സൂചിക 1.2 ശതമാനം തകര്‍ച്ച കണ്ടു. ജനുവരിയില്‍ 6 ശതമാനത്തോളം നേട്ടം കയ്യടക്കിയതിന് ശേഷമാണ് സൂചികയുടെ ഇപ്പോഴത്തെ വീഴ്ച്ച.
ജപ്പാന്റെ നിക്കെയ് സൂചിക 1.3 ശതമാനം നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. കഴിഞ്ഞവര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ഇടിവാണിത്. ചൈനീസ് ഓഹരികള്‍ 1.5 ശതമാനവും ദക്ഷിണ കൊറിയന്‍ ഓഹരികള്‍ 0.9 ശതമാനവും തകര്‍ച്ച കുറിച്ചിട്ടുണ്ട്. ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം സാംസങ് പുറത്തുവിട്ട സാഹചര്യത്തിലാണ് ദക്ഷിണ കൊറിയന്‍ സൂചിക പതറിയത്.
മുന്‍നിര ടെക്ക് കമ്പനികളുടെ പ്രകടനവും ഇടര്‍ച്ചയില്‍ത്തന്നെ. പ്രതീക്ഷിച്ചതിലേറെ വരുമാനം നേടിയിട്ടും ഫെയ്സ്ബുക്ക് ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ പാദത്തില്‍ ആപ്പിളും വലിയ സമ്പാദ്യം കുറിച്ചിട്ടും വാള്‍സ്ട്രീറ്റ് സൂചികയില്‍ കമ്പനിയുടെ ഓഹരികള്‍ 3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും വലിയ ഏകദിന വീഴ്ച്ചയാണ് ബുധനാഴ്ച്ച വാള്‍സ്ട്രീറ്റില്‍ സംഭവിച്ചത്. ഡൗ ജോണ്‍സ് വ്യവസായ ശരാശരി സൂചിക 2.05 ശതമാനം ഇടിഞ്ഞ് 30,303.17 പോയിന്റ് രേഖപ്പെടുത്തി. എസ് ആന്‍ഡ് പി 500 സൂചിക 2.57 ശതമാനം തകര്‍ച്ചയില്‍ 3,750.77 പോയിന്റും നാസ്ഡാക്ക് കോമ്പോസൈറ്റ് സൂചിക 2.61 ശതമാനം ഇടിവില്‍ 13,270.60 പോയിന്റും കുറിച്ചു.