വിപണി തകരുമ്പോഴും അപ്പര്‍ സര്‍ക്യൂട്ട് തൊട്ട് ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക്; 1 വര്‍ഷം കൊണ്ട് 1,300% നേട്ടം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് ഭീതിയില്‍ സമ്പദ്ഘടന വീണുടഞ്ഞെങ്കിലും കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് മികവാര്‍ന്ന ലാഭമാണ് ഓഹരി വിപണി സമ്മാനിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ തൊട്ടുള്ള കണക്കെടുത്താല്‍ നിഫ്റ്റിയില്‍ 29 ശതമാനം ഉയര്‍ച്ച കാണാം. മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് സൂചികകളാകട്ടെ 45 ശതമാനവും 63 ശതമാനവും വീതം നേട്ടം തിരിച്ചുനല്‍കി. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് നിരവധി സ്‌റ്റോക്കുകളാണ് 'മള്‍ട്ടിബാഗര്‍'മാരായത്. മിഡ്കാപ്പ് രംഗത്തുനിന്നും നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് ലാഭം ഉറപ്പുവരുത്തിയ ഇത്തരമൊരു ഓഹരിയാണ് ടാറ്റ ടെലിസര്‍വീസസ്.

 

അപ്പർ സർക്യൂട്ട്

കഴിഞ്ഞ പതിറ്റാണ്ടു മുഴുവന്‍ പെന്നി സ്റ്റോക്കായി കിടന്ന ടാറ്റ ടെലിസര്‍വീസസിലേക്കാണ് നിക്ഷേപക സമൂഹം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സംഭവമെന്തന്നല്ലേ? വിപണി തകര്‍ന്നടിയുമ്പോഴും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ ടാറ്റ ഗ്രൂപ്പ് സ്‌റ്റോക്ക്.

ചൊവാഴ്ച്ച നിഫ്റ്റി 17,000 പോയിന്റിന് താഴേക്ക് നിലംപതിച്ചെങ്കിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടുകൊണ്ടാണ് ടാറ്റ ടെലിസര്‍വീസസ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2020 നവംബറില്‍ 7 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ ഇപ്പോള്‍ ടാറ്റ ടെലിസര്‍വീസസ് ഇടപാടുകള്‍ നടത്തുന്നതാകട്ടെ — 112 രൂപയിലും!

കുതിപ്പിന് കാരണം

കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 1,344 ശതമാനത്തിലേറെ ഉയര്‍ച്ചയാണ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 113 ശതമാനം നേട്ടം കയ്യടക്കാന്‍ ടാറ്റ ടെലിസര്‍വീസസിന് കഴിഞ്ഞു.

എന്താണ് ടാറ്റ ടെലിസര്‍വീസസിന്റെ കുതിപ്പിന് കാരണം? ഇക്കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ട്. 2021 മെയില്‍ ഒരു വാര്‍ത്ത വരികയുണ്ടായി - ടാറ്റ ടെലിസര്‍വീസസിനെ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ആയി ടാറ്റ സണ്‍സ് പുനഃരവതരിപ്പിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമാക്കിയുള്ള ബിസിനസ് മോഡലാണ് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് അവലംബിക്കുക.

ചുവടുമാറ്റം

അന്നുതൊട്ട് ശക്തമായ വാങ്ങലിനാണ് ടാറ്റ ടെലിസര്‍വീസസ് സാക്ഷിയാവുന്നത്. അടിമുടി മാറിയെത്തുന്ന ടാറ്റ ടെലിസര്‍വീസസ് അനുബന്ധ കമ്പനിയായ ടാറ്റ ഇലക്ട്രോണിക്‌സിനെയും പിന്തുണയ്ക്കുമെന്നാണ് വിവരം. ഇതുവഴി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സെഗ്മന്റില്‍ ചുവടുറപ്പിക്കാന്‍ ടാറ്റ ഇലക്ട്രോണിക്‌സിന് സാധിക്കും. നിലവില്‍ ടാറ്റയുടെ വിവിധ ഉപഭോക്തൃ സേവനങ്ങള്‍ ഒരിടത്ത് കൊണ്ടുവരുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം 'സൂപ്പര്‍ആപ്പിന്റെ' പണിപ്പുരയിലാണ് ടാറ്റ ഇലക്ട്രോണിക്‌സ്.

Also Read: ലിസ്റ്റിങ്ങില്‍ നിരാശപ്പെടുത്തി; പക്ഷേ ഇനി കുതിക്കും; 70% നേട്ടം ലഭിക്കാം

ജിയോയുമായി യുദ്ധം

പറഞ്ഞുവരുമ്പോള്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ കച്ചവടം പൂട്ടിപ്പോയ കമ്പനികളില്‍ ഒന്നാണ് ടാറ്റ ടെലിസര്‍വീസസ്. ജിയോയുമായുള്ള നിരക്ക് 'യുദ്ധത്തില്‍' പിടിച്ചുനില്‍ക്കാന്‍ ടാറ്റ ടെലിസര്‍വീസസിന്റെ ഡോക്കോമോയ്ക്ക് സാധിക്കാതെ പോയി.

നഷ്ടങ്ങളും ബാധ്യതകളും കുമിഞ്ഞുകൂടിയതോടെ 2017 ഓഗസ്റ്റില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഡിവിഷന്‍ പൂര്‍ണമായി നിര്‍ത്താന്‍ ടാറ്റ ടെലിസര്‍വീസസ് തീരുമാനിച്ചു. തുടര്‍ന്ന് കണ്‍സ്യൂമര്‍ മൊബൈല്‍ ബിസിനസ് ഭാരതി എയര്‍ടെലിന് ടാറ്റ കൈമാറി. 2020 -ല്‍ ടാറ്റ ടെലിസര്‍വീസസിലെ 286 ബില്യണ്‍ രൂപയുടെ നിക്ഷേപം ടാറ്റ സണ്‍സിന് എഴുതിത്തള്ളേതായും വന്നു.

തിരിച്ചുവരവ്

തിരിച്ചുവരവ്

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സെഗ്മന്റില്‍ കണ്ണുവെച്ചാണ് ടാറ്റ ടെലിസര്‍വീസസിന്റെ രണ്ടാം വരവ്. 'സ്മാര്‍ട്ട്ഫ്‌ളോ' എന്ന പുതിയ ഉത്പന്നം കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. ക്ലൗഡ് ടെക്‌നോളജി അധിഷ്ഠിത കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് സ്മാര്‍ട്ട്ഫ്‌ളോ. ഒക്ടോബറില്‍ 'സ്മാര്‍ട്ട് ഇന്റര്‍നെറ്റും' കമ്പനി പ്രഖ്യാപിച്ചു. ക്ലൗഡ് അധിഷ്ഠിത സുരക്ഷയുള്ള ചെലവു കുറഞ്ഞ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളാണ് സ്മാര്‍ട്ട് ഇന്റര്‍നെറ്റിലൂടെ ടാറ്റ ടെലിസര്‍വീസസ് വാഗ്ദാനം ചെയ്യുന്നത്.

Also Read: ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്

5ജി രംഗം

5ജി രംഗത്തും ബിസിനസ് വളര്‍ത്താനുള്ള പദ്ധതി കമ്പനിക്കുണ്ട്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും 5ജി സേവനങ്ങള്‍ നല്‍കി ഈ മേഖലയില്‍ വേരുറപ്പിക്കാനാണ് ടാറ്റ ടെലിസര്‍വീസസിന്റെ ആലോചന. 2020 ജൂലായില്‍ ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ തേജസ് നെറ്റ്‌വര്‍ക്ക്‌സിനെ ടാറ്റ സണ്‍സ് ഏറ്റെടുത്തിരുന്നു. അതുകൊണ്ട് 5ജി രംഗത്ത് സാന്നിധ്യമറിയിക്കാന്‍ ടാറ്റ ടെലിസര്‍വീസസിന് വലിയ തടസ്സങ്ങളില്ല.

ടെലികോം വിപണിയിലെ മത്സരം കണക്കിലെടുത്ത് കരാര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടാനും ടാറ്റ കമ്മ്യൂണിക്കേഷന്‍സും ടാറ്റ ടെലിസര്‍വീസസും സംയുക്തമായി ശ്രമിക്കുന്നുണ്ട്.

പ്രമോട്ടര്‍മാരുടെ പങ്കാളിത്തം

പ്രമോട്ടര്‍മാരുടെ പങ്കാളിത്തം

സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ക്ക് ടാറ്റ ടെലിസര്‍വീസസില്‍ 74.36 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ ടാറ്റ ടെലിസര്‍വീസസ് 48.3 ശതമാനവും ടാറ്റ സണ്‍സ് 19.58 ശതമാനവും ടാറ്റ പവര്‍ 6.48 ശതമാനവുമാണ് പങ്കാളിത്തം കുറിക്കുന്നത്. ടാറ്റ ടെലിസര്‍വീസസിന്റെ 23.22 ശതമാനം ഓഹരികളാണ് വ്യക്തിഗത നിക്ഷേപകരുടെ പക്കലുള്ളത്.

Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

സാമ്പത്തിക ഫലങ്ങൾ

പറഞ്ഞുവരുമ്പോള്‍ തിളക്കമാര്‍ന്ന സാമ്പത്തിക കണക്കുകള്‍ ടാറ്റ ടെലിസര്‍വീസസ് അവകാശപ്പെടുന്നില്ല. 2009 -ന് ശേഷം രണ്ടു ത്രൈമാസപാദങ്ങളില്‍ ഒഴികെ എല്ലാ തവണയും നഷ്ടം മാത്രമേ കമ്പനി രേഖപ്പെടുത്തിയിട്ടുള്ളൂ. അതായത് 49 പാദങ്ങളില്‍ 47 തവണയും കമ്പനി നഷ്ടം നേരിട്ടു.

2019 മാര്‍ച്ചിലും 2016 ജൂണിലും മാത്രമാണ് പതിവിന് വിപരീതമായി ടാറ്റ ടെലിസര്‍വീസസ് ലാഭം കണ്ടെത്തിയത്. ഇതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ (ഏപ്രില്‍ - സെപ്തംബര്‍) 14.3 ബില്യണ്‍ രൂപയില്‍ നിന്നും 6.3 ബില്യണ്‍ രൂപയായി നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2021 സെപ്തംബര്‍ 30 വരെയുള്ള കണക്കുപ്രകാരം ടാറ്റ ടെലിസര്‍വീസസിന്റെ മൊത്തം ബാധ്യതകള്‍ ആസ്തികളെക്കാള്‍ കൂടുതലാണ്.

പണലഭ്യത

എന്തായാലും മുന്നോട്ടുള്ള നാളുകളില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനിയുള്ളത്. ബാലന്‍സ് ഷീറ്റ് തീയതി തൊട്ട് 12 മാസം വരെ പണലഭ്യതയില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രമോട്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്ന പുതിയ അവതാരത്തിലാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും.

Also Read: ഡിസംബറില്‍ 17% വരെ ലാഭം തരാന്‍ സാധ്യതയുള്ള 5 ഓഹരികള്‍; വിപണി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു

ഓഹരി വില

ഓഹരി വില

ചൊവാഴ്ച്ച 110 രൂപയില്‍ വ്യാപാരം തുടങ്ങിയ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് രാവിലെ 9:20 -നുതന്നെ അപ്പര്‍ സര്‍ക്യൂട്ട് തൊടുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.48 ശതമാനവും ഒരു മാസത്തിനിടെ 103.89 ശതമാനവും നേട്ടമാണ് സ്റ്റോക്ക് കുറിക്കുന്നത്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 588.38 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ ടാറ്റ ടെലിസര്‍വീസസിന് കഴിഞ്ഞു. ജൂണ്‍ ഒന്നിന് 16.35 രൂപയായിരുന്നു ഓഹരി വില.

ഈ വര്‍ഷം ഇതുവരെയുള്ള ചിത്രത്തിലും സ്‌റ്റോക്ക് 1,333.76 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 112.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 6.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ ടെലിസര്‍വീസസ് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Tata Teleservices Hit Upper Circuit Despite Market Fall; Reason Why This Tata Group Stock Surges

Tata Teleservices Hit Upper Circuit Despite Market Fall; Reason Why This Tata Group Stock Surges. Read in Malayalam.
Story first published: Tuesday, November 30, 2021, 20:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X