ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി റീഫണ്ട് ലഭിക്കാന്‍ ഇനി 63 ദിനങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. 24 മണിക്കൂര്‍ കൊണ്ട് ഇത് സാധ്യമാക്കാനുള്ള പുതിയ സംവിധാനം ഒരുക്കാനിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമൊരുക്കുന്നതിന് ഐടി ഭീമനായ ഇന്‍ഫോസിസിന് നല്‍കുന്നത് 4,241.97 കോടി രൂപയാണ്.
നിലവിലെ ആദായനികുതി റിട്ടേണുകള്‍ പ്രൊസസ് ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ക്കു പകരം അത്യന്താധുനികമായ പുതുതലമുറ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്റഗ്രേറ്റഡ് ഇ-ഫയലിംഗ് ആന്റ് സെന്‍ട്രലൈസ്ഡ് പ്രോസസിംഗ് സെന്ററെന്നാണ് പുതിയ പുതിയ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് 24 മണിക്കൂറിനകം റീഫണ്ട് ലഭിക്കാന്‍ അവസരം ഒരുങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതിന് തീരുമാനം കൈക്കൊണ്ടത്. ഒന്നര വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു മാസത്തെ പരീക്ഷണത്തിനു ശേഷമാണ് പുതിയ സിസ്റ്റം നടപ്പില്‍ വരുത്തുക. ടെണ്ടറില്‍ കുറഞ്ഞ തുകയ്ക്ക് ബിഡ് ചെയ്തതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന് കരാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഇ ഫലയലിംഗ് രീതി വിജയകരമായിരുന്നുവെങ്കിലും പുതിയത് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സംവിധാനം കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തും. ആദായ നികുതി വകുപ്പിന്റെ ഇടപെടലുകളില്ലാതെ ആദായ നികുതി റിട്ടേണ്‍ ഇഫയല്‍ ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഒരു ദിവസത്തിനകം തിരികെയെത്തുമെന്നതാണ് ഇതിന്റെ സവിശേഷത.
ഈ സാമ്പത്തിക വര്‍ഷം വരുമാന നികുതി റീഫണ്ട് ഇനത്തില്‍ 1.83 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.