നിരവധി കമ്പനികളാണ് ഡിസംബര്‍ മാസത്തില്‍ ഓഹരി വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓഹരി വിഭജനം എന്താണെന്നും അത് ഓഹരിയുടമകള്‍ക്ക് പ്രയോജനകരമാണോയെന്നും ഏതൊക്കെ കമ്പനികളാണ് ഈ മാസം ഓഹരി വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്നുമൊക്കെ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഓഹരി വിഭജനം?
ഓഹരി വിഭജനം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ പക്കല്‍ 10 രൂപ മുഖവിലയുളള 100 ഓഹരികള്‍ ഉണ്ടെന്ന് കരുതുക. ഇതിന്റെ മാര്‍ക്കറ്റ് വില 100 രൂപയാണെന്നും വിചാരിക്കുക. എങ്കില്‍ നിലവിലെ ആകെ മൂല്യം 10,000 രൂപയാണല്ലോ. ഇനി ഈ ഓഹരി 1:10 അനുപാതത്തില്‍ വിഭജിച്ചാല്‍ നിങ്ങളുടെ പക്കലുള്ള ഓഹരികളുടെ എണ്ണം 1,000 ആകും. അതിനോടൊപ്പം ഒരു ഓഹരിയുടെ വില 10 ആയി കുറയുകയും ചെയ്യും. അതായത്, ഒരു രൂപ മുഖവിലയ്ക്ക് 10 രൂപ മാര്‍ക്കറ്റ് വിലയുള്ള 1,000 ഓഹരികള്‍ ഇനി മുതല്‍ കയ്യിലുണ്ടാകുമെന്ന് ചുരുക്കം. ഫലത്തില്‍ നിങ്ങളുടെ കയ്യിലുള്ള ആകെ ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് മനസിലാക്കാം.
Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?

കൂടുതല്‍ ഡിവിഡന്റ്?
കൈവശമുള്ള ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ കൂടുന്നതുകൊണ്ട് പിന്നീട് ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) മെച്ചം കിട്ടുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം അതാത് കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനംമൂലം മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയുമില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalization) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
Also Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

ഓഹരി വിഭജനത്തിന് പിന്നില്‍
ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ (Liquidity) സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ (Retail Investors) പലരും വലിയ വിലകൊടുത്ത് കമ്പനിയുടെ ഓഹരികള്‍ വാങ്ങിയെന്ന് വരില്ല. വിപണിയില്‍ ലഭ്യമായ താരതമ്യേന മികച്ച അടിസ്ഥാനമുള്ള വില കുറവുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം.
Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

നിക്ഷേപകര്‍ക്ക് ഗുണമുണ്ടോ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകടി നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെക്കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം.

ടിടികെ പ്രസ്റ്റീജ്
വീട്ടുപകരണങ്ങളുടെ വിപണിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കമ്പനിയാണിത്. പ്രസ്റ്റീജ് എന്ന ബ്രാന്‍ഡ് നാമത്തിലുള്ള അടുക്കള ഉപകരണങ്ങള്‍ സുപരിചിതമാണ്. ഓഹരിയുടെ മുഖവില 10-ല്‍ നിന്നും 1 രൂപയാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. എക്സ്-സ്പ്ലിറ്റ് ഡേറ്റ് ഡിസംബര്‍ 14-നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടിടികെ പ്രസ്റ്റീജിന്റെ (BSE: 517506, NSE: TTKPRESTIG) ഓഹരികളുടെ വില 76 ശതമാനത്തിലധികം വര്‍ധിച്ചു. നിലവില്‍ 10,480 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?

ക്വാണ്ടം ഗോള്‍ഡ് ഫണ്ട്- ഇടിഫ്
അസറ്റ് മാനേജ്മെന്റ് കമ്പനിയായ ക്വാണ്ടം മ്യൂച്ചല്‍ ഫണ്ടിന്റെ ഗോള്‍ഡ് ഇടിഫ് (Gold ETF), 100 രൂപ മുഖവിലയായിരുന്നത് ഒരു രൂപയാക്കി മാറ്റുമെന്ന് അറിയിച്ചു. എക്സ് സ്പ്ലിറ്റ് ഡേറ്റ് ഡിസംബര്‍ 16-നാണ്. നിലവില്‍ 2,067 രൂപ നിലവാരത്തിലാണ് യൂണിറ്റുകള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും ഗോള്‍ഡ് ഇടിഎഫിന്റെ വിലയേയും സ്വാധീനിക്കുന്നത്. 2008-ലാണ് ഈ ഗോല്‍ഡ് ഇടിഎഫ് പുറത്തിറങ്ങിയത്.

ഈറം ഫാര്‍മസ്യൂട്ടിക്കല്‍സ്
ആന്റി- ബയോട്ടിക്കുകള്‍, ജലദോഷത്തിനും നീരുവീക്കത്തിനും അലര്‍ജിക്കെതിരായ മരുന്നുകള്‍ ഉള്‍പ്പെടെ വിവിധങ്ങളായ മരുന്നുകളുടെ വ്യപാരവും വിതരണവുമാണ് സ്മോള്‍ കാപ്പ് കമ്പനിയായ ഈറം ഫാര്‍മസ് (BSE: 542724) ചെയ്യുന്നത്. ഡിസംബര്‍ 18-നാണ് ഓഹരികള്‍ വിഭജിക്കുന്നതിനുള്ള റെക്കോഡ് ഡേറ്റും എക്സ്-സ്പ്ലിറ്റ് ഡേറ്റ് ആയി ഡ്രിസംബര് 16-മാണ് പഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 62 രൂപയിലാ്ണ് വ്യപാരം ചെയ്യപ്പെടുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപ മുഖവിലയുള്ളതായി വിഭജിക്കും.

ഹിന്ദുസ്ഥാന്‍ എവറസ്റ്റ് ടൂള്‍സ്
എന്‍ജിനിയറിങ് മേഖലയില്‍ ആവശ്യമായ കൈകൊണ്ട് ഉപയോഗിക്കാവുന്ന (Hand Tools) ഗുണമേന്മയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എവറസ്റ്റ് ടൂള്‍സ് (BSE: 505725). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,442 ശതമാനം വര്‍ധനയാണ് ഇതിന്റെ ഓഹരികളിലുണ്ടായിരിക്കുന്നത്. നിലവിലെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റും. ഇതിനുള്ള എകസ്- സ്പ്ലിറ്റ് ഡേറ്റ് ഡിസംബര്‍ 23-നാണ്. നിലവില്‍ 1,651 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.