ഓയിൽ-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും ഡി മാർട്ട് സ്റ്റോറുകൾ നടത്തുന്ന അവന്യൂ സൂപ്പർമാർട്ടിന്റെ സ്ഥാപകനായ രാധാകിഷൻ ദമാനിയും മാത്രമാണ് ഇത്തവണ ഫോബ്സ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാർ. മുകേഷ് അംബാനിയ്ക്ക് പട്ടികയിൽ 17-ാം സ്ഥാനവും രാധാകിഷൻ ദമാനിയ്ക്ക് 65-ാം റാങ്കുമാണുള്ളത്.

മുകേഷ് അംബാനി
ഏറ്റവും പുതിയ ഫോബ്സ് ലോക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 44.3 ബില്യൺ ഡോളറാണ്. ഇത് അദ്ദേഹത്തെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാക്കി. തന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഡി-മാർട്ടിന്റെ ഐപിഒ 2017 മാർച്ചിൽ നടത്തിയതിന് ശേഷം ഇന്ത്യയുടെ റീട്ടെയിൽ രാജാവായി അറിയപ്പെടുന്ന രാധാകിഷൻ ദമാനി ഫോബ്സിന്റെ 34-ാമത് വാർഷിക പട്ടികയിൽ 16.6 ബില്യൺ ഡോളർ ആസ്തിയോടെ 65-ാം സ്ഥാനത്താണ്.

രാധാകിഷൻ ദമാനി
2002 ൽ സബർബൻ മുംബൈയിൽ ഒരു സ്റ്റോർ ആരംഭിച്ചാണ് ദമാനി തന്റെ ബിസിനസ്സ് ആരംഭിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ വളർച്ചയെ ആർക്കും തടയാനാവില്ല. അദ്ദേഹത്തിന്റെ ആസ്തിയിൽ അലിബാഗിലെ 156 മുറികളുള്ള റാഡിസൺ ബ്ലൂ റിസോർട്ടും മുംബൈക്ക് സമീപമുള്ള പ്രശസ്തമായ ബീച്ച് ഫ്രണ്ട് ഗെറ്റ്വേയും ഉൾപ്പെടുന്നു. ഉൽപ്പന്നങ്ങളിലുടനീളം മികച്ച ചില്ലറ വിൽപന വാഗ്ദാനം ചെയ്യുന്ന ദമാനിയുടെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡി-മാർട്ട്, 21 ദിവസത്തെ ലോക്ക്ഡൌൺ സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആളുകൾ ഗാർഹിക വസ്തുക്കൾ വാങ്ങാൻ തിരക്കുകൂട്ടിയതോടെ നേട്ടമുണ്ടാക്കി.

ഓഹരി വില ഉയർന്നു
അദ്ദേഹത്തിന്റെ മൊത്തം ആസ്തിയുടെ പ്രധാന ഭാഗമായ അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 30 ശതമാനത്തിലധികം ഉയർന്നു. സെൻസെക്സും നിഫ്റ്റിയും 25 ശതമാനം വീതം കുറഞ്ഞുവരുന്ന സമയത്താണ് അവന്യൂ സൂപ്പർമാർട്ട് ഷെയറുകളുടെ വില കുത്തനെ ഉയർന്നത്.

ശിവ് നടാർ
പട്ടികയിൽ 114-ാം സ്ഥാനത്താണ് എച്ച്.സി.എൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നടാർ, ഇദ്ദേഹത്തിന്റെ ആസ്തി 12.4 ബില്യൺ ഡോളറാണ്. എന്നാൽ ഇന്ത്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരിലൊരാളായ നടാർ തന്റെ ശിവനടാർ ഫൌണ്ടേഷന് 662 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. 12.2 ബില്യൺ ഡോളർ ആസ്തിയുള്ള ഹിന്ദുജ സഹോദരന്മാർ 116-ാം സ്ഥാനത്താണ്. 138-ാം സ്ഥാനത്തുള്ള ഉദയ് കൊട്ടക്കിന്റെ മൂല്യം 10.7 ബില്യൺ ഡോളറാണ്. ഐഎൻജി ബാങ്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ 2014 ൽ ഏറ്റെടുത്തതിലൂടെ കൊട്ടക് മഹീന്ദ്ര ബാങ്ക് ഇപ്പോൾ സ്വകാര്യമേഖലയിലെ മികച്ച നാല് ബാങ്കുകളിൽ ഒന്നാണ്.

സുനിൽ മിത്തൽ
9.5 ബില്യൺ ഡോളർ ആസ്തിയുള്ള ടെലികോം വ്യവസായി സുനിൽ മിത്തൽ 154-ാം സ്ഥാനത്താണ്. 418 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഓപ്പറേറ്റർമാരിൽ ഒരാളാണ് ഭാരതി എയർടെൽ. സിറസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സിറസ് പൂനവല്ല 9.2 ബില്യൺ ഡോളർ ആസ്തിയുമായി 161-ാം സ്ഥാനത്ത് ഉണ്ട്, 9.2 ബില്യൺ ഡോളർ ആസ്തിയുള്ള ഗൌതം അദാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യൻ കോടീശ്വരന്മാർ