ഇന്ത്യൻ പേയ്മെന്റ് രംഗത്ത് വൻ വഴിത്തിരിവായി ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു. യുപിഐയിൽ നിലവിൽ പരമാവധി രജിസ്റ്റർ ചെയ്യാവുന്ന ഉപഭോക്താക്കളുടെ എണ്ണം 20 ദശലക്ഷമാണ്. പിന്നീട് ഘട്ടം ഘട്ടമായി വാട്ട്സ്ആപ്പിന് യുപിഐ ഉപയോക്തൃ അടിത്തറ വിപുലീകരിക്കാൻ കഴിയുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രസ്താവനയിൽ പറഞ്ഞു.
400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന 15 ദശലക്ഷം ചെറുകിട ബിസിനസ്സ് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഇന്ത്യയിൽ ഇതിനകം ഉള്ളത്. വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനം 2018 മുതൽ ചില നൂലാമാലകളിൽപ്പെട്ടു കിടക്കുകയായിരുന്നു. വാട്ട്സ്ആപ്പിനെതിരായ പരാതികൾ സുപ്രീം കോടതിയിലും ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷനിലും ഫയൽ ചെയ്തിട്ടുണ്ട്.
കടമ്പകൾ പൂർത്തിയാക്കി, പേയ്മെന്റ് സേവനം ഉടൻ ആരംഭിക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യത, സുരക്ഷ എന്നിവയാണ് വലിയ ആശങ്കയായി നിലനിൽക്കുന്നത്. വാണിജ്യ സംരംഭമായ ജിയോ മാർട്ടിനായി മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലുമായി ഫേസ്ബുക്ക് അടുത്തിടെ പങ്കാളിയായിരുന്നു. ഇന്ത്യയിലുടനീളം പേയ്മെന്റുകൾ ആരംഭിക്കാൻ വാട്സ്ആപ്പിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു.
വാട്ട്സ്ആപ്പിന്റെ പത്ത് ഇന്ത്യൻ പ്രാദേശിക ഭാഷാ പതിപ്പുകളിൽ പേയ്മെന്റുകൾ ഇപ്പോൾ ലഭ്യമാണ്. ഇതിനായി നിങ്ങൾക്ക് വേണ്ടത് യുപിഐയെ പിന്തുണയ്ക്കുന്ന ഒരു ബാങ്കിന്റെ ഡെബിറ്റ് കാർഡ് മാത്രമാണ്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ നിങ്ങൾക്ക് പേയ്മെന്റ് ഓപ്ഷൻ ലഭിക്കുമെന്ന് സക്കർബർഗ് പറഞ്ഞു.
എൻപിഎസ് വരിക്കാരാണോ നിങ്ങൾ? യുപിഐ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് എങ്ങനെ സംഭാവന ചെയ്യാം