2021-22 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള ജോലികൾ തുടങ്ങിയിരിക്കുകയാണ്. വരുമാനം അത്രയ്ക്കൊന്നുമില്ലലോ പിന്നെന്ത് ആദായ നികുതിയെന്ന് കരുതിയിരിക്കുന്നവരാകും പലരും. ആദായ നികുതി നിയമത്തില്‍ ഇടയ്ക്കിടെ പല ഭേദഗതികളും വരുന്നുണ്ട്. ഇവ കൃത്യമായി അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇത്തരത്തിലൊന്നാണ് ചെലവുമായി ബന്ധപ്പെട്ടത്. വരുമാനം മാത്രമാണ് ആദായ നികുതിയുമായി ബന്ധപ്പെട്ടതെന്ന് കരുതിയവർക്ക് തെറ്റി. ചെലവുകളെ കണക്കാക്കിയും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനര്‍ഥം നിങ്ങളുടെ വരുമാന പരിധി കടന്നില്ലെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് തന്നെയാണ്. ഇത്തരത്തിൽ വൈദ്യുത ബിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപയിൽ കൂടിയിട്ടുണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.

ആർക്കൊക്കെ ബാധകം
2019 ലെ യൂണിയൻ ബജറ്റിലാണ് ഈ നിർദ്ദേശം കൊണ്ടുവന്നത്. വ്യക്തികള്‍ക്കോ ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലിയുടെയോ വരുമാനം പരിധി കടന്നില്ലെങ്കിലും വൈദ്യുത ബില്‍ ചെലവ് ഇനത്തില്‍ വര്‍ഷം 1 ലക്ഷം രൂപ കടന്നാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനോടൊപ്പം വിദേശ യാത്രയ്ക്കായി 2ലക്ഷം രൂപയിലധികം ചെലവാക്കിയവര്ക്കും റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. ഒന്നോ അതിലധികമോ ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ കറന്റ് അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ 1 കോടിക്ക് മുകളില്‍ നിക്ഷേപം നടത്തിയവരും ആദായ നികുതി റിട്ടേൽ സമർപ്പിക്കേണ്ടതായിട്ടുണ്ട്. ഏതൊക്ക സാഹചര്യങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കുന്ന ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 ലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2020 ഏപ്രില്‍ മുതലാണ് ഇത് പ്രാവര്‍ത്തികമായത്. 2019-20 സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ഇതും ബാധകമായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് 2022 ഏപ്രില്‍ 21 ന് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പറയുന്നത്.

ഇത് കൂടാതെ വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേൺ സമർപ്പിക്കേണ്ട ചില സന്ദർഭങ്ങൾ കൂടിയുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിൽ നികുതി റിട്ടേൺ സമർപ്പിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസിലെ മൊത്തം കച്ചവടം 60 ലക്ഷത്തില്‍ കടന്നെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. പ്രൊഷണലുകള്‍ക്ക് ഗ്രോസ് റസീപ്റ്റ് 10 ലക്ഷത്തില്‍ കടന്നാല്‍ ഇത് ബാധകമാണ്. 60 വയസിന് താഴെ പ്രായമുള്ളവരില്‍ നിന്ന് ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് ഇനത്തിൽ 25000 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ റിട്ടേൺ സമർപ്പിക്കണം. 60 വയസ് കടന്നവര്‍ക്ക് 50,0000 രൂപ ടിഡിഎസ് പിടിച്ചാലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.
Also Read: ഒരു വെടിക്ക് രണ്ടു പക്ഷി; ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവും; ഇത് സൂപ്പർ സ്റ്റാർ നിക്ഷേപം

ആദായ നികുതി റിട്ടേൺ സമർപ്പിക്കൽ എപ്പോൾ
2021-22 സാമ്പത്തിക വർഷത്തിലെ (അസ്സ്മെന്റ് ഇയർ 2022-23) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. സമയം കഴിഞ്ഞുള്ള റിട്ടേണ്‍ സമർപ്പിക്കലിന് 1,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴയുണ്ട്. നികുതി അടക്കാനില്ലാത്തയാളാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വൈകിയാല്‍ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. വരുമാനം 5 ലക്ഷം വരെയാണെങ്കില്‍ പിഴ 1,000 രൂപയില്‍ നില്ക്കും.
ആദായ നികുതി റിട്ടേണ്‍ സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെക്ഷന്‍ 139(8എ) പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ റിട്ടേൺ സമര്‍പ്പിക്കാം. ഇത്തരക്കാർക്ക് 25 ശതമാനം മുതല്‍ 50 ശതമാനം വരെ അധികം ആദായ നികുതിയും പലിശയും അടക്കേണ്ടി വരും.
Also Read: അതാ ഒരു അഡാര്‍ ഐറ്റം; സാധാരണക്കാരനും കോടിപതിയാകാം; തുടങ്ങാം 15,000 രൂപയുടെ നിക്ഷേപം