ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതുബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പരിഗണന ലഭിച്ചേക്കും. ഇതില്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും പ്രയോജനം കിട്ടാമെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രധാനമായും ഉത്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതികള്‍ (പിഎല്‍ഐ) സര്‍ക്കാര്‍ എങ്ങനെ വിഭാവനം ചെയ്യുമെന്നാണ് ആരോഗ്യ മേഖല ഉറ്റുനോക്കുന്നത്. നിലവിലെ സൂചനകള്‍ പ്രകാരം ആശുപത്രി ശൃംഖലകള്‍ക്കും മരുന്ന് നിര്‍മാണ കമ്പനികള്‍ക്കും കാര്യമായ പ്രയോജനം ഇത്തവണത്തെ ബജറ്റില്‍ നിന്നും ലഭിച്ചേക്കാമെന്ന് വിവിധ അനലിസ്റ്റുകള്‍ സൂചിപ്പിച്ചു.

ആശുപത്രി ശൃംഖല
ആക്സിസ് സെക്യൂരിറ്റീസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നിര്‍ണായക രാസസംയുക്തങ്ങളുടെ (എപിഐ) ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും മരുന്നുകളുടെ ഘടക പദാര്‍ത്ഥങ്ങള്‍ക്കും ബയോഫാര്‍മ രംഗത്തേയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും വരാം. കൂടാതെ, കോവിഡ് ബാധിച്ച കുടുംബങ്ങളെ ലക്ഷ്യമിട്ട് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാമെങ്കിലും ബജറ്റ് കൂടുതല്‍ ചലനം സൃഷ്ടിക്കാതെ കടന്നു പോകാമെന്നും അവര്‍ വ്യക്തമാക്കി. എങ്കിലും ഗ്ലാന്‍ഡ് ഫാര്‍മ (BSE: 543245, NSE: GLAND), കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (BSE: 543308, NSE: KIMS), ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് (BSE: 539787, NSE : HCG) എന്നീ ഓഹരികള്‍ ശ്രദ്ധിക്കാമെന്നും ആക്സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.

പിഎംഎഎസ്ബിവൈ
കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പിഎം ആത്മനിര്‍ഭര്‍ സ്വാസ്ത് ഭാരത് യോജന (PMASBY) ആരംഭിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ആറ് വര്‍ഷം കൊണ്ട് 64,180 കോടി മുതല്‍മുടക്കിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലോ പൊതു-സ്വകാര്യ (പിപിപി) സംരംഭകത്വം അനുവദിക്കുമെങ്കിലോ രാജ്യത്താകമാനം ശൃംഖലയുള്ള ആശുപത്രികള്‍ക്ക് നേട്ടം ലഭിക്കാം. അതിനാല്‍ അപ്പോളോ ഹോസ്പിറ്റല്‍സ് (BSE: 508869, NSE: APOLLOHOSP), നാരായണ ഹെല്‍ത്ത്കെയര്‍ (BSE: 539551, NSE : NH), ഷാല്‍ബി (BSE: 540797, NSE: SHALBY) എന്നീ ഓഹരികള്‍ സൂക്ഷ്മമായി പിന്തുടരാമെന്ന് ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു.
Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്‍' സ്റ്റോക്കുകള്‍; തിരിച്ചു വരവ് ഉറപ്പ്!

ഇന്‍ഷുറന്‍സ് കമ്പനികള്‍
ചികിത്സയുമായി ബന്ധപ്പെട്ട് ആദായ നികുതിയിലെ ചട്ടം 80-ഡി പ്രകാരം കൂടുതല്‍ നികുതി ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ മാക്സ് ഹെല്‍ത്ത് (BSE: 543220, NSE: MAXHEALTH), എച്ച്ഡിഎഫ്സി ലൈഫ് (BSE: 540777, NSE: HDFCLIFE), എസ്ബിഐ ലൈഫ് (BSE: 540719, NSE: SBILIFE) എന്നീ ഓഹരികള്‍ക്കു നേട്ടമുണ്ടാകുമെന്ന് റെലിഗെയര്‍ സെക്യൂരിറ്റീസിലെ വിപണി വിശകലന വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ നീക്കിയിരിപ്പിന് സമാനമായ തുകയെ ഇത്തവണയും ആരോഗ്യ മേഖലയ്ക്ക് മാറ്റിവയ്ക്കുകയുള്ളൂ എന്ന് ഏഞ്ചല്‍ വണ്ണിലെ വിദഗ്്ധര്‍ പ്രതികരിച്ചു.

പിഎല്‍ഐ പദ്ധതി
മുന്‍കാലങ്ങളില്‍ പൊതുബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുളള സംഭവമായിരുന്നില്ല. പക്ഷേ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അണായതെ നില്ക്കുന്ന ഘട്ടത്തിലാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഹെല്‍ത്ത്കെയര്‍ ഓഹരികളും ബജറ്റിന് മുന്നോടിയായി ശ്രദ്ധാകേന്ദ്രമാകുന്നത്. ആത്മനിര്‍ഭര്‍ പദ്ധതി മുഖേന പിഎല്‍ഐ പദ്ധതികളും കോവിഡ് മഹാമാരി തുടച്ചു നീക്കുന്നതിനുള്ള നടപടികള്‍ക്കും കൂടുതല്‍ വിഹിതം ലഭിക്കാമെന്ന് നിര്‍മല്‍ ബാംഗ് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസിലെ വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. നിര്‍ണായക മരുന്നുകള്‍ക്കു വേണ്ട രാസസംയുക്തങ്ങളും ഘടകങ്ങളും നിര്‍മിക്കുന്നവര്‍ക്കും പിഎല്‍ഐ സ്കീം മുഖേനയും ബയോഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള സബ്സിഡിയോ ജിഎസ്ടി ഇളവുകളോ പ്രതീക്ഷിക്കാമെന്നും നിര്‍മല്‍ ബാംഗ് ചൂണ്ടിക്കാട്ടി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.