ടെക്നോളജി കമ്പനികളുടെ കൂട്ടത്തകര്‍ച്ചയില്‍ അടിപതറി നില്‍ക്കുകയാണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് സൊമാറ്റോയുടെ ഓഹരി വിലയില്‍ 30 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചത് കാണാം. വ്യാഴാഴ്ച്ചയാകട്ടെ 10 ശതമാനം ലോവര്‍ സര്‍ക്യൂട്ടിനും കമ്പനി സാക്ഷിയായി. 98 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ രാവിലെ സമയം 10:45 ആകുമ്പോഴേക്കുംതന്നെ 90.45 രൂപയിലേക്ക് തീരമടിഞ്ഞു.

52 ആഴ്ച്ചക്കിടെ 169 രൂപ വരെയുള്ള ഉയര്‍ച്ചയും 84.15 രൂപ വരെയുള്ള താഴ്ച്ചയും സ്റ്റോക്ക് കുറിക്കുന്നുണ്ട്. വിലയിടിഞ്ഞ് നില്ക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ സൊമാറ്റോ ഓഹരികള്‍ വാങ്ങിയാല്‍ 'കൈ പൊള്ളുമോ'? നിക്ഷേപകരുടെ പ്രധാന സംശയമിതാണ്. രാജ്യാന്തര ബ്രോക്കറേജായ ജെഫറീസ് ഈ ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഉദാരനയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതാണ് ലാഭംകുറഞ്ഞ ടെക് കമ്പനികളില്‍ സമ്മര്‍ദം ചെലുത്തുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 'ഫാങ്മാന്‍' (FANGMAN) സ്റ്റോക്കുകള്‍ 10 മുതല്‍ 30 ശതമാനം വരെ താഴേക്ക് പോയി. ഫങ്മാന് എന്ന് കേട്ടിട്ട് സംശയമുണ്ടോ? അമേരിക്കന്‍ വിപണിയിലെ സുപ്രധാന ഏഴു ടെക് കമ്പനികളുടെ സംയോജിത ചുരുക്കെഴുത്താണിത്. ഫെയ്സ്ബുക്ക് (ഇപ്പോള്‍ മെറ്റ), ആപ്പിള്‍, എന്‍വീഡിയ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, നെറ്റ്ഫ്ളിക്സ് എന്നിവര്‍ 'ഫാങ്മാന്‍' ഗ്രൂപ്പില്‍പ്പെടും.

ടെക് ഭീമന്മാരുടെ ഈ വീഴ്ച്ചയുടെ പ്രതിചലനം സൊമാറ്റോയടക്കമുള്ള ആഗോള ഭക്ഷണവിതരണ കമ്പനികളിലും ദൃശ്യമാവുകയാണ്. സര്‍വകാല ഉയര്‍ച്ചയില്‍ നിന്നും 30 മുതല്‍ 60 ശതമാനം വരെ തിരുത്തല്‍ ഈ കമ്പനികള്‍ കണ്ടുകഴിഞ്ഞു. എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്ന് സൊമാറ്റോയും 40 ശതമാനത്തോളം തിരിച്ചിറങ്ങി. മൂലധന ചിലവുകള്‍ ഉയരുന്ന ആശങ്കളാണിത് പറഞ്ഞുവെയ്ക്കുന്നത്.
Also Read: ബജറ്റാണ് ലക്ഷ്യം; വിപണിയിലെ ചാഞ്ചാട്ടമൊന്നും വിഷയമല്ല; ഈ 6 ഓഹരികളും കുതിക്കും

എന്തായാലും മറ്റു സെക്ടറുകളിലെന്നപോലെ ടെക് രംഗവും തിരിച്ചുവരുമെന്ന പ്രതീക്ഷ ജെഫറീസ് നല്‍കുന്നുണ്ട്. പക്ഷെ ഈ മേഖലയിലെ ഷോര്‍ട്ട് ലിസ്റ്റിങ് ചരിത്രം സൊമാറ്റോയുടെ തിരിച്ചുവരവ് പ്രയാസകരമാക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ മൊത്ത വ്യാപാര മൂല്യം കണക്കിലെടുക്കുമ്പോള്‍ 70 രൂപ മുതല്‍ 95 രൂപ വരെയുള്ള വിലനിലവാരം ആകര്‍ഷകമാണ്. സ്റ്റോക്കിലെ അടിസ്ഥാന ലക്ഷ്യവില ജെഫറീസ് ഇതുവരെ മാറ്റിയിട്ടില്ല. സൊമാറ്റോയുടെ ഓഹരി വില 175 രൂപ വരെ ഉയരാമെന്ന കാഴ്ച്ചപ്പാട് ജെഫറീസ് തുടരുന്നു.

ഇതേസമയം, വളര്‍ച്ചാ ഘടകങ്ങള്‍ അനുകൂലമെങ്കില്‍ 240 രൂപ വരെയുള്ള അപ്സൈഡ് ടാര്‍ഗറ്റും പ്രതികൂലമെങ്കില്‍ 70 രൂപ വരെയുള്ള വീഴ്ച്ചയും സ്റ്റോക്കില്‍ ബ്രോക്കറേജ് പ്രവചിക്കുന്നുണ്ട്.
Also Read: ആരോഗ്യമേഖലയ്ക്ക് പരിഗണന ഉറപ്പ്; ബജറ്റിനു മുന്നോടിയായി വാങ്ങാവുന്ന 9 ഓഹരികളിതാ
ഓഹരി വിലയില്‍ ശക്തമായ തിരുത്തല്‍ സംഭവിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ അടിസ്ഥാനപരമായ വളര്‍ച്ചാ സാധ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ജെഫറീസ് പറയുന്നു. മുന്നോട്ടുള്ള നാളുകളില്‍ ഭക്ഷ്യസേവന മേഖലയില്‍ സൊമാറ്റോയുടെ മാര്‍ക്കറ്റ് വിഹിതം കൂടും. ഭക്ഷ്യസേവന മേഖലയിലെ മാക്രോ ഘടകങ്ങള്‍ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ജെഫറീസിന്റെ വിലയിരുത്തല്‍.

'ആഗോള ഫൂഡ് ഡെലിവറി കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുത്തലിനിടെയും സൊമാറ്റോയുടെ വാല്യുവേഷന് ഉയര്‍ന്നുതന്നെ നില്ക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മേഖല എന്നു തിരിച്ചുവരുമെന്ന കാര്യം പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചാ സാധ്യതയുള്ളതുകൊണ്ട് സൊമാറ്റോയുടെ പ്രീമിയം വാല്യുവേഷന് കോട്ടം വരില്ല. രാജ്യത്തെ ഫൂഡ് ഡെലിവറി സെഗ്മന്റില്‍ സൊമാറ്റോയും സ്വിഗ്ഗിയും മാത്രമേ രംഗത്തുള്ളൂ', ജെഫറീസ് അറിയിക്കുന്നു.
Also Read: തകര്‍ച്ചക്കിടെയിലും കുതിക്കുന്നു ഈ കേരളാ സ്റ്റോക്ക്; ഇനിയും നേടാം 25% ലാഭം; വാങ്ങുന്നോ?

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.