ബന്ധങ്ങളുടെ പുറത്താണ് പലരും ബാങ്കുകളിലെ വായ്പയ്ക്ക് ജാമ്യക്കാരാവുന്നത്. സുഹൃത്തല്ലേ പറ്റില്ലെന്ന് പറഞ്ഞാൽ എന്ത് കരുതും. ബന്ധുക്കാരോട് എങ്ങനെയാണ് പറ്റില്ലെന്ന് പറയുക. ഈ ചിന്തയിലാണ് മിക്കവരും ജാമ്യകടലാസിൽ ഒപ്പിട്ടു നൽകുന്നത്. വായ്പയെടുക്കുന്നവന്റെ സ്വഭാവം പോലെയാണ് പിന്നെ നിങ്ങളുടെ മനസമാധാനം. വായ്പയെടുത്തയാൾ അടവ് മുടക്കിയാൽ പിടിവരുന്നത് ജാമ്യക്കാരനാണ്. അയ്യോ ഞാനൊന്നു മറിയില്ലെയെന്ന് പറയാനുമാകില്ല, ആദ്യം ഒപ്പിട്ട നൽകിയ രേഖകൾ പ്രകാരം വായ്പക്കാരൻ അടവ് മുടക്കിയാൽ ഉത്തരവാദിത്വം ജാമ്യക്കാരനാണ്. ഇത് മറികടക്കാൻ ജാമ്യം നിൽക്കുന്നതിന് മുൻപ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പ നിൽക്കുന്നയാളിന്റെ വായ്പ തിരിച്ചടവ് ശേഷിയാണ് അതിൽ പ്രധാനം.

ഒരാളുടെ സാമ്പത്തിക ശേഷിയുടെ പരിധിക്കപ്പുറത്തേക്ക് വായ്പ അപേക്ഷയുമായി ബാങ്കിൽ ചെല്ലുമ്പോഴാണ് സാധാരണയായി ജാമ്യക്കാരനെ ബാങ്ക് ആവശ്യപ്പെടുന്നത്. വായ്പയെടുക്കുന്നയാളുടെ ആരോഗ്യം, ജോലി സ്ഥിരത, 650ന് താഴെയുള്ള സിബിൽ സ്കോർ എന്നിവ ജാമ്യക്കാരനെ വേണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങളാണ്. എന്നുകരുതി ആർക്കുമങ്ങനെ ജാമ്യക്കാരമാകാനും പറ്റില്ല. വായ്പക്കാരൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ അടക്കാൻ സാമ്പത്തിക ശേഷിയുള്ളയാളെയാണ് ബാങ്കുകൾ ജാമ്യക്കാരനായി ആവശ്യപ്പെടുക. വായ്പ തിരിച്ചടവ് വായ്പക്കാരൻ മുടക്കിയാൽ ആദ്യം അയാളുടെ ആസ്തി പിടിച്ചെടുത്ത് പണം തിരിച്ചെടുക്കുകയാണ് ചെയ്യുക. അത് സാധ്യമല്ലെങ്കിലാണ് ജാമ്യക്കാരന്റെ റോൾ. പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ജാമ്യക്കാരന് നോട്ടീസ് ലഭിക്കും. ഇതോടെ തിരിച്ചടവ് ചുമതല ജാമ്യക്കാരനാകും.
ഇതിനാൽ ബന്ധങ്ങളുടെ പുറത്ത് ജാമ്യം നിന്നാൽ നല്ലൊരു പണികിട്ടും. മറിച്ച് ജാമ്യം നിൽക്കുന്നതിന് മുൻപ് വായ്പക്കാരന്റെ തിരിച്ചടവ് ചരിത്രവും തൊഴിൽ സ്ഥിരതയും പരിശോധിക്കണം. വായ്പ സംരക്ഷണത്തിന് ഇൻഷൂറൻസെടുക്കാൻ വായ്പക്കാരനോട് ആവശ്യപ്പെടുന്നതും സ്വന്തം ഭാഗം സംരക്ഷിക്കാനാകും.
Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

തിരിച്ചടവ് ശേഷി അറിയുക
എത്ര അടുത്ത സുഹൃത്തായാലും തിരിച്ചടക്കാൻ പറ്റുമോയെന്ന് തുറന്ന് ചോദിക്കുക. വായ്പക്കാരന്റെ തിരിച്ചടവ് ശേഷി, വായ്പ മുടങ്ങിയാൽ ബാങ്ക് ജപ്തി ചെയ്യാനുള്ള ആസ്തിയുണ്ടോ എന്നിവ ചോദിച്ച് മനസിലാക്കണം. വായ്പക്കാരന്റെ ക്രെഡിറ്റ് റിപ്പോർട്ടും അതുവരെ ബാക്കിയുള്ള വായ്പ തിരിച്ചടവുകളെ പറ്റിയും ധാരണ വേണം. ക്രെഡിറ്റ് റിപ്പോർട്ട് മോശമാണെങ്കിൽ നോ പറയുന്നതാകും ബുദ്ധി.
Also Read: ചെലവോട് ചെലവാണോ? പൈസ മിച്ചം പിടിക്കാനും വഴിയുണ്ട്! എങ്ങനെയെന്നറിയാം

വായ്പ വേണോ ജാമ്യം അരുത്
വീട് വെക്കാനോ, വാഹനം വാങ്ങാനോ അതുമല്ല ഒരു വ്യക്തിഗത വായ്പയ്ക്കോ ബാങ്കിനെ സമീപിക്കാനൊരുങ്ങുകയാണെങ്കിൽ ജാമ്യം നിൽക്കാതരിക്കുന്നതാണ് ബുദ്ധി. മറ്റൊരാൾക്ക് ജാമ്യക്കാരനായതിന്റെ പേരിൽ വായ്പ ലഭിക്കാനുളള സാധ്യത കുറയാം. പലിശ ആനുകൂല്യങ്ങൾ കുറയും. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളയാൾക്ക് പ്രത്യേക നിരക്കിലുള്ള പലിശ ബാങ്കുകൾ നൽകുന്നുണ്ട്. വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കുകയാണെങ്കിൽ അത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിനെയാണ് ബാധിക്കുക. ഇത് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. വായ്പ സംരക്ഷണ ഇൻഷൂറൻസ് എടുക്കാൻ വായ്പയെടുക്കുന്നയാളോട് ആവശ്യപ്പെടണം. വായ്പക്കരാൻ മരണപ്പെട്ടാലോ അപകടം സംഭവിച്ചാലോ ഈ വായ്പ സഹായകമാകും.

കരാറിൽ ഏർപ്പെടുക
ഇനി ജാമ്യം നിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ വായ്പക്കാരൻ കുടിശ്ശിക വരുത്തിയാൽ എങ്ങനെ ഇടപെടാമെന്നതിനെ പറ്റി ഒരു പ്ലാനുണ്ടാക്കണം. ജാമ്യക്കാരനായാൽ വായ്പ കാലാവധിക്ക് ഇടയിൽ പിന്മാറ്റം ബുദ്ധിമുട്ടാണ്. വായ്പക്കാരൻ പുതിയ ജാമ്യക്കാരനെ കണ്ടെത്തി ബാങ്ക് അംഗീകാരം നൽകിയാലും ഇത് നടപ്പാകാൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ വായ്പ തിരിച്ചടവിന് വായ്പക്കാരനിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മറ്റു സുഹൃത്തു്ക്കളുടെയും സഹായം തേടണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടൊപ്പം വായ്പയെടുത്തയാളുമായി ജാമ്യക്കാരൻ ഒരു കരാറിലെത്തുന്നത് നന്നാകും. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജാമ്യക്കാരൻ അടക്കുന്ന തുക തിരിച്ചു തരുമെന്ന കരാർ ജാമ്യക്കാരന് സുരക്ഷയാണ്.