ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കാൻ മറക്കുന്നത് പലർക്കും സർവ്വ സാധാരണമാണ്. എന്നാൽ പലതവണകളായി ഇങ്ങനെ ബില്ല് മുടങ്ങുന്നത് നിങ്ങൾക്കെതിരെ ക്രിമിനൽ കുറ്റം വരെ ചുമത്തുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിയേക്കാം. ഒരോ കെഡിറ്റ് കാർഡ് കമ്പനിയും വിവിധ തീയതികളിലേക്കായാണ് ഉപഭോക്താവിന്റെ ബില്ല് തയ്യാറാക്കുന്നത്. ഈ ബില്ല് കൃത്യമായി അടയ്ക്കാത്ത പക്ഷം ക്രെഡിറ്റ് സ്കോർ കുറയുമെന്നത് മാത്രമാണ് പലരും കണക്കാക്കുന്നത്. എന്നാൽ ഓരോ തവണയും അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ തുടർച്ചയായി നിങ്ങളുടെ ഇലക്ട്രോണിക് പേയ്മെന്റ് തടസ്സപ്പെടുമ്പോൾ, പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട് പ്രകാരം നിങ്ങളുടെ പേരിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുന്നുണ്ട്.
അടുത്തിടെ എസ്ബിഐ നൽകിയ കണക്കുപ്രകാരം, ഇങ്ങനെ തുടർച്ചയായി പേയ്മെന്റ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 138 അടിസ്ഥാനമാക്കി 19,201 കേസുകളും പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട് സെക്ഷൻ 25 പ്രകാരം 14,174 കേസുകളും കമ്പനി ഫയൽ ചെയ്തിട്ടുണ്ട്. ഇങ്ങനെ തുടർച്ചയായി പേയ്മെന്റുകളിൽ വീഴ്ച വരുത്തുമ്പോൾ എസ്ബിഐ അധികൃതർ ഉപഭോക്താവുമായി നേരിട്ടും എസ്എംഎസ് മുഖേനയും സംസാരിക്കുന്നതാണ്. തുടർന്നും വീഴ്ച വരുത്തുന്നത് ഉപഭോക്താവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് ഇടയാക്കും.
ബാങ്ക് പൊട്ടിയാൽ എത്ര രൂപ നിക്ഷേപിച്ചവർക്കും കിട്ടുന്നത് ഒരു ലക്ഷം രൂപ മാത്രം
ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിന്റെ പേയ്മെന്റ് ഹിസ്റ്ററി പരിശോധിച്ച ശേഷമായിരിക്കും അക്കൗണ്ട് ബോക്ക് ചെയ്യുന്നത് താൽക്കാലിമായിട്ടാണോ ശാശ്വതമായിട്ടാണോ എന്ന് തീരുമാനിക്കുന്നതെന്നും എസ്ബിഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇങ്ങനെ ബോക്ക് ചെയ്ത് കഴിഞ്ഞാൽ ഏകദേശം 6 മാസത്തിന് ശേഷം, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഒരു റിക്കവറി പൂളിലേക്ക് മാറ്റുന്നതാണ്. ഇങ്ങനെ കൂടുതൽ പ്രശ്നക്കാരായ ഉപഭോക്താക്കളുടെ അക്കൗണ്ട് ആർബിട്രേഷൻ, അനുരഞ്ജനം, നിയമപരമായ അറിയിപ്പുകൾ, പോലീസ് പരാതി, ലോക് അദാലത്ത് തുടങ്ങി നിരവധി തർക്ക പരിഹാര ചാനലുകളിൽ ചർച്ചയ്ക്ക് വെയ്ക്കുന്നതാണ്. കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 138 പ്രകാരം നിയമ നടപടികളും എടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ രണ്ട് സെക്ഷൻ പ്രകാരവും കേസ് എടുക്കുകയാണെങ്കിൽ രണ്ട് വർഷം വരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.