ഡിസംബര്‍ പാദത്തില്‍ ഓഹരി വിപണിയില്‍ ഭേദപ്പെട്ട ചാഞ്ചാട്ടവും തിരുത്തലും നേരിട്ട കാലയളവായിരുന്നു. വിദേശ നിക്ഷേകരും കോടിക്കണക്കിന് രൂപയുടെ ഓഹിരകളാണ് വിറ്റൊഴിവാക്കിയത്. സമാനമായി മള്‍ട്ടിബാഗര്‍ സെപ്ഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജരും മലയാളിയുമായ പൊറിഞ്ചു വെളിയത്തും ഡിസംബര്‍ പാദത്തില്‍, അദ്ദേഹത്തിന്റെ പോര്‍ട്ട് ഫോളിയോയില്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുന്നു. ഇക്കാലയളവില്‍ കൈയിലുണ്ടായിരുന്ന 4 ഓഹരികളാണ് അദ്ദേഹം വിറ്റൊഴിവാക്കിയത്. പകരം മൂന്ന് ഓഹരികള്‍ പുതിയതായി വാങ്ങിയിട്ടുമുണ്ട്. നിലവില്‍ പരസ്യമായി 18 ഓഹരികളില്‍ 204.2 കോടി രൂപയുടെ നിക്ഷേപം പൊറിഞ്ചുവിന് ഉണ്ടെന്നാണ് ട്രെന്ഡിലൈന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എങ്ങനെ മനസിലാക്കാം ?
മൂലധന വിപണിയുടെ രാജ്യത്തെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും കമ്പനിയിലെ മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. കുറഞ്ഞത് കമ്പനിയുടെ ആകെ ഓഹരിയില്‍ ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
Also Read: എല്ലാം ഒന്നിനൊന്ന് ബെസ്റ്റ്; അധികമാരും ശ്രദ്ധിക്കാത്ത 5 ടാറ്റ ഗ്രൂപ്പ് കമ്പനികളിതാ

പുതിയതായി വാങ്ങിയത്
സ്മോള്‍ കാപ് ഓഹരികളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയത്ത് ഡിസംബര്‍ പാദത്തില്‍ മൂന്ന് കമ്പനികളുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഓറം പ്രോപ്ടെക് (Aurum Proptech) ലിമിറ്റഡിന്റെ 1.05 ശതമാനം അഥവാ 3,00,000 ഓഹരികളാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. തനേജ എയ്റോസ്പേസ് & ഏവിയേഷന്റെ 1.07 ശതമാനം അഥവാ 2,68,000 ഓഹരികളും അന്‍സല്‍ ബില്ഡ്വെല് (Ansal Buildwell) ലിമിറ്റഡിന്റെ 2.03 ശതമാനം അഥവാ 1,50,000 ഓഹരികളുമാണ് പൊറിഞ്ചു വെളിയത്ത് ഡിസംബര്‍ പാദത്തില്‍ പുതിയതായി വാങ്ങിയത്.

ഒഴിവാക്കിയ കമ്പനികള്‍
ഏറ്റവുമൊടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഓഹരി കൈവശമുള്ള പ്രധാന നിക്ഷേപകരുടെ പട്ടികയില്‍ പൊറിഞ്ചുവിന്റെ പിഎംഎസ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് പേര് കാണാതായിരിക്കുന്നത് 4 കമ്പനികളിലാണ്. അതായത്, ഈ ഓഹരികളില്‍ നിന്നും പൊറിഞ്ചു വെളിയത്ത് പിന്മാറിയെന്ന് ചുരുക്കം. അഗ്രോ ടെക് ഫുഡ്സ്, ഈസ്റ്റേണ്‍ ട്രീഡ്സ്, ഡാന്‍ലോ ടെക്നോളജീസ് ഇന്ത്യ, ഐആര്‍ഐസ് ബിസിനസ് സര്‍വീസസ് എന്നിവയാണ് ഡിസംബര്‍ പാദത്തില്‍ പൊറിഞ്ചു വെളിയത്ത് ഒഴിവാക്കിയ ഓഹരികള്‍.
Also Read: 50-ലേറെ അനലിസ്റ്റുകളുടെ സര്‍വേ; കുറഞ്ഞത് 25% ലാഭം നല്കാവുന്ന 11 ബാങ്ക് ഓഹരികള്‍ ഇതാ

നിക്ഷേപം വര്‍ധിപ്പിച്ചത്
ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ കൈവശം ഉണ്ടായിരുന്ന ചില കമ്പനികളിലെ ഓഹരി പങ്കാളിത്തം പൊറിഞ്ചു വെളിയത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചെറുകിട കമ്പനിയായ കേരള ആയുര്‍വേദയില്‍ 1.33 ശതമാനം ഓഹരികളാണ് അദ്ദേഹം അധികമായി വാങ്ങിയത്. ഇതോടെ കേരള ആയുര്‍വേദയില്‍ പൊറിഞ്ചുവിന്റെ പങ്കാളിത്തം 2.37 ശതമാനമായി ഉയര്‍ന്നു. സമാനമായി മക്ഡവല്‍ ഹോള്ഡിംഗ്്സിലും ഓറിയന്റ് ബൈല്സിലും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്.

മാറ്റമില്ലാത്ത 9 ഓഹരികള്‍
സെപ്റ്റംബര്‍ പാദം മുതലെങ്കിലും കൈവശമുള്ള 9 കമ്പനികളുടെ ഓഹരികളിലാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപം അതേപടി ഡിസംബര്‍ പാദത്തിലുടനീളം മാറ്റമില്ലാതെ നിലനിര്‍ത്തിയത്. ഗാട്ടി (Gati), ഷാലിമാര്‍ പെയിന്റ്സ്, സ്വെലക്ട് എനര്‍ജി സിസ്റ്റംസ്, കായ (Kaya), ഡൂറോപോളി ഇന്‍ഡസ്ട്രീസ്, കുപിഡ് (Cupid), എച്ച്പിഎല്‍ ഇലക്ട്രിക് & പവര്‍, ആര്‍പിഎസ്ജി വെഞ്ച്വര്‍സ്, സൊമാനി ഹോം ഇന്നൊവേഷന് എന്നീ ഓഹരികളിലാണ് മൂന്നാം പാദത്തിലും ഓഹരി പങ്കാളിത്തം മാറ്റമില്ലാതെ തുടര്‍ന്നത്.

നിക്ഷേപ തന്ത്രം
പരമാവധി പോര്ട്ട്ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചുവിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെയും കഷമയോടെ കാത്തിരിക്കുകയുമാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. ഇതിലൂടെ അനേകമിരട്ടി ലാഭം കൊണ്ടുവരുന്ന 'മള്‍ട്ടിബാഗറു'കളില്‍ പൊറിഞ്ചു നിരവധി തവണം നിക്ഷേപം നടത്തി വിജയം വരിച്ചിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.