മുതിർന്ന പൗരന്മാരാകുമ്പോൾ അപകട സാധ്യതയില്ലാത്ത സുരക്ഷിത നിക്ഷേപങ്ങളെയാണ് താൽപര്യപ്പെടുക. റിസര്‍വ് ബാങ്കിന്റെ ശക്തമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഉളളതിനാല്‍ താരതമ്യേന റിസ്ക് കുറവുള്ളതും സ്ഥിരവരുമാനം നല്കുന്നതുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. കോവിഡ് കാലഘട്ടത്തില്‍ പലിശ നിരക്ക് താഴ്ന്നിരുന്നെങ്കിലും റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതോടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കും വർധിച്ചു. ഇത്തരത്തിൽ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 8.30 ശതമാനം പലിശ നൽകുന്നൊരു സ്വകാര്യ ബാങ്കിനെ പരിചയപ്പെടാം.
ആർബിഎൽ ബാങ്ക് നിക്ഷേപം
മുംബൈ ആസ്ഥാനമായ ആര്‍ബിഎല്‍ ബാങ്ക് ഈയിടെയാണ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുയര്‍ത്തിയത്. 3.75 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരില് തന്നെ പ്രത്യേക വിഭാഗത്തിന് 0.75 ശതമാനം അധിക നിരക്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കും. ഇപ്രകാരം 8.30 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും.

പലിശ നിരക്ക്
453 ദിവസം മുതല്‍ 725 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് 8.05 ശതമാനം പലിശ ലഭിക്കുന്നത്. 12 മാസം മുതല്‍ 15 മാസത്തേക്ക് 7.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും, 762 ദിവസം മുതല്‍ 60 മാസത്തേക്കും 7.50 ശതമാനം പലിശ ലഭിക്കും. 60 മാസം മുതല്‍ 240 മാസത്തേക്ക് 6.75 ശതമാനം പലിശയും ബാങ്ക് നല്കുന്നു. 5 വര്‍ഷത്തെ ലോക്-ഇന്‍ പിരിയഡുള്ള ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിനും ഇതേ പലിശ നിരക്ക് ലഭിക്കും.
* 7 ദിവസം മുതല്‍ 14 ദിവസം - 3.75%
* 15 ദിവസം മുതല്‍ 45 ദിവസം- 4.25%
* 46 ദിവസം മുതല്‍ 90 ദിവസം- 4.50%
* 91 ദിവസം മുതല്‍ 180 ദിവസം- 5%
* 181 ദിവസം മുതല്‍ 240 ദിവസം- 5.50%
* 241 ദിവസം മുതല്‍ 364 ദിവസം- 6.35%
8.30 ശതമാനം പലിശ
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍പ്പെടുന്ന 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഉയര്‍ന്ന നിരക്കായ 8.30 ശതമാനം പലിശ ലഭിക്കുന്നത്. 453 ദിവസം മുതല്‍ 725 ദിവസം വരെയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് നല്‍കുന്നത്. 60 വയസ് മുതല്‍ 80 വയസ് വരെ പ്രായമുള്ളവരെ മുതിര്‍ന്ന പൗരന്മാരായും 80 മുകളില്‍ പ്രായമുള്ളവരെ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സായുമാണ് കണക്കാക്കുന്നത്.
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ 12 മാസം മുതല്‍ 15 മാസം വരെ 7.75 ശതമാനം പലിശ ലഭിക്കും. 36 മാസം മുതല്‍ 60 മാസത്തേക്ക് 7.30 ശതമാനം പലിശയും 60 മാസം മുതല്‍ 240 മാസത്തേ്ക്ക് 7 ശതമാനവും ലഭിക്കും.
8 ശതമാനത്തിന് മുകളിൽ നൽകുന്ന ബാങ്കുകൾ
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.75% അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്കായി വാഗ്ദാനം ചെയ്യുന്നത്. 80 ആഴ്ചയിലേക്കുള്ള (560 ദിവസം) മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.75 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. ഇതേ എഫ്ഡി പദ്ധതിയില്‍ 8 ശതമാനം പലിശയാണ് മറ്റു വിഭാഗം നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.50% അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്കായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ എഫ്ഡി പദ്ധതികളില്‍ നിന്നും 1,000 ദിവസത്തേക്കുള്ള എഫ്ഡി നിക്ഷേപത്തിനാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 8.50 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനം പലിശയും ലഭിക്കും.