വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികളും തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനോടൊപ്പം മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തനഫലം മെച്ചപ്പെടുത്തിയവരും വിപണിയിലെ ഇടിവിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ളതും സമീപ ഭാവിയില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.

ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക് (BSE: 500469, NSE: FEDERALBNK). 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. നിലവില്‍ 1.12 കോടി ഉപഭോക്താക്കളും 1,291 ശാഖകളും 1,447 എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുണ്ട്. മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും ഫെഡറല്‍ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നു.

ഓഹരി വിശദാംശം
ഫെഡറല്‍ ബാങ്കിന്റെ ആകെ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 26.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 43.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.74 ശതമാനവും കൈവശമുണ്ട്. ഇതില്‍ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 3െ.65 ശതമാനം ഓഹരികളും സ്വന്തമാണ്. അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.75 ശതമാനമാണ്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 21.51 ആയിരിക്കുമ്പോള്‍ ഫെഡറല്‍ ബാങ്കിന്റേത് 9.95 തോതിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 82.80 രൂപയാണ്. നിലവില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 19,726 കോടിയാണ്.

അനുകൂല ഘടകം
ബാങ്കിന്റെ വരുമാനം പൊതുവിലെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഇതുപക്ഷേ കുടുംബ പെന്‍ഷന്റെ അധിക ചെലവ് വഹിക്കേണ്ടി വന്നതിന്റെ ഫലമാണ്. എങ്കിലും സമീപകാലത്തെ താഴ്ന്ന വായ്പാ ചെലവ് കൈവരിച്ചതിലൂടെ ഈ ചെലവിന്റെ ബാധ്യത കുറയ്ക്കാനുമായി. ബാങ്കിന്റെ ആസ്തികളുടെ ഗുണമേന്മ പൊതുവില്‍ മികച്ച നിലയിലാണുള്ളത്. ഇതിനോടൊപ്പം ബാങ്കിംഗ് മേഖലയിലെ പ്രമുഖ ഫിന്-ടെക് കമ്പനികളുമായുള്ള സഹകരണം മുഖേന പുതിയ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് മികച്ച ബിസിനസ് സാധ്യതകളും നല്കുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ബ്രോക്കറേജ് സ്ഥാപനം ഈ ഓഹരിയില്‍ ബൈ റേറ്റിങ് നിലനിര്‍ത്തി.

സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ്. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 8.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 3.1 ശതമാനവും അറ്റാദായത്തില്‍ 14.4 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ സംയോജിത വരുമാനം 4,171 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 4.36 ശതമാനവും പാദാനുപാദത്തില്‍ 1.10 ശതമാനവും ഉയര്‍ച്ചയാണ്. നാലാം പാദത്തിലെ അറ്റാദായം 588 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ധനയാണിത്.
Also Read: പ്രതീക്ഷിച്ചതിലും മികച്ച റിസള്‍ട്ട്; എന്നാലും ഈ മിഡ് കാപ് ഓഹരി ഒഴിവാക്കണം; വില 20% ഇടിയാം

ലക്ഷ്യവില 126
ഫെഡറല്‍ ബാങ്ക് ഓഹരികള്‍ തിങ്കളാഴ്ച 93 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 126 രൂപ നിലവാരത്തിലേക്ക് ഓഹരി വില ഉയരാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 36 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 107 രൂപയും താഴ്ന്ന നിലവാരം 77 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 13 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.