രണ്ട് വര്‍ഷം മുമ്പ് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ നടുക്കയത്തിലേക്ക് ആദ്യമൊന്നു വീണു പോയെങ്കിലും താമസിയാതെ തന്നെ അതിശക്തമായി കരകയറുകയും തുടര്‍ന്ന് അഭൂതപൂര്‍വമായ കുതിപ്പിനുമാണ് ആഗോള ഓഹരി വിപണികള്‍ സാക്ഷ്യംവഹിച്ചത്. ആ തേരോട്ടത്തെ മുന്നില്‍ നിന്നും നയിച്ചത് അമേരിക്കന്‍ വിപണികളായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷക്കാലത്തോളം നുകര്‍ന്ന ആ മാധുര്യം നഷ്ടമാകുകയാണെന്ന വ്യക്തമായ സൂചനയാണ് ഇപ്പോള്‍ അമേരിക്കന്‍ വിപണികളില്‍ നിന്നും ലഭിക്കുന്നത്.

വെള്ളിയാഴ്ച നടന്ന വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിട്ട 1.8 ശതമാനം വീഴ്ചയോടെ ലോകമെങ്ങും സശ്രദ്ധം വീക്ഷിക്കുന്ന അമേരിക്കന്‍ ഓഹരി സൂചികയായ എസ്&പി-500, ഔദ്യോഗികമായി 'ബെയര്‍ മാര്‍ക്കറ്റ്' പരിധിക്കുള്ളിലേക്ക് വന്നു. സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ 20 ശതമാനമോ അതിലധികമോ തിരുത്തല്‍ നേരിടുമ്പോഴാണ് 'ബെയര്‍ മാര്‍ക്കറ്റി'ലേക്ക് കടന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ ഭീഷണിയില്‍ തകര്‍ന്ന 2020-നു ശേഷം ആദ്യമായാണ് എസ് & പി-500 സൂചിക 'കരടി'കളുടെ പിടിയാലാകുന്നത്.

ഇതോടെ എസ്&പി-500, നാസ്ഡാക് സൂചികകള്‍ തുടര്‍ച്ചയായ ഏഴാം ആഴ്ചയാണ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. 2001-ലെ ഡോട്ട്കോം പ്രതിസന്ധിയെ തുടര്‍ന്നുള്ള വിപണിയിലെ തകര്‍ച്ചയ്ക്കു ശേഷം ഇത് ആദ്യമായാണ് ഇരു സൂചികകളും ഇത്രയുമധികം നാള് തുടര്‍ച്ചയായി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. സമാനമായി മറ്റൊരു പ്രധാന അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ്, തുടര്‍ച്ചയായ എട്ടാം ആഴ്ചയാണ് നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാന്‍ പോകുന്നത്. 1932-ല്‍ 'ഗ്രേറ്റ് ഡിപ്രഷന്' എന്നറിയപ്പെടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിനു ശേഷം ആദ്യമായാണ് ഡൗ ജോണ്‍സ് ഇത്രയും നാള് തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്നത്.

സമാനമായി ടെക്നോളജി കമ്പനികള്‍ക്ക് പ്രാമുഖ്യം നല്കുന്ന നാസ്ഡാക്-100 സൂചിക, ഇതിനോടകം 30.7 ശതമാനത്തിലേറെ വീണ് ബെയര്‍ മാര്‍ക്കറ്റിലേക്ക് കടന്നിരുന്നു. അതേസമയം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ 500 കമ്പനികളെ നിശ്ചിത മാനദണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍ത്തിണക്കി രൂപീകരിച്ച ഓഹരി സൂചികയാണ് എസ്&പി-500. ഒട്ടുമിക്ക വ്യവസായ മേഖലകളിലേയും വമ്പന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആഴവും വൈവിധ്യവുമേറിയ സൂചികയായാണ് വിവക്ഷിക്കപ്പെടുന്നത്.
Also Read: വിരമിക്കുമ്പോൾ നല്ലൊരു സമ്പാദ്യം കൈയിൽ കിട്ടിയാൽ സന്തോഷമല്ലേ! അതിന് എവിടെ നിക്ഷേപിക്കണം?

സമീപകാല ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ജനുവരിക്ക് ശേഷം എസ്&പി500-ന് കീഴിലുള്ള ഡിസ്ക്രീഷണറി വിഭാഗം ഓഹരികളുടെ സൂചിക 35 ശതമാനത്തോളമാണ് ഇടിഞ്ഞത്. പിന്നാലെ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം ഓഹരികള്‍ക്കുമാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. അതേസമയം ഈ കാലയളവില്‍ എസ്&പി500-ല്‍ നേട്ടത്തിലേക്കെത്തിയത് ആകെയുള്ള 11 വിഭാഗങ്ങളില്‍ നിന്നും എനര്‍ജി വിഭാഗം മാത്രമാണ്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ 41 ശതമാനത്തോളം എനര്‍ജി വിഭാഗം സൂചിക മുന്നേറിയിട്ടുണ്ട്.
Also Read: വിപണി മുന്നേറിയിട്ടും കരകയറാനാവാതെ എല്‍ഐസി; വീണ്ടും താഴ്ചയിലേക്ക് വീണ ഓഹരി ഒഴിവാക്കണോ?

റിസര്‍ച്ച് കമ്പനിയായ സിഎഫ്ആര്‍എ നല്കുന്ന രേഖകള്‍ പ്രകാരം 1929-ന് ശേഷം എസ്&പി-500 സൂചിക 17 തവണയാണ് ബെയര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ബെയര്‍ മാര്‍ക്കറ്റ് പരിധിയില്‍ തുടര്‍ന്നത് 1929 സെപ്റ്റംബര്‍ മുതല്‍ 1932 ജൂണ്‍ വരെയുള്ള കാലയളവായിരുന്നു. അന്ന് 998 ദിവസമാണ് എസ്&പി സൂചിക 'കരടി'കളുടെ പിടിയിലമര്‍ന്നത്. പിന്നീട് സമീപകാലയളവില്‍ ഏറ്റവുമധികം നീണ്ടുനിന്ന ബെയര്‍ മാര്‍ക്കറ്റ് 2020 മാര്‍ച്ച് മുതല്‍ 2002 ഒക്ടോബര്‍ മാസം വരെയുള്ള 929 ദിവസ കാലഘട്ടമായിരുന്നു.
Also Read: മണപ്പുറം, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ കൈവശമുണ്ടോ? നിക്ഷേപകര്‍ ഇനി എന്തുചെയ്യണം?

എന്നാല്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബെയര്‍ മാര്‍ക്കറ്റ്, 2020 ഫെബ്രുവരി 19 മുതല്‍ 202 മാര്‍ച്ച് 23 വരെയുള്ള 33 ദിവസ കാലയളവിലാണ്. ഓരോ ബെയര്‍ മാര്‍ക്കറ്റിലും ശരാശരി 38 ശതമാനത്തോളം സൂചിക ഇടിവ് നേരിടാറുണ്ട്. 1946-ന് ശേഷം ബെയര്‍ മാര്‍ക്കറ്റില്‍ സൂചികയുടെ ശരാശരി ഇടിവ് 33 ശതമാനമാണെന്നും സിഎഫ്ആര്‍എ-യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം സമീപകാല താഴ്ചയില്‍ നിന്നും 20 ശതമാനത്തിലധികം ഉയരുകയും തുടര്‍ച്ചയായി 6 മാസക്കാലത്തോളം ആ നിലവാരത്തിന് മുകളില്‍ തുടരാനും സാധിക്കുമ്പോഴാണ് ബെയര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തുകടന്നുവെന്ന് കണക്കാക്കുക.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.