ഒമിക്രോണ്‍ ഭീതിയില്‍ വലിയ നേട്ടം തരാൻ സാധ്യതയുള്ള 3 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ആശങ്കയിലാണ് ഇന്ത്യന്‍ ഓഹരി വിപണി. കോവിഡിന്റെ രണ്ടാം തരംഗം വരുത്തിവെച്ച ക്ഷീണത്തില്‍ നിന്നും സമ്പദ്ഘടന സാവധാനം കരകയറവെയാണ് ഒമിക്രോണിന്റെ രംഗപ്രവേശം. സെപ്തംബര്‍ പാദം 8.4 ശതമാനം ആഭ്യന്തര വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. കഴിഞ്ഞ നാലു പാദങ്ങളിലും ജിഡിപി വളര്‍ച്ച രാജ്യം കണ്ടെത്തിയിട്ടുണ്ട്.

 

2023 സാമ്പത്തിക വര്‍ഷം വരെയും ഇന്ത്യയായിരിക്കും ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍ വളര്‍ച്ച തുടരണമെങ്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീങ്ങണം.

ഒമിക്രോൺ ഭീതി

ഒമിക്രോണ്‍ പിടിമുറുക്കുകയാണെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇതോടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടും; എല്ലാ സുപ്രധാന വ്യവസായ മേഖലകളും നിശ്ചലമാകും. ഇതേസമയം, ഏതാനും സെക്ടറുകള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളൊന്നും ഒരു വിഷയമല്ല. ഇക്കൂട്ടത്തില്‍ ഒന്നാണ് ഹെല്‍ത്ത്‌കെയര്‍ മേഖല.

കോവിഡിന്റെ കടന്നുവരവോടെ 'ശക്തിമരുന്നു' കഴിച്ച മട്ടിലാണ് ഹെല്‍ത്ത്‌കെയര്‍ സ്റ്റോക്കുകള്‍. ഈ അവസരത്തില്‍ കോവിഡ് ഭീതിക്കിടയിലും വലിയ ലാഭം തരാന്‍ സാധ്യതയുള്ള മൂന്ന് ഹെല്‍ത്ത്‌കെയര്‍, ഡയഗ്നോസ്റ്റിക് ഓഹരികളെ ചുവടെ അറിയാം.

സിപ്ല

സിപ്ല

80 രാജ്യങ്ങളിലധികം സാന്നിധ്യമുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. 46 നിര്‍മാണശാലകളില്‍ നിന്നായി 1,500 ഓളം ഉത്പന്നങ്ങള്‍ സിപ്ല വിപണിയില്‍ എത്തിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏഴു ഉത്പന്നങ്ങളാണ് കോവിഡ് പോര്‍ട്ട്‌ഫോളിയോയില്‍ സിപ്ല അവതരിപ്പിച്ചത്. കോവിഡ് മരുന്നുകള്‍, സാനിറ്റൈസറുകള്‍, ആന്റിജന്‍ / ആന്റി-ബോഡി ടെസ്റ്റിങ് കിറ്റുകള്‍ എന്നിവ ഇതില്‍പ്പെടും. മഹാമാരി നടമാടുന്നതിനിടെയും ഓന്‍കോളജി, ബയോസിമിലര്‍ സെഗ്മന്റുകളില്‍ ഒന്നിലധികം പങ്കാളിത്തങ്ങള്‍ വഴി ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.

Also Read: വിപണിയിലെ ഇടിവൊന്നും ഈ കെമിക്കല്‍ സ്റ്റോക്കിന് പ്രശ്‌നമേയല്ല; 1 മാസം കൊണ്ട് 35 ശതമാനം നേട്ടം!

വളർച്ച

2021 സാമ്പത്തിക വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വരുമാന വളര്‍ച്ചയാണ് സിപ്ല കണ്ടെത്തിയത്. ഇക്കാലയളവില്‍ ഇബിഐടിഡിഎ മാര്‍ജിന്‍ 350 ബേസിസ് പോയിന്റ് വര്‍ധിച്ച് 22.5 ശതമാനമായി. 2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റ മാര്‍ജിന്‍ 9 ശതമാനത്തില്‍ നിന്നും 12.6 ശതമാനമായാണ് ഉയര്‍ന്നത്. കാര്യക്ഷമമായ പ്രവര്‍ത്തനവും കടബാധ്യതകള്‍ ഒടുക്കിയതിനെത്തുടര്‍ന്നുള്ള കുറഞ്ഞ സാമ്പത്തിക ചിലവുകളും അറ്റ മാര്‍ജിനെ കാര്യമായി സ്വാധീനിച്ചു.

ഓഹരി വില

തിങ്കളാഴ്ച്ച 1.95 ശതമാനം ഇടിവോടെയാണ് സിപ്ല വ്യാപാരം അവസാനിപ്പിച്ചത്. 915 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 894.30 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.54 ശതമാനവും ഒരു മാസത്തിനിടെ 2.12 ശതമാനവും വീതം തകര്‍ച്ച സ്റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസത്തെ ചിത്രത്തിലും കാണാം 4.84 ശതമാനം ഇടിവ്.

ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 8.19 ശതമാനം നേട്ടമാണ് കമ്പനി തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,005 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 738.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 27.92. ഡിവിഡന്റ് യീല്‍ഡ് 0.56 ശതമാനം.

Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വാങ്ങിക്കാമെന്ന്

ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സ്

ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സ്

ഇന്ത്യയിലെ മുന്‍നിര ഡയഗ്നോസ്റ്റിക് ശൃഖലകളില്‍ ഒന്നാണ് ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സ്. 3,705 കേന്ദ്രങ്ങളില്‍ നിന്നായി 5,000 -ത്തിലേറെ ആരോഗ്യ പരിശോധനകളാണ് ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സ് നടത്തിവരുന്നത്. മഹാമാരിയുടെ കാലത്ത് കമ്പനി ഡിജിറ്റല്‍ രൂപത്തിലും കോവിഡ് പരിശോധനകള്‍ നടത്തിയും പ്രവര്‍ത്തനം വിപുലീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 പരിശോധനാ ലാബുകളും 600 ശേഖരണ കേന്ദ്രങ്ങളും 2,200 പിക്കപ്പ് പോയിന്റുകളും ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സ് സ്ഥാപിക്കുകയുണ്ടായി.

പോയവർഷം

ഇക്കാലയവളില്‍ കമ്പനിയുടെ വരുമാനം 10.6 ശതമാനത്തില്‍ നിന്നും 18.9 ശതമാനമായാണ് ഉയര്‍ന്നത്. ഇബിഐഡിടിഎ മാര്‍ജിന്‍ 27.5 ശതമാനത്തില്‍ നിന്നും 29.3 ശതമാനമായി കൂടി. ലോജിസ്റ്റിക്‌സ്, ഐടി മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടി വന്നതിനാലാണ് കമ്പനിയുടെ മാര്‍ജിന്‍ വളര്‍ച്ച കുറഞ്ഞത്. ഇതേസമയം, ചിലവുകള്‍ വര്‍ധിച്ചിട്ടും അറ്റാദായത്തില്‍ 30.3 ശതമാനം വളര്‍ച്ച കണ്ടെത്താന്‍ ഡോക്ടര്‍ ലാല്‍ പാത്ത്‌ലാബ്‌സിന് കഴിഞ്ഞെന്ന കാര്യം ശ്രദ്ധേയം. അറ്റാ ലാഭമാര്‍ജിനും 17.1 ശതമാനത്തില്‍ നിന്നും 18.8 ശതമാനമായി ഉയര്‍ന്നു.

Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

വ്യാപാരം

തിങ്കളാഴ്ച്ച 2.56 ശതമാനം ഇടിവോടെയാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 3,747 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 3,614.90 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.39 ശതമാനവും ഒരു മാസത്തിനിടെ 1.08 ശതമാനവും വീതം തകര്‍ച്ച സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസത്തെ ചിത്രത്തില്‍ 21.80 ശതമാനം നേട്ടം കാണാം.

ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 50.17 ശതമാനം നേട്ടമാണ് കമ്പനി തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 4,245.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,108 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 74.10. ഡിവിഡന്റ് യീല്‍ഡ് 0.55 ശതമാനം.

ആല്‍ക്കെം ലബോറട്ടറീസ്

ആല്‍ക്കെം ലബോറട്ടറീസ്

വിപണി മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഫാര്‍മ കമ്പനിയാണ് ആല്‍ക്കെം ലബോറട്ടറീസ്. ഇന്ത്യയിലും അമേരിക്കയിലുമായി 20 നിര്‍മാണശാലകളും ആറ് ഗവേഷണ വികസന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്. 40 -ലേറെ രാജ്യങ്ങളിലേക്ക് ആല്‍ക്കെം ലബോറട്ടറീസ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

800 -ലേറെ ബ്രാന്‍ഡുകളാണ് കമ്പനിക്ക് കീഴിലുള്ളത്. ഇതില്‍ 12 ബ്രാന്‍ഡുകള്‍ പ്രതിവര്‍ഷം 100 കോടി രൂപയ്ക്ക് മുകളിലാണ് വില്‍പ്പന കുറിക്കുന്നതും. ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ആല്‍ക്കെം ലബോറട്ടറീസ് ശക്തമായി തിരിച്ചെത്തി.

Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക്‌ വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% നേട്ടം

ബിസിനസ്

2021 സാമ്പത്തിക വര്‍ഷം 6.2 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 13.4 ശതമാനമായിരുന്നു. ഇന്ത്യയില്‍ അക്യൂട്ട് തെറാപ്പി പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ വില്‍പ്പനയില്‍ സംഭവിച്ച ഇടിവ് ആല്‍ക്കെം ലബോറട്ടറീസിന്റെ വളര്‍ച്ചയ്ക്ക് വിനയായി. ഇതേസമയം, രാജ്യാന്തര ബിസിനസില്‍ മെച്ചപ്പെട്ട വില്‍പ്പന രേഖപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇബിഐടിഡിഎ മാര്‍ജിന്‍ 17.72 ശതമാനത്തില്‍ നിന്നും 21.9 ശതമാനമായാണ് വര്‍ധിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ക്കറ്റിങ് ചിലവുകളും യാത്രാ ചിലവുകളും കുറഞ്ഞത് മാര്‍ജിന്‍ ഉയരാനുള്ള പ്രധാന കാരണമായി. 2021 സാമ്പത്തിക വര്‍ഷം 17.9 ശതമാനം മാര്‍ജിനോടെ അറ്റാദായം 40.6 ശതമാനമാണ് കൂടിയത്.

പിഇ അനുപാതം

തിങ്കളാഴ്ച്ച 1.16 ശതമാനം ഇടിവോടെയാണ് ആല്‍ക്കെം ലബോറട്ടറീസ് വ്യാപാരം അവസാനിപ്പിച്ചത്. 3,439 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 3,398.85 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.89 ശതമാനവും ഒരു മാസത്തിനിടെ 5.58 ശതമാനവും വീതം തകര്‍ച്ച സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസത്തെ ചിത്രത്തില്‍ 8.23 ശതമാനം നേട്ടം കാണാം. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 15.19 ശതമാനം നേട്ടമാണ് കമ്പനി തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 4,070 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,545.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 23.86. ഡിവിഡന്റ് യീല്‍ഡ് 0.88 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Cipla, Dr Lal Pathlabs And Alkem Laboratories; These 3 Stocks Can Give Potential Upside Returns

Cipla, Dr Lal Pathlabs And Alkem Laboratories; These 3 Stocks Can Give Potential Upside Returns. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X