ദില്ലി: പണം കൈകൊണ്ട് തൊടാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് പ്രാമുഖ്യം നല്‍കണം എന്ന് പറഞ്ഞപ്പോള്‍ അതിനെ പരിഹസിക്കാന്‍ ഒരുപാട് പേര് രംഗത്തുണ്ടായിരുന്നു. ഡിജിറ്റല്‍ പെയ്മേന്റുകള് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് എത്രത്തോളം സാധ്യമാകും എന്നതായിരുന്നു അവര്‍ ഉയര്‍ത്തിയ ചോദ്യത്തിന് പിന്നിലെ കാര്യം.
എന്നാല്‍ ഓരോ ദിനവും ഓമ്#ലൈന്‍ പണമിടപാടുകളുടെ സാധ്യതയും ഉപഭോക്താക്കളും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ യുപിഐ വഴിയുള്ള ഇടപാടുകള്‍ ഒക്ടോബര്‍ മാസത്തില്‍ 200 കോടി കവിഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് വലിയ മുന്നേറ്റമാണ്. വിശദാംശങ്ങള്‍...

ഒക്ടോബറില്‍ റെക്കോര്‍ഡ് ട്രാന്സാക്ഷന്
2020 ഒക്ടോബര്‍ മാസത്തില്‍ മാത്രം 207.16 കോടി ര ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഇതൊരു റെക്കോര്‍ഡ് ആണ്.

207 കോടി രൂപയല്ല...
207.16 കോടി ഇടപാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്രയും കോടി രൂപയുടെ ഇടപാടുകള്‍ എന്ന് തെറ്റിദ്ധരിക്കരുത്. 3.3 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ആണ് 207.16 കോടി യുപിഐ ട്രാന്‍സാക്ഷനിലൂടെ നടന്നിരിക്കുന്നത്. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഇത് ചെറിയ നേട്ടമല്ല.

വളര്‍ച്ചയുടെ പാതയില്‍
സെപ്തംബറിലും യുപിഐ ഇടപാടുകളില്‍ വലിയ മുന്നേറ്റമുണ്ടായിരുന്നു. 180 കോടി ഇടപാടുകളാണ് സെപ്തംബറില്‍ നടന്നത്. ഈ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് 3.29 ലക്ഷം കോടി രൂപയായിരുന്നു.

ഒരു വര്‍ഷം കൊണ്ട് ഇരട്ടി
2017 ല്‍ ആണ് യുപിഐ പേയ്മെന്റ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിന് ശേഷം തുടര്‍ച്ചയായ വളര്‍ച്ചയാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. 2019 ഒക്ടോബറില്‍ ആണ് ആദ്യമായി 100 കോടി ഇടപാടുകള്‍ മറികടക്കുന്നത്. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇടപാടുകളുടെ എണ്ണം ഇരുനൂറ് കോടി കവിയുകയും ചെയ്തു.

കടുത്ത പ്രതിസന്ധി
ഈ സുവര്ണകാലത്തിനിടയ്ക്ക് ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ കുത്തനെ ഇടിഞ്ഞ ഒരു സമയവും ഉണ്ടായിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാസങ്ങള്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ ആയിരുന്നു കടുത്ത പ്രതിസന്ധി. ജൂണ്‍ മുതല്‍ യുപിഐ ഇടപാടുകള്‍ പഴയ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തുടങ്ങി.

കൊവിഡ് സഹായിച്ചു
ലോക്ക് ഡൗണ്‍ കാലത്ത് അല്പം തിരിച്ചടി നേരിട്ടെങ്കിലും രാജ്യത്ത് യുപിഐ ട്രാന്സാക്ഷന് കൂടാന്‍ കാരണങ്ങളില്‍ ഒന്ന് കൊവിഡ് തന്നെയാണ്. പണം കൈകൊണ്ട് തൊടേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസം. ലളിതമായ പ്രക്രിയ മാത്രം ആയതിനാല്‍ പ്രായമായവര്‍ക്കും എളുപ്പത്തില്‍ യുപിഐ ഇടപാടുകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്.

189 ബാങ്കുകള്‍
രാജ്യത്ത് 189 ബാങ്കുകള്‍ ആണ് യുപിഐ പ്ലാറ്റ്ഫോമില്‍ ഉള്ളത്. ഇത് കൂടാതെ ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേ ടിഎം തുടങ്ങി യുപിഐ അടിസ്ഥാനമായ പ്ലാറ്റ്ഫോമുകള് വേറേയും ഉണ്ട്. ഫോണ്‍വഴി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാം എന്നത് തന്നെയാണ് യുപിഐയുടെ സ്വീകാര്യതയുടെ പ്രധാന ഘടകം.