സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF-പിപിഎഫ്) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 1968-ലാണ് പദ്ധതിയുടെ തുടക്കം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ നിക്ഷേപ പദ്ധതികളിലൊന്നാണിത്. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്.

ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാവില്ല. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പെ ആരംഭിച്ച അക്കൗണ്ട് നിലനിര്‍ത്താനാകും. പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വളരെ എളുപ്പമാണ്. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് ആരംഭിക്കാം. അല്ലെങ്കില്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫിസിലോ അക്കൗണ്ട് തുറക്കാനാകും.

ആനൂകൂല്യങ്ങള്‍
വര്‍ഷം തോറും നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്. പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാലാവധി പൂര്‍ത്തിയായാല്‍
2007-ല്‍ ആരംഭിച്ച പിപിഎഫ് അക്കൗണ്ട് ഈ വര്‍ഷം മേയില്‍ കാലാവധി പൂര്‍ത്തിയാകും. അതായത് പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം തികയും. എന്നാല്‍ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ താത്പര്യം ഇല്ലെങ്കില്‍ കാലാവധി ദീര്‍ഘിപ്പിക്കാനും വഴിയുണ്ട്. 2019-ലെ പിപിഎഫ് സ്കീമുമായി ബന്ധപ്പെട്ട നിയമത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന് കാലാവധി പൂര്‍ത്തിയായാല്‍ 3 മാര്‍ഗങ്ങള്‍ മുന്നിലുണ്ട്.
- 1) അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ തുകയും തിരിച്ചെടുക്കാം
- 2) പുതിയ നിക്ഷേപത്തില്‍ അക്കൗണ്ട് കാലാവധി ദീര്‍ഘിപ്പിക്കാം
- 3) പുതിയ നിക്ഷേപമില്ലാതെ തന്നെ അക്കൗണ്ട് കാലാവധി നീട്ടാം

അക്കൗണ്ട് അവസാനിപ്പിക്കുന്നത്
പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായാല്‍ പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്ന തീയതി കണക്കാക്കിയല്ല 15 വര്‍ഷ കാലാവധി അളക്കുന്നത്. 2019-ലെ നിയമപ്രകാരം, സ്കീമിലേക്കുള്ള ആദ്യ അടവ് സമര്‍പ്പിക്കുന്ന സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായതിന് ശേഷമുള്ള 15 വര്‍ഷമാണ് കാലാവധിയായി കണക്കാക്കുന്നത്.
Also Read: കൂടുതൽ വരുമാനം വേണോ? റിസ്കില്ലാതെ ഉയർന്ന പലിശ കിട്ടുന്ന നിക്ഷേപങ്ങൾ ഇതൊക്കെ

പുതിയ നിക്ഷേപമില്ലാതെ തുടരാം
എത്ര കാലത്തേക്ക് വേണമെങ്കിലും പുതിയ നിക്ഷേപമില്ലാതെ അക്കൗണ്ട് നിലനിര്‍ത്താം. പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പലിശയും ലഭിക്കും. എല്ലാ വര്‍ഷം എത്ര തുക വേണമെങ്കിലും പിന്‍വലിക്കാം. എന്നാല്‍ ഒരു വര്‍ഷത്തിലധികം കാലം പുതിയ നിക്ഷേപങ്ങളില്ലാതെ തുടര്‍ന്നാല്‍ പിന്നീട് അക്കൗണ്ടില്‍ നിക്ഷേപം കൂട്ടിച്ചേര്‍ത്ത് തുടരാന്‍ അനുവദിക്കുകയില്ല.

പുതിയ നിക്ഷേപത്തോടെ തുടരാം
15 വര്‍ഷ കാലാവധി പൂര്‍ത്തിയായാല്‍ പുതിയ നിക്ഷേപത്തോടെ അക്കൗണ്ട് തുടരാനാവും. 5 വര്‍ഷത്തെ കാലയളവ് വീതം എത്ര തവണ വേണമെങ്കിലും അക്കൗണ്ട് പുതുക്കാം. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് തുടരാനുള്ള അവസരം വിനിയോഗിച്ചിട്ട് പിന്നീട് പിന്മാറാന് സാധിക്കില്ല. ആദ്യ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ പുതിയ നിക്ഷേപത്തോടെ പദ്ധതിയില്‍ തുടരുന്ന കാര്യം ബാങ്ക്/ പോസ്റ്റ് ഓഫീസിനെയോ അറിയിക്കണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ പുതിയ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കില്ല.

പദ്ധതിയില്‍ തുടര്‍ന്നാല്‍ 5 വര്‍ഷ കാലാവധയില്‍ പരമാവധി 60 ശതമാനം തുകയേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ഒറ്റത്തവണയായോ വര്‍ഷാവര്‍ഷമുള്ള തവണകളായോ പിന്‍വലിക്കാന്‍ സാധിക്കും. അതേസമയം ആദ്യ കാലാവധിക്ക് ശേഷം ചേര്‍ന്ന തുടര്‍ 5 വര്‍ഷ കാലയളവ് ഒരു തവണയോ അതില്‍ കൂടതലോ പൂര്‍ത്തിയാക്കിയാല്‍, അക്കൗണ്ട് ഉടമയ്ക്ക് പുതിയ നിക്ഷേപമില്ലാതെ പദ്ധതിയില്‍ തുടരാനുമുള്ള സ്വാതന്ത്ര്യമുണ്ട്. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കുന്നതു വരെയുള്ള പലിശ അക്കൗണ്ടില്‍ വരവ് വയ്ക്കുകയും ചെയ്യും. അതേസമയം അക്കൗണ്ട് ഉടമയ്ക്ക് എല്ലാ വര്‍ഷവും ഒരു തവണ തുക പിന്വിലക്കാനും സാധിക്കും.