രാജ്യത്തെ സാധാരണ നിലയിലേക്ക് മടക്കാനുള്ള സർക്കാരിന്റെ ശക്തമായ ഉദ്ദേശ്യത്തെ സൂചിപ്പിച്ച്, ഇന്ന് ആരംഭിക്കുന്ന റെയിൽവേ സേവനങ്ങൾ പൂർണ്ണ ശേഷിയിലായിരിക്കും സർവ്വീസ് നടത്തുക. അതേസമയം യാത്രക്കാർക്ക് സാമൂഹിക അകലം പാലിക്കാനും സംസ്ഥാനങ്ങൾക്ക് ട്രെയിൻ യാത്ര കഴിഞ്ഞെത്തുന്നവർക്കായി പ്രത്യേക പ്രോട്ടോക്കോളുകൾ തീരുമാനിക്കാവുന്നതുമാണ്. തിങ്കളാഴ്ച ബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ ഹൌറ-ന്യൂഡൽഹി ട്രെയിനുകൾ പൂർണമായും വിറ്റുപോയി. അടുത്ത അഞ്ച് ദിവസത്തേക്ക് ട്രെയിൻ ടിക്കറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്തു.
സ്പെഷ്യൽ സർവ്വീസിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ; ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക ട്രെയിനുകൾ

ബുക്കിംഗ്
മുംബൈ-ന്യൂഡൽഹി റൂട്ടിലെ സ്ഥിതിയും ഇതുതന്നെ. രാത്രി 9.15 ആയപ്പോഴേക്കും 30,000 പിഎൻആറുകൾ സൃഷ്ടിക്കുകയും 54,000 യാത്രക്കാർക്ക് റിസർവേഷൻ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ട് മണിക്കൂർ നിർത്തിവയ്ക്കേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിംഗിനിടെ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നതിൽ പല സംസ്ഥാനങ്ങളും ആശങ്ക പ്രകടിപ്പിച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു.

കേരളത്തിലേയ്ക്കുള്ള ട്രെയിൻ
ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് 13 മുതൽ രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ തീവണ്ടികൾ ഉണ്ടാകും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ പകൽ 11.25ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ 5.25-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തും. ഫസ്റ്റ് ക്ലാസ് -1, എ.സി ടു ടയർ -5, ത്രീടയർ -11 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാകുക. കോട്ട, വഡോദര, പനവേൽ, മഡ്ഗൗൺ, മംഗലാപുരം, കോഴിക്കോട്, എറണാകുളം എന്നിവയണ് സ്റ്റോപ്പുകൾ. തിരുവനന്തപുരത്ത് നിന്ന് 15 മുതൽ രാത്രി 7.45ന് ന്യൂഡൽഹിയിലേക്കും രാജധാനി തീവണ്ടികൾ ഓടി തുടങ്ങും. മൂന്നാം ദിവസം പകൽ 12.40ന് ന്യൂഡൽഹിയിൽ എത്തും.
കൊറോണ ലോക്ക്ഡൗൺ: സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ആരംഭിച്ചു

ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞയാഴ്ച ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിനുകളുടെ പരമാവധി ശേഷി 1,200 സീറ്റുകളായിരുന്നു. എന്നാൽ ഇന്ന് മുതൽ സാധാരണ നിലയിൽ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നതോടെ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളുടെ ശേഷിയും ഇപ്പോൾ പൂർണമായും 1,600 ആയി ഉയർത്തി.

നിർദ്ദേശങ്ങൾ
- 51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓടുന്ന ട്രെയിനുകളിലെ യാത്രക്കാർ യാത്രവേളയിലേയ്ക്ക് സ്വന്തമായി ഭക്ഷണവും പുതപ്പും കൊണ്ടുവരേണ്ടതാണ്.
- ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തിച്ചേരുകയും മാസ്കുകൾ ധരിക്കുകയും ചെയ്യണം.
- യാത്രക്കാരുടെ ഫോണുകളിൽ ആരോജ്യ സേതു ആപ്ലിക്കേഷൻ ഉണ്ടായിരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ട്.
- യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ഹാൻഡ് സാനിറ്റൈസറുകൾ നൽകും.
- തെർമൽ സ്ക്രീനിംഗ് നടത്തി മാത്രമേ ആളുകളെ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ അനുവദിക്കൂ.
ട്രെയിൻ സർവ്വീസുകൾ മെയ് 3 വരെ ഇല്ലെന്ന് റെയിൽവേ

സ്പെഷ്യൽ രാജധാനി
പ്രീമിയം നിരക്കുകളും വേഗതയും ഉള്ള 15 ട്രെയിനുകളെ സ്പെഷ്യൽ രാജധാനി ട്രെയിനുകളായാണ് കണക്കാക്കുന്നത്. ബജറ്റ് എയർലൈനുകളിലെന്നപോലെ പണം നൽകിയാൽ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ബിസ്കറ്റ്, വാട്ടർ ബോട്ടിലുകൾ എന്നിവ ലഭ്യമാകും. അതിനാൽ ഭക്ഷ്യ നിരക്ക് ടിക്കറ്റ് ചാർജിൽ ഈടാക്കില്ല. ലോക്ക്ഡൌൺ കാരണം സ്റ്റേഷനുകളിലെ കടകളും മറ്റും അടച്ചിടുമെന്നതിനാൽ യാത്രക്കാർ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ നിർദ്ദേശിക്കുന്നതായും അധികൃതർ അറിയിച്ചു.