ഓഹരി വിപണിയില്‍ തീരാനഷ്ടങ്ങളുടെ കഥപറയുകയാണ് സൊമാറ്റോ. വെള്ളിയാഴ്ച്ചയും 9 ശതമാനം വിലയിടിവിലാണ് സൊമാറ്റോ വ്യാപാരം ചെയ്തത്. രാവിലെ 124.85 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി ഒരുഘട്ടത്തില്‍ 114.50 രൂപ വരെയ്ക്കും വീഴുകയുണ്ടായി. അവസാന മണി മുഴങ്ങുമ്പോള്‍ 114 രൂപയിലാണ് സൊമാറ്റോ വാരാന്ത്യം പൂര്‍ത്തിയാക്കിയത്. നടപ്പു വാരം 15 ശതമാനം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെയുള്ള ഏറ്റവും മോശം നിലയിലാണ് സൊമാറ്റോയുടെ ഇപ്പോഴത്തെ നില്‍പ്പും.

ഓഹരി വിലയിലെ രൂക്ഷമായ ഇടിവിനെത്തുടര്‍ന്ന് കമ്പനിയുടെ വിപണി മൂല്യം 1 ലക്ഷം കോടി രൂപയ്ക്ക് താഴെ വന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഓ) നടന്നത്. 76 രൂപയായിരുന്നു ഇഷ്യു വില. ഇഷ്യു വില കണക്കാക്കുമ്പോള്‍ സ്റ്റോക്ക് ഇപ്പോഴും 50 ശതമാനത്തിലേറെ ഉയര്‍ച്ച കയ്യടക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 169 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും സൊമാറ്റോ സാക്ഷിയാണ്.

സൊമാറ്റോയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്താണ്? നിക്ഷേപകര്‍ സംശയമുണ്ട്. പറഞ്ഞുവരുമ്പോള്‍ അമേരിക്കന്‍ സൂചികയായ നാസ്ദാഖിലെ തിരുത്തലാണ് സൊമാറ്റോ പോലുള്ള ഇന്റര്‍നെറ്റ്, ടെക്ക് സ്റ്റോക്കുകള്‍ക്ക് വിനായവുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനത്തിലേറെ തിരുത്തല്‍ നാസ്ദാഖ് കണ്ടുകഴിഞ്ഞു. അമേരിക്ക പലിശ നിരക്കുകള്‍ കൂട്ടുന്ന സാഹചര്യത്തില്‍ ടെക്ക് സ്റ്റോക്കുകളിലെ നിക്ഷേപകര്‍ താത്കാലികമായി വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുകയാണ്.
Also Read: ലാഭമില്ല, കാത്തിരുന്നു മടുത്തു; ഈ സ്റ്റോക്കിലെ നിക്ഷേപം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല

ടെക് സ്റ്റോക്കുകളുടെ കാര്യമെടുത്താല്‍ എല്ലാ ടെക്നിക്കല്‍ സൂചകങ്ങളും ചുവപ്പുകൊടിയാണ് വീശുന്നതെന്ന് സെബിയുടെ അംഗീകാരമുള്ള പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസായ പൈപ്പര്‍ സെറിക്കയുടെ സ്ഥാപകനും ഫണ്ട് മാനേജറുമായ അഭയ് അഗര്‍വാള്‍ പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെക്ക് സ്റ്റോക്കുകളില്‍ ശക്തമായ തിരിച്ചുവരവ് ഉടനടി പ്രതീക്ഷിക്കേണ്ടതില്ല. ഇതേസമയം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇതിലും മികച്ച അവസരം സൊമാറ്റോയില്‍ കിട്ടാനില്ലെന്നാണ് അഭയ് അഗര്‍വാളിന്റെ പക്ഷം.

സൊമാറ്റോയുടെ ഇപ്പോഴത്തെ വീഴ്ച്ച മുതലെടുത്ത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം. നിലവില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ അതികായനാണ് സൊമാറ്റോ. ഈ രംഗത്ത് സ്വിഗ്ഗി മാത്രമേയുള്ള സൊമാറ്റോയ്ക്കൊത്ത എതിരാളി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാജ്യത്തിന്റെ ഓരോ കോണിലും പ്രചാരം നേടവെ സൊമാറ്റോയ്ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണ് മുന്നിലുള്ളതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

'മികച്ച ഫണ്ടും ലാഭക്ഷമതയുമുള്ള കമ്പനിയാണ് സൊമാറ്റോ. അതുകൊണ്ട് വാല്യുവേഷനില്‍ ഇപ്പോള്‍ സംഭവിക്കുന്ന തിരുത്തലിനെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല. മറുഭാഗത്ത് അടിയുറച്ച ലാഭക്ഷമതയില്ലാത്ത ടെക്ക് കമ്പനികള്‍ പഴയ നില അതിവേഗം വീണ്ടെടുക്കുമോയെന്ന കാര്യം സംശയമാണ്', അഭയ് അഗര്‍വാള്‍ പറയുന്നു.
Also Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാ

ടെക്നിക്കല്‍ ചിത്രത്തില്‍ സൊമാറ്റോ ഓഹരികളും ഇപ്പോള്‍ ദുര്‍ബലമാണ്. ബെയറിഷ് ഫോര്‍മേഷനാണ് ചാര്‍ട്ടില്‍ കാണാന്‍ കഴിയുന്നത്. സൊമാറ്റോയുടെ ഓഹരി വില 112-110 രൂപ നിലവാരത്തിലേക്ക് വീഴാന്‍ സാധ്യതയേറെ.
'സൊമാറ്റോയുടെ വാല്യുവേഷന് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതല്ല. സ്വിഗ്ഗിയില്‍ നിന്നും കടുത്ത മത്സരമാണ് സൊമാറ്റോ നേരിടുന്നത്. അതുകൊണ്ട് സ്റ്റോക്കില്‍ നിക്ഷേപകര്‍ സെല്‍ പൊസിഷന്‍ കരുതണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം', ഷെയര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും റിസര്‍ച്ച് മേധാവിയുമായ രവി സിങ് പറയുന്നു. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി നിയമത്തോടെ ഭക്ഷണ വിതരണ ആപ്പുകള്‍ 5 ശതമാനം നികുതിയടക്കാന്‍ ബാധ്യസ്തരാണ്.

'പുതിയ നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സൊമാറ്റോയുടെ ചെലവുകള്‍ വര്‍ധിക്കും. നീണ്ടുപോകുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും കമ്പനിയുടെ ബിസിനസിന് ക്ഷീണം ചെയ്യുന്നുണ്ട്. ടെക്നിക്കല്‍ ചിത്രത്തില്‍ സൊമാറ്റോ സ്റ്റോക്ക് ദുര്‍ബലമാണ്', ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്മാന് രവി സിംഗാള്‍ അറിയിക്കുന്നു. ഹ്രസ്വകാലത്തേക്ക് സൊമാറ്റോ ഓഹരികള്‍ 100 രൂപ വരെ ഇടിയാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയുടെ വിലയിരുത്തല്‍.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.