മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന പ്രശസ്ത നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ അതേപടി പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. കോടിക്കണക്കിന് രൂപയുടെ ഓഹരി പങ്കാളിത്തം കൈകാര്യം ചെയ്യുന്നതു കൊണ്ട് മൂല്യമുള്ളതും സാമ്പത്തികാടിത്തറയുള്ളതും പൊതുമണ്ഡലത്തില്‍ ലഭ്യമല്ലാത്ത വിവരങ്ങളുടേയും ഒക്കെ അടിസ്ഥാനത്തിലാവും നിക്ഷേപം നടത്തുന്നതെന്നും വിജയിക്കാനുളള സാധ്യത ഏറെയാണെന്നുളള കാഴ്ചപ്പാടുമൊക്കെയാണ് ഇത്തരത്തില്‍ പ്രമുഖരുടെ അനുകരിക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. ഇതിനെ കോപ്പികാറ്റ് ഇന്‍വസ്റ്റിങ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തില്‍ പ്രശസ്ത വാല്യു ഇന്‍വസ്റ്റര്‍ ആയ ആര്‍കെ ധമാനി അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ ഒരു കമ്പനിയെ കുറിച്ചുള്ള ലേഖനമാണിത്.

ആര്‍കെ ധമാനി
ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ ഇന്ത്യയിലെ അതിസമ്പന്നരുടെയും സംരംഭകരുടേയും മുന്‍ നിരയിലേക്കുയര്‍ന്ന അത്ഭുത ജീവിത കഥയാണ് രാധാകിഷന്‍ ധമാനിയുടേത്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും നെറുകയില്‍ നില്‍ക്കുമ്പോഴും വാര്‍ത്താതാളുകളില്‍ ഇടംപിടിക്കാതെ മാറി നില്ക്കാന് ശ്രമിക്കുന്നതിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണവും മുംബൈയില്‍ വളര്‍ന്ന ഈ മാര്വാഡിക്കുണ്ട്. അവിചാരിതമായി ഓഹരി വിപണിയിലേക്കെത്തിയ ധമാനി, 90-കളുടെ തുടക്കത്തില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഓഹരി വാങ്ങിയാണ് സമ്പത്തിന്റെ കൊടുമുടിയിലേക്ക് എത്തിയത്. ഒരു വശത്ത് അദ്ദേഹം ഒരു ട്രേഡര്‍ ആയിരുന്നു. മറു വശത്ത് വാല്യൂ ഇന്‍വെസ്റ്ററും ആയിരുന്നു. ഓഹരി വിപണിയില്‍ തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച ധമാനി, 2001-ലാണ് റീട്ടെയില്‍ ശൃംഖലയായ ഡി-മാര്‍ട്ട് സ്ഥാപിച്ച് സംരംഭക ലോകത്തേക്കും കടന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന ഹര്‍ഷദ് മേത്തയ്ക്കൊപ്പം കൊമ്പുകോര്‍ത്ത ചരിത്രവും ധമാനിക്കുണ്ട്.

ധമാനി മന്ത്രം
പ്രഗല്ഭ നിക്ഷേപകന് ചന്ദ്രകാന്ത് സമ്പത്തില്‍ നിന്നുമാണ് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ധമാനി മനസ്സിലാക്കിയത്. അങ്ങിനെയാണ് 5 മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവ് കണക്കാക്കി, മികച്ച വളര്‍ച്ചയും വരുമാനവും കൈവരിക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തി അവയില്‍ നിക്ഷേപിച്ചു തുടങ്ങിയത്. അത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോഴും കമ്പനിയുടെ ഉല്പന്നങ്ങള്ക്ക് വിപണി സാധ്യത ഉണ്ടാകുമോ എന്നതായിരുന്നു അദ്ദേഹം മുഖ്യമായും പരിഗണിച്ചിരുന്നത്. ക്രമേണ ആര്‍കെ ധമാനി അറിയപ്പെടുന്ന വാല്യു ഇന്‍വെസ്റ്ററായി രൂപാന്തരപ്പെട്ടു. ഇതിനോടൊപ്പം വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കി അദ്ദേഹം ട്രേഡ് ചെയ്തു. ലാഭം ഉണ്ടാക്കുന്നതിനോടൊപ്പം നഷ്ടം കുറയ്ക്കുന്നതിലും ബുക്ക് ചെയ്ത് മാറുന്നതിലും ധമാനി ഒരേപോലെ മിടുക്കനായിരുന്നു.

പനാമ പെട്രോകെം
1982 നിലവില്‍ വന്ന പനാമ പെട്രോകെം 80-ലധികം പെട്രോളിയവുമായി ബന്ധപ്പെട്ട സ്പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കേന്ദ്ര ഭരണ പ്രദേശമായ ഡാമനിലുമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള 4 ഉത്പാദന ശാലകളുണ്ട്. ടെക്സ്റ്റെല്‍, ഛായം, റെസിന്‍, റബര്‍, മരുന്നു നിര്‍മാണം, സൗന്ദര്യ സംരക്ഷണം, ഊര്‍ജം, കേബിള്‍ തുടങ്ങിയ വ്യവസായിക മേഖലകള്‍ക്കു വേണ്ടിയ നിര്‍ണായക അടിസ്ഥാന ഘടകങ്ങളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. യുഎഇയില്‍ ഒരു ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. പെട്രോളിയം ജെല്ലി, ലിക്വിഡ് പാരഫിന്‍, ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍, റബര്‍ പ്രോസസ് ഓയില്‍ തുടങ്ങിയവ പോലുള്ള സവിശേഷ ഉത്പന്നങ്ങള്‍ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

പുതിയ നിക്ഷേപം
ബിഎസ്ഇയിലെ രേഖകള്‍ പ്രകാരം, ഡിസംബര്‍ പാദത്തില്‍ പനാമ പെട്രോകെമ്മിന്റെ (BSE : 524820, NSE : PANAMAPET) 6,16,379 ഓഹരികള്‍ക്കു തുല്യമായ 1.26 ശതമാനം ഓഹരി വിഹിതമാണ് ധമാനി സ്വന്തമാക്കിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഓഹരിയില്‍ 16 ശതമാനം കുതിപ്പുണ്ടായി. ഒടുവില്‍ 286.60 രൂപയിലാണ് ഓഹരികള്‍ ബുധനാഴ്ച ക്ലോസ് ചെയ്തത്. മറ്റൊരു പ്രശസ്ത നിക്ഷേപകനായ അനില്‍ കുമാര്‍ ഗോയല്‍ 2015 മുതല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. 1.6 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുളളത്. കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ 1,733 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 180 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സാമ്പത്തികം
പനാമ പെട്രോകെമ്മിന്റെ 72.13 ശതമാനം ഓഹരികളും പ്രമോട്ടര്‍ തന്നെയാണ് കൈവശം വച്ചിരിക്കുന്നത്. അടുത്തിടെ ഒരു ശതമാനത്തോളം ഓഹരി വിഹിതം വര്‍ധിപ്പക്കുകയും ചെയ്തിരുന്നു. ഇവയില്‍ പ്ലഡ്ജ് (ഈട് നല്‍കുക) ഇല്ലെന്നതും ശ്രദ്ധേയം. കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പ്രൈസ് ടു ഏര്‍ണിങ് (പിഇ) 89.19 ആയിരിക്കുമ്പോള്‍ പനാമ പെട്രോകെമ്മിന്റെ പിഇ റേഷ്യോ 8.68 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 82.45 ആണ്. കമ്പനിയുടെ വാര്‍ഷിക വരുമാനം 44 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നവംബറില്‍ ഓഹരിയൊന്നിന് 2 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന ഓഹരി വില 309.80 രൂപയും കുറഞ്ഞ വില 92.20 രൂപയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.