റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർധനവിനൊപ്പം ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുകയാണ്. മിക്ക ബാങ്കുകളുടെയും പലിശ നിരക്കുകൾ ഉയർന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. സുരക്ഷിതമായി പണം സൂക്ഷിക്കാൻ മുതിർന്ന പൗരന്മാർ ബാങ്കുകളെയാണ് ഉപയോഗിക്കുന്നത്. എന്നാൽ പല മുതിർന്ന പൗരന്മാർക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ കുറവാണ്. മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ബാങ്കുകൾ പരിചയപ്പെടാം.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് പ്രകാരം 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. ഇതിൽ 2 വർഷം മുതൽ 30 മാസത്തിൽ കുറവ് കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും മികച്ച പലിശ ലഭിക്കുന്നത്. 8.01 ശതമാനം പലിശ ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്. 1 വർഷവും 25 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 7.75 ശതമാനം പലിശ നൽകുന്നുണ്ട്.
Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കുകളിൽ മികച്ച പലിശ പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നുണ്ട്. ജനുവരി 1ന് പുതുക്കിയ പലിശ നിരക്ക് പ്രകാരം 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 7.30 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
666 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപം വഴി സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. ഇതേ കാലയളവിൽ 7.75 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നുണ്ട്.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്കിൽ 7 ദിവസം മുതൽ 120 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 4.25 ശതമാനം മുതൽ 8.10 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 700 ദിവസത്തേക്കും 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.35 ശതമാനം പലിശ ബാങ്ക് നൽകുന്നു.
18 മാസം മുതൽ 700 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശയും 36 മാസം മുതൽ 120 മാസത്തേക്ക് 8.10 ശതമാനം പലിശയും ഡിസിബി ബാങ്ക് നൽകുന്നു.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്
18 മാസം മുതൽ 3 വർഷത്തേക്ക് കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 8 ശതമാനം പലിശ നൽകുന്നുണ്ട്. യെസ് ബാങ്കിന്റെ 25 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. 35 മാസം കാലാവധിയുള്ള മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിക്ക് 8.25 ശതമാനം പലിശ യെസ് ബാങ്ക് നൽകുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ 7.50 ശതമാനമാണ്. പൊതുമേഥലാ ബാങ്കായ കാനറാ ബാങ്ക് 444 ദിവസത്തേക്ക് 7.65 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്.
ടിഡിഎസ്
60 വയസിന് മുകളിൽ പ്രായമുള്ളതും 80 വയസിന് താഴെ പ്രായമുള്ളവരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസവും മുകളിലും പ്രായമുള്ളവരെ സൂപ്പർ സീനിയർ സിറ്റസൺ എന്നാണ് പരിഗണിക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയ്ക്ക് മുകളിൽ ബാങ്കുകൾ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. 10 ശതമാനാണ് ടിഡിഎസ് നിരക്ക്. പാൻകാർഡ് ഇല്ലെങ്കിൽ 20 ശതമാനം ഈടാക്കും.
മുതിർന്ന പൗരന്മാർക്ക് 50,000 രൂപയിൽ കൂടുതലായാണ് 10 ശതമാനം ടിഡിഎസ് ഈടാക്കുക. വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കവിയാത്തവർക്ക് 15എച്ച് ഫോം സമർപ്പിച്ചാൽ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.