ദില്ലി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ വലിയ ആദായനികുതി ഇളവുകളുണ്ടാകില്ലെന്ന് സൂചന. ഇപ്പോഴുള്ള നികുതി സ്ലാബുകളില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരില്ല. ഇതേസമയം, സെക്ഷന്‍ 80സി, 80ഡി എന്നിവയ്ക്ക് കീഴില്‍ മധ്യവര്‍ഗ്ഗ ജനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് നികുതി വിദഗ്ധര്‍ പ്രവചിക്കുന്നു. സെക്ഷന്‍ 80ഡിയ്ക്ക് കീഴില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൂട്ടണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. നിലവില്‍ 25,000 രൂപയാണിത്.
എന്തായാലും ഇത്തവണ വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഉയര്‍ന്ന ധനക്കമ്മിത്തന്നെ കാരണം. നടപ്പു സാമ്പത്തികവര്‍ഷം കരുതിയതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും കേന്ദ്രത്തിന് സാധിച്ചില്ല. 2.1 ലക്ഷം കോടി രൂപയാണ് ഓഹരി വിറ്റഴിക്കലിലൂടെ കയ്യിലെത്തുമെന്ന് കേന്ദ്രം കണക്കുക്കൂട്ടിയത്. എന്നാല്‍ ഇതില്‍ 60 ശതമാനം കയ്യടക്കാന്‍ മാത്രമേ കേന്ദ്രത്തിന് കഴിഞ്ഞിട്ടുള്ളൂ. ഒപ്പം കരുതിയതിലും ഏറെ താഴെയാണ് സര്‍ക്കാര്‍ കുറിച്ച വരുമാനവും. ഈ പശ്ചാത്തലത്തില്‍ ആദായനികുതി സ്ലാബുകളില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ധനമന്ത്രാലയം മുതിരില്ല.
നിലവില്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നും 5 ശതമാനം ആദായനികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. 5 മുതല്‍ 7 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ പക്കല്‍ നിന്നും 20 ശതമാനവും കേന്ദ്രം ആദായനികുതി ഈടാക്കുന്നു. ഒരുപക്ഷെ രണ്ടു നികുതി സ്ലാബുകളും തമ്മിലെ വലിയ അന്തരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന് ഒരുപക്ഷം നിരീക്ഷകര്‍ കരുതുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ സ്വീകാര്യത കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയും ചില ഭേദഗതികള്‍ വേണമെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
ഉദ്ദാഹരണത്തിന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ ഇപ്പോഴില്ല. വര്‍ക്ക് ഫ്രം ഹോം കാലത്ത് ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാനും കമ്പനികള്‍ക്ക് വലിയ ചിലവു വന്നിട്ടുണ്ട്. ഈ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നു.