ഉയര്‍ന്ന സിബില്‍ സ്കോര്‍ ഉണ്ടെങ്കില്‍ വലിയ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് വായ്പ ലഭ്യമാകുമെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ അതു കൂടാതെ മികച്ച സിബില്‍ സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുമെന്ന കാര്യം അറിയാമോ?
ഉയര്‍ന്ന സിബില്‍ സ്കോര്‍ എന്നതിന് ലാഭകരമായ വായ്പാ പലിശ നിരക്ക് എന്ന് കൂടി അര്‍ഥമുണ്ട്. സാധാരണഗതിയില്‍ സിബില്‍ സ്കോര്‍ 700ന് മുകളിലാണെങ്കില്‍ മികച്ച സ്കോറായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതൊരു പരിധിയായി നിലനിര്‍ത്താതെ ഓരോ വ്യക്തിയും പരമാവധി ഉയര്‍ന്ന സിബില്‍ സ്കോര്‍ സ്വന്തമാക്കുവാന്‍ ശ്രമിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Also Read : ഈ പോസ്റ്റ് ഓഫീസ് സ്കീമില്‍ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നേടാം 1 കോടിയ്ക്ക് മേലെ!

എന്താണ് സിബില്‍ സ്കോര്‍
വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ വായ്പാ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു മൂന്നക്ക സംഖ്യയാണ് സിബില്‍ സ്കോര്‍. സിബില്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് സിബില്‍ സ്കോര്‍ നിര്‍ണയിക്കുന്നത്. കഴിഞ്ഞ 36 മാസങ്ങള്‍ക്ക് മുകളിലുള്ള വായ്പാ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലാണ് ഇതിനായി പരിശോധിക്കുക. അതായത് അപേക്ഷകന്റെ പേരിലുള്ള ഭവന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, വാഹന വായ്പകള്‍, ഓവര്‍ ഡ്രാഫ്റ്റ് സേവനങ്ങള്‍ തുടങ്ങി എല്ലാ ബാധ്യതകളും അവയുടെ തിരിച്ചടവ് ചരിത്രവും പരിശോധിക്കും.
Also Read : 15,000 രൂപ എസ്ഐപി നിക്ഷേപത്തിലൂടെ നേടാം 74 ലക്ഷം!

സിബില്‍ സ്കോര്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍
മികച്ച വായ്പാ ചരിത്രവും ഉയര്‍ന്ന സിബില്‍ സ്കോറും ലഭ്യമാകുവാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ വായ്പാ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കുടിശ്ശിക വരുത്താതെ കൃത്യ സമയത്ത് തിരിച്ചടവ് നടത്തുക എന്നതാണ്. ഇവയില്‍ ഒരു തവണയാണെങ്കില്‍ പോലും നിങ്ങള്‍ വീഴ്ച വരുത്തിയാല്‍ അത് ക്രെഡിറ്റ് സ്കോര്‍ കുറയുവാന്‍ കാരണമാകും. അതുവഴി നിങ്ങളുടെ വായ്പാ യോഗ്യതയും കുറയും. അടുത്ത ഘടകം വായ്പാ വിനിയോഗമാണ്. ഉദാഹരണത്തിന് നിങ്ങളുടെ പക്കല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ട് എങ്കില്‍ അതില്‍ എത്രത്തോളം നിങ്ങള്‍ ഉപഭോഗം നടത്തുന്നുണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. തമ്പ് റൂള്‍ പ്രകാരം 30 ശതമാനം മുതല്‍ 50 ശതമാനം വരെയായിരിക്കണം നിങ്ങളുടെ വായ്പാ ഉപഭോഗം.

വായ്പയ്ക്കായി നടത്തുന്ന എന്‍ക്വയറികള്‍
മൂന്നാമത്തെ ഘടകം നിങ്ങള്‍ വായ്പയ്ക്കായി നടത്തുന്ന അന്വേഷണം അഥവാ എന്‍ക്വയറികളുടെ എണ്ണമാണ്. അതായത് എത്ര ഇടവേളകളിലാണ് നിങ്ങളുടെ വായ്പാ എന്‍ക്വയറികള്‍ ഉണ്ടാകുന്നത് എന്നത്. അടിക്കടി വായ്പയ്ക്കായി അന്വേഷിക്കുന്നതും അപേക്ഷിക്കുന്നതും സിബില്‍ സ്കോറിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ നിങ്ങളുടെ വായ്പകളില്‍ തന്നെ സെക്യേര്‍ഡ് വായ്പകളും (ഉദാ. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവ) അണ്‍സെക്യേര്‍ഡ് വായ്പകളും (ഉദാ. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍) തമ്മില്‍ ആരോഗ്യകരമായ ഒരു അനുപാതം ഉണ്ടായിരിക്കേണ്ടതുണ്ട്.

സിബില്‍ സ്കോര്‍ ഇടിയുവാന്‍
പല ഘടകങ്ങളും നിങ്ങളുടെ സിബില്‍ സ്കോര്‍ ഇടിയുവാന്‍ കാരണമായേക്കാം. എന്നാല്‍ നാം എപ്പോഴും സ്കോര്‍ മികച്ച നിലയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങളില്‍ ആയിരിക്കണം. കുറച്ചധികം സമയമെടുക്കുമെങ്കിലും നിങ്ങളുടെ പെയ്മെന്റ് ബിഹേവിയറില്‍ അച്ചടക്കം കൊണ്ടുവന്നാല്‍ താഴേക്ക് പോയ ക്രെഡിറ്റ് സ്കോര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമുക്ക് സാധിക്കുന്നതാണ്. സിബില്‍ സ്കോര്‍ മെച്ചപ്പെടുത്തുവാനുള്ള ആദ്യ വഴി കുടിശ്ശികകള്‍ കൊടുത്തു തീര്‍ക്കുക എന്നതാണ്. എപ്പൊഴാണോ നിങ്ങളുടെ പക്കല്‍ ബോണസായോ മറ്റേതെങ്കിലും രീതിയിലോ അധിക തുക വരുന്നത് ആ തുക ഉപയോഗിച്ച് വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്കകുവാന് ശ്രമിക്കാം.

സിബില്‍ സ്കോര്‍ ഉയര്‍ത്തുവാന്‍ എന്ത് ചെയ്യാം?
നിങ്ങളുടെ നിലവിലുള്ള വായ്പകളില്‍ പലിശ നിരക്ക് കൂടുതലുള്ള വായ്പ വേഗത്തില്‍ തിരിച്ചടവ് നടത്താന്‍ ശ്രമിക്കുക എന്നതാണ് സിബില്‍ സ്കോര്‍ ഉയര്‍ത്തുവാനുള്ള അടുത്ത വഴി. ഉയര്‍ന്ന പലിശയുള്ള വായ്പകളുടെ വേഗത്തിലുള്ള തിരിച്ചടവിന് ആവശ്യമെങ്കില്‍ കുറഞ്ഞ പലിശ നിരക്കുള്ള സെക്യേര്‍ഡ് വായ്പകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഒപ്പം എല്ലായിപ്പോഴും നിങ്ങളുടെ ഇഎംഐ ബാധ്യത ആകെ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തിന് മുകളിലാകാതിരിക്കുവാന് ജാഗ്രത പുലര്‍ത്തുക.