തുടര്‍ച്ചയായ നാലാം ആഴ്ചയിലും നേട്ടത്തില്‍ തുടരുന്നതോടെ ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും ഒന്നര ശതമാനം മാത്രം അകലത്തേക്ക് എത്തിയിരിക്കുകയാണ് സൂചികകള്‍. നിലവില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് പ്രധാന സൂചികകള്‍ നില്‍ക്കുന്നത്. മിക്ക ടെക്നിക്കല്‍ സൂചകങ്ങളും വിപണിയുടെ ബുള്ളിഷ് ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നത്. ഇതിനിടെ സമീപകാലത്ത് പിന്നാക്കം പോയിരുന്ന ലാര്‍ജ് കാപ് ബാങ്ക് ഓഹരിയായ എച്ച്ഡിഎഫ്സി ബാങ്കില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.

എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സേവന ദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്. ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമായി 1994-ല്‍ മുംബൈ ആസ്ഥാനമായാണ് ആരംഭം. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ആഗോള തലത്തില്‍ പത്താമതും നില്ക്കുന്നു. വിപണി മൂലധനം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 8.5 ലക്ഷം കോടി രൂപയിലേറെയാണ് വിപണി മൂലധനം. 3,000-ത്തോളം നഗരങ്ങളിലായി 6,000-ത്തോളം ശാഖകളുണ്ട്.

എന്തു സംഭവിച്ചു ?
എച്ച്ഡിഎഫ്സി ബാങ്കിന്റെ മുന്‍കാല ചരിത്രം പരിശോധിക്കുകയാണെങ്കില്‍ സമീപകാലത്ത് മങ്ങിയ പ്രകടനമാണ് ഓഹരി കാഴ്ച വയ്ക്കുന്നത്. സമാന വിഭാഗത്തിലെ മറ്റ് ഓഹരികളുമായി താരതമ്യം ചെയ്താലും ഇക്കാര്യം വ്യക്തമാണ്. മാനേജ്മെന്റ് തലപ്പത്തെ മാറ്റങ്ങളും ക്രെഡിറ്റ് കാര്‍ഡ്/ ഡിജിറ്റല്‍ വിഭാഗത്തിലും റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും കോവിഡ് പ്രതിസന്ധിയുമൊക്കെ പ്രതികൂല ഘടകങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ ഡിസംബര്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ ബാങ്കിംഗ് ഓഹരികളില്‍ തുടര്‍ച്ചയായി നടത്തിയ വില്‍പ്പനയുമൊക്കെ ക്ഷീണമേല്‍പ്പിച്ചു.

ശ്രദ്ധേയ ഘടകങ്ങള്‍
ഇതിനോടകം ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കുമുള്ള നിയന്ത്രണം താമസിയാതെ പിന്‍വലിക്കുമെന്നാണ് സൂചനകള്‍. വളര്‍ച്ചാ തോത് നിലനിര്‍ത്തുകയും കിട്ടാക്കടം കുറയുകയും ചെയ്യുന്നത് അനുകൂലഘടകമാണ്. കൂടാതെ നിലവിലെ സ്ഥിതയില്‍ ബാങ്കിന് കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാനാകുമെന്നാണ് അനുമാനം. കോവിഡ് പ്രതിസന്ധി നീണ്ടുപോകാവു്ന്ന സാഹചര്യവും ഡിജിറ്റല്‍ രംഗത്തുള്ള നിയന്ത്രണം ദീര്‍ഘിപ്പിച്ചാല്‍ ഉണ്ടാകാവുന്ന വരുമാന നഷ്ടവുമാണ് നിലവില്‍ ബാങ്കിന് മുന്നിലുള്ള വെല്ലുവിളികള്‍.

മൂന്നാം പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ വരുമാനം 40,651 കോടിയും അറ്റാദായം 10,342 കോടി രൂപയുമാണ്. രണ്ടാം പാദത്തേക്കാള്‍ അറ്റാദായത്തില്‍ 18 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതില്‍ പലിശ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം നേട്ടത്തോടെ 18,443 കോടി രൂപയായി. കിട്ടാക്കട അനുപാതവും മുന്‍ പാദത്തില്‍ നിന്നും നേരിയ മികവു കൈവരിച്ചു എന്നതും ശ്രദ്ധേയം. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ 20 ശതമാനവും ലാഭത്തില്‍ 15.3 ശതമാനവും വളര്‍ച്ച നിലനിര്‍ത്തുന്നുണ്ട്.

ഓഹരി വിശദാംശം
നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് 25.83 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 42.96 ശതമാനവും മ്യൂച്ചല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 17.81 ശതമാനം ഓഹരികളുമാണ് ഉള്ളത്. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്നതില് മുന്‍പന്തിയിലാണ്. വായ്്പകളിലെ പലിശ ഇനത്തിലും റിസര്‍വ് ബാങ്ക് അടക്കമുള്ള മറ്റ് നിക്ഷേപങ്ങളിലെ ആദായവും ബാങ്കുകള്‍ തമ്മിലുള്ള ഇടപാടിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്.
Also Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ

ലക്ഷ്യ വില 2,050
ചൊവ്വാഴ്ച രാവിലെ 1,545 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ (BSE: 500180, NSE: HDFCBANK) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,050 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 33 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,725 രൂപയും കുറഞ്ഞ വില 1,342 രൂപയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.