കൂലിക്കാരന്റെ മകന്‍ മുസ്തഫ ഇന്ന് 100 കോടിയുടെ ഉടമ; നന്ദി പറയുന്നത് ദൈവത്തിനും പിന്നെ മാത്യു സാറിനും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലുമറിയാതെ ആറാം ക്ലാസ്സില്‍ തോറ്റ് കൂലിപ്പണിക്ക് പോയതായിരുന്നു വയനാടന്‍ കുഗ്രാമത്തില്‍ ജനിച്ച പി സി മുസ്തഫ. എന്നാല്‍ ഇന്ന് 100 കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ് ഈ ചെറുപ്പക്കാരന്‍. പക്ഷെ, ഇതൊരു വ്യക്തിയുടെ ജൈത്രയാത്രയുടെ കഥയല്ല; മറിച്ച് ദാരിദ്യവും അവഹേളനവും സമ്മാനിച്ച കണ്ണീരിന്റെ ഉപ്പുരസമുള്ള പോരാട്ടമാണ്.

2019 ലെ ഇടക്കാല ബജറ്റിൽ ഗ്രാമീണ ഇന്ത്യക്കായി പ്രഖ്യാപിച്ച പദ്ധതികൾ

ജീവിതത്തില്‍ വിജയം കൊതിക്കുന്ന ആര്‍ക്കും പ്രചോദനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം. കുടുംബപശ്ചാത്തലവും കഴിവുകേടുകളുമൊന്നും ഒന്നിനും തടസ്സമല്ലെന്ന വലിയ പാഠം. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്റെ വിഹായസ്സിലേക്ക് വലിയ ദൂരമില്ലെന്ന സത്യമാണ് ഈ ചെറുപ്പക്കാരന്‍ നമ്മെ പഠിപ്പിക്കുന്നത്.

ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം
 

ദാരിദ്ര്യത്തിന്റെ കുട്ടിക്കാലം

കല്‍പ്പറ്റയ്ക്കടുത്ത കുഗ്രാമമായിരുന്ന ചെന്നലോടായിരുന്നു മുസ്തഫയുടെ കുട്ടിക്കാലം. വാപ്പ കൂലിപ്പണിക്ക് പോയി കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചുള്ള ജീവിതം. റോഡോ വൈദ്യുതിയിയോ എത്തിനോക്കാത്ത ഗ്രാമത്തില്‍ പ്രൈമറി സ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത്ത്. ഹൈസ്‌കൂളില്‍ പോവണമെങ്കില്‍ നാലു കിലോമീറ്റര്‍ നടക്കണം. അതിനാല്‍ മിക്കവരും നാലില്‍ വച്ച് പഠനം നിര്‍ത്തും. മുസ്തഫയുടെ വാപ്പയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഉമ്മയാണെങ്കില്‍ സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അതുകൊണ്ട് പഠിക്കാന്‍ പറയാനോ പഠനത്തില്‍ സഹായിക്കാനോ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍ പഠനത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആറാം ക്ലാസ്സില്‍ നിന്ന് കൂട്ടുകാരെല്ലാം ജയിച്ചപ്പോള്‍ മുസ്തഫ മാത്രം തോറ്റു. വീട്ടിലെ ദാരിദ്ര്യം കൂടിയായപ്പോള്‍ കൂലിപ്പണിക്ക് വാപ്പയ്‌ക്കൊപ്പം പോവുകയായിരുന്നു ഈ 11 കാരന്‍ പയ്യന്‍. വീട്ടിലെ നാലു മക്കളില്‍ മൂത്തയാളായിരുന്നു മുസ്തഫ. സഹോദരികളായിരുന്നു മറ്റു മൂന്നുപേരും.

കണക്ക് മാഷ് മാത്യു സാര്‍

ഈ സമയത്ത് ദൈവ ദൂതനെ പോലെ തന്റെ കണക്ക് മാഷ് മാത്യു സാര്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ തന്റെ ജീവിതം ചായത്തോട്ടങ്ങളില്‍ ഒടുങ്ങിയേനെ എന്ന് മുസ്തഫ ഓര്‍ക്കുന്നു. മറ്റെല്ലാ വിഷയങ്ങളിലും പഠിക്കാന്‍ വളരെ മോശമായിരുന്ന മുസ്തഫ പക്ഷം, കണക്കില്‍ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ കണക്ക് പഠിപ്പിക്കുന്ന മാത്യു സാറിന് കുട്ടിയെ വലിയ കാര്യവുമായിരുന്നു. ആറാം ക്ലാസ്സില്‍ തോറ്റതിനു ശേഷം കൂലിപ്പണിക്ക് പോവാന്‍ തുടങ്ങിയ മുസ്തഫ വീണ്ടും ക്ലാസ് മുറിയിലെത്തിയത് ഈ മാഷിന്റെ പ്രേരണയായിരുന്നു. ഒരു ദിവസം വീട്ടിലെത്തിയ മാഷ് മുസ്തഫയോട് ചോദിച്ചത് നിനക്കൊരു മാഷാവണോ അതോ കൂലിപ്പണിക്കാരനാവണോ എന്നായിരുന്നു. എനിക്ക് മാഷിനെ പോലെ മാഷായാല്‍ മതിയെന്ന് മുസ്തഫയും.

വീണ്ടും ആറാം ക്ലാസ്സില്‍

തന്റെ സുഹൃത്തുക്കളൊക്കെ ഏഴാം ക്ലാസ്സിലിരിക്കുമ്പോള്‍ താന്‍ മാത്രം ആറിലിരിക്കേണ്ടിവന്ന ആദ്യ നാളുകള്‍ നാണക്കേടിന്റേതായിരുന്നുവെന്ന് മുസ്തഫ ഓര്‍ക്കുന്നു. എന്നാല്‍ ആ നാണക്കേട് സമ്മാനിച്ച വാശിയില്‍ മുസ്തഫ പഠനത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. വഴങ്ങാത്ത ഇംഗ്ലീഷും ഹിന്ദിയും സ്വായത്തമാക്കാന്‍ മാത്യു സാറിന്റെ സഹായം തേടി.

മഠയന്‍ പോയി മിടുക്കനായി
 

മഠയന്‍ പോയി മിടുക്കനായി

ചുരുങ്ങിയ കാലംകൊണ്ടു തന്നെ ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ഥിയായി മുസ്തഫ മാറി. അധ്യാപകരെയെല്ലാം അല്‍ഭുതപ്പെടുത്തി ക്ലാസ്സില്‍ ഒന്നാമനായി. പത്താം ക്ലാസ്സില്‍ സ്‌കൂളിലെ തന്നെ ടോപ്പറായി. മാത്യു സാറായിരുന്നു തന്റെ റോള്‍ മോഡല്‍. അതിനാല്‍ അദ്ദേഹത്തെ പോലെ കണക്കു മാഷാവണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.

ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക്

പത്താം ക്ലാസ് പാസ്സായതിനു ശേഷമാണ് ആദ്യമായി മുസ്തഫ പുറംലോകം കാണുന്നത്. അന്ന്ത പ്രീഡിഗ്രി കോഴ്‌സ് പഠിക്കണമെങ്കില്‍ കോഴിക്കോട്ട് പോവണമായിരുന്നു. വാപ്പയ്ക്ക് ഇഷ്ടക്കേടില്ലെങ്കിലും അതിനുള്ള ചെലവ് താങ്ങാന്‍ ശേഷിയുമില്ലായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്താണ് ഫാറൂഖ് കോളേജില്‍ പഠിക്കാന്‍ പ്രേരിപ്പിച്ചത്. അതുപോലെ തന്നെ അവിടെ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. അവിടെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കിത്തന്നതും അദ്ദേഹമായിരുന്നു.

ഓസിന് കഴിക്കുന്നവനെന്ന പരിഹാസം

തന്നെ പോലെ സൗജന്യമായി പഠിക്കുന്ന 15 പേര്‍ കോളേജിലുണ്ടായിരുന്നതായി മുസ്തഫ ഓര്‍ക്കുന്നു. മൂന്നു നേരത്തെ ഭക്ഷണം കഴിക്കാന്‍ മൂന്ന് ഹോസ്റ്റലുകളിലേക്കായിരുന്നു പോയിരുന്നത്. ഓസിന് കഴിക്കുന്നവനെന്ന ചില കുട്ടികളുടെ പരിഹാസം താങ്ങാനാവുന്നതിലധികമായിരുന്നു. പക്ഷെ പഠിക്കണമെങ്കില്‍ ആ അപമാനം സഹിക്കുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. ഗ്രാമത്തില്‍ വരുന്ന തനിക്ക് ഇംഗീഷ് തീരെ വശമില്ലായിരുന്നു. ക്ലാസ്സെടുക്കുന്നത് ഈംഗ്ലീഷിലായതിനാല്‍ മുക്കാല്‍ഭാഗവും മനസ്സിലാകില്ല. തന്റെ ഒരു സുഹൃത്താണ് ഇതൊക്കെ തനിക്ക് വിശദീകരിച്ചുതന്നിരുന്നത്. അപ്പോഴേക്കും പഠനത്തിനായി കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങിയിരുന്നു. അത് ഫലം ചെയ്യുകയുമുണ്ടായി.

ആര്‍ഇസി എഞ്ചിനീയരിംഗ് കോളേജില്‍

പ്രീഡിഗ്രി കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ മുസ്തഫയ്ക്ക് ലഭിച്ചത് മികച്ച റാങ്കായ 63 ആയിരുന്നു. പ്രസിദ്ധമായ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇപ്പോഴത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജി) എളുപ്പത്തില്‍ അഡ്മിഷന്‍ കിട്ടി. ഇഷ്ടപ്പെട്ട കംപ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. ലോണും സ്‌കോളര്‍ഷിപ്പും മറ്റുമായി ആര്‍ഇസി പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കി.

ആദ്യ വിമാന യാത്ര

അക്കാലത്ത് നല്ല എഞ്ചിനീയറാവണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ 1995ല്‍ ആര്‍ഇസി പഠനം പൂര്‍ത്തിയാക്കിയ മുസ്തഫക്ക് അമേരിക്കയിലെ മന്‍ഹാട്ടന്‍ അസോസിയറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ ജോലിയും കിട്ടി. ബാംഗ്ലൂരില്‍ കുറച്ചു ദിവസം ജോലി ചെയ്ത ശേഷം മോട്ടോറോളയില്‍ ജോലി ലഭിച്ചു. തന്നെ പോലെയുള്ളവര്‍ക്ക് അക്കാലത്ത് സങ്കല്‍പ്പിക്കാനാവാത്ത കാര്യമായിരുന്നു അത്. താമസിയാതെ അയര്‍ലന്റിലേക്ക് പോസ്റ്റിംഗും കിട്ടി. അങ്ങനെ ആദ്യമായി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന് പുറത്തേക്ക് പറന്നു. അന്ന് വിമാനത്തില്‍ നിന്നു കണ്ട ബാംഗ്ലൂരിന്റെ രാത്രിക്കാഴ്ച ഒരിക്കലും മറക്കാത്ത അനുഭവമാണെന്ന് മുസ്തഫ പറയുന്നു.

ഇന്ത്യയെ മിസ്സ് ചെയ്ത ദിനങ്ങള്‍

അയര്‍ലന്റിനെയും അവിടത്ത ജനങ്ങളെയും ഏറെ ഇഷ്ടമായിരുന്നുവെങ്കിലും നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നു. നാട്ടിലെ ഭക്ഷണം പ്രത്യേകിച്ചും. ആയിടയ്ക്കാണ് സിറ്റി ബാങ്കില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചത്. അതില്‍ ചാടിവീണ് ദുബയിലെത്തി. അന്ന് ലക്ഷങ്ങളായിരുന്നു ശമ്പളം. സുഹൃത്തിന്റെ കൈയില്‍ ഒരു ലക്ഷം രൂപ വീട്ടിലേക്ക് കൊടുത്തയച്ചത് ഞാന്‍ ഓര്‍ക്കുന്നു. മകന്‍ അയച്ച ഇത്രവലിയ തുക കൈയില്‍ വാങ്ങിയപ്പോള്‍ വാപ്പയുടെ കണ്ണുകള്‍ നിറഞ്ഞതായി സുഹൃത്ത് പറഞ്ഞിരുന്നു.

പിന്നീട് സഹോദരിമാരുടെ വിവാഹം നടന്നു. 2000ല്‍ മുസ്തഫയും വിവാഹിതയായി. മാതാപിതാക്കള്‍ക്കായി ഒരു വീടും അതിനിടയില്‍ ഉണ്ടാക്കിക്കൊടുത്തു.

സ്വന്തം നാട്ടിലേക്ക് മടക്കം

കുറേക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം 2003ലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തുടര്‍പഠനമായിരുന്നു മറ്റൊരു പ്രചോദനം. ഗേറ്റ് പരീക്ഷയ്ക്ക് നല്ല സ്‌കോര്‍ നേടിയിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം തുടര്‍പഠനം സാധ്യമായിരുന്നില്ല. എന്റെ സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കണമെന്ന ആഗ്രഹമായിരുന്നു നാട്ടിലേക്ക് മടങ്ങാനുള്ള മറ്റൊരു പ്രചോദനം. നാട്ടില്‍ ഒട്ടേറെ കഴിവുള്ള ചെറുപ്പക്കാരുണ്ടായിരുന്നു. അവര്‍ക്കു കൂടി ജോലി നല്‍കാവുന്ന ഒരു സംരംഭം തുടങ്ങണമെന്നായി ചിന്ത.

ജോലി വിട്ട് നാട്ടിലേക്ക്

അവസാനം ദുബയിലെ ജോലി വിടാന്‍ തീരുമാനിച്ചു. ഇത്രനല്ല ശമ്പഴമുള്ള ജോലി ഒഴിവാക്കുന്നുവെന്ന് കേട്ട് വീട്ടുകാരൊക്കെ ഞെട്ടി. മച്ചുനന്‍ നാസറും ഭാര്യയും മാത്രമായിരുന്നു പിന്തുണയ്ക്കാനുണ്ടായിരുന്നത്. ഒരു ജോലി പോയാല്‍ മറ്റൊന്ന് കണ്ടെത്താം. എന്തു സംഭവിച്ചാലും ഹൃദയത്തിന്റെ വിളിക്ക് ഉത്തരം ചെയ്യണമെന്ന് നാസര്‍ തന്നോട് പറഞ്ഞു. അങ്ങനെ തന്റെ കൈയിലുണ്ടായിരുന്ന 15 ലക്ഷം രൂപയുമായി നാട്ടിലേക്ക് വിമാനം കയറി.

രണ്ട് ഗ്രൈന്ററും ഒരു മിക്‌സറും

അങ്ങനെയാണ് കാറ്റ് പരീക്ഷയെഴുതി ബാംഗ്ലൂര്‍ ഐഐഎമ്മില്‍ എംബിഎക്ക് അഡ്മിഷന്‍ നേടിയത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാവി ബിസിനസിനെ കുറിച്ചായിരുന്നു ചിന്ത. അതിനിടെയാണ് ദോശ മാവ് കവറിലാക്കി കടകളില്‍ വില്‍ക്കുന്നത് കണ്ട തന്റെ ഒരു സുഹൃത്ത് ഇക്കാര്യം പറഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. 25000 രൂപ മുടക്കി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. നാല് കസിന്‍ ബ്രദേഴ്‌സിനെയും കൂട്ടി ബിസിനസ് തുടങ്ങി. 50 ശതമാനം ഓഹരി തനിക്കും ബാക്കി മറ്റു നാലു പേര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ.

ഇഡ്‌ലി ദോശ ഫ്രഷ് (ഐഡി ഫ്രഷ്)

വെറും 550 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് രണ്ട് ഗ്രൈന്ററും ഒരും മിക്‌സറും ഒരു സീലിംഗ് മെഷീനും വാങ്ങിവച്ചായിരുന്നു തുടക്കം. ഫ്രഷ് ഇഡ്‌ലി ദോശ എന്ന് ചുരുക്കി ഐഡി ഫ്രഷ് എന്ന് പേരുമിട്ടു. ആദ്യം 10 പാക്കറ്റായിരുന്നു ഒരു ദിവസം ഉല്‍പ്പാദനം. പുതിയ ബ്രാന്റിനോട് കടക്കാര്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നു. വിറ്റ് കഴിഞ്ഞ് കാശ് മതിയെന്ന് തീരുമാനിച്ചു. ക്രമേണ ഐഡി ഫ്രഷിന് ഡിമാന്റ് കൂടി. ഒന്‍പത് മാസത്തിനകം ഒരു ദിവസം 100 പായ്ക്കറ്റ് ഉല്‍പ്പാദനത്തിലെത്തി. 20 കടകളിലായിരുന്നു വിതരണം.

ആദ്യദിനം മുതല്‍ ലാഭം

ബിസിനസിന്റെ ഏറ്റവും വലിയ പ്രത്യേകത ആദ്യദിനം തന്നെ ലാഭത്തിലായി എന്നതാണ്. കാരണം പുറത്തുനിന്ന് ആരെയും ജോലിക്ക് വച്ചിരുന്നില്ല. അഞ്ചു പേരില്‍ ആരും തുടക്കത്തില്‍ ശമ്പളം എടുത്തുമില്ല. മുറിയുടെ മാസ വാടക കഴിച്ച് ആദ്യമാസം 400 രൂപ ലാഭം കിട്ടി. 100 പാക്കറ്റിലെത്തിയപ്പോള്‍ 800 സ്‌ക്വയര്‍ ഫീറ്റുള്ള വലിയ മുറിയിലേക്ക് മാറി. ആറു ലക്ഷം രൂപ ചെലവിട്ട് 15 ഗ്രൈന്ററുകള്‍ വാങ്ങി. നാസറിനായിരുന്നു കിച്ചന്റെ ചുമതല. അഞ്ചു പേരെ കൂടി ജോലിക്ക് വച്ചു.

കമ്പനി സിഇഒ ആയി

2007ല്‍ എംബിഎ പാസ്സായ ശേഷം കമ്പനി സിഇഒ ആയി ചുമതലയേറ്റു. രണ്ടു വര്‍ഷം കൊണ്ട് ദിവസം 3500 കിലോ ആയി ബിസിനസ് വ്യാപിച്ചു. 20 കടകളുടെ സ്ഥാനത്ത് 400ലേറെ കടകളില്‍ ഐഡി ഫ്രഷ് വില്‍പ്പന നടത്തുന്നുണ്ടായിരുന്നു അപ്പോള്‍. തൊഴിലാളികളുടെ എണ്ണം 30 ആയി ഉയര്‍ന്നു. ബിസിനസ് വര്‍ധിച്ചതോടെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് മാറി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മാനുഫാക്ചറില്‍ പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചു. 2008ല്‍ 40 ലക്ഷം രൂപ മുടക്കി ഹോസ്‌കോട്ടില്‍ 2500 സ്‌ക്വയര്‍ ഫീറ്റ് ഷെഡ് സ്വന്തമാക്കി. അമേരിക്കയില്‍ നിന്ന് നാല് വലിയ ഗ്രൈന്ററുകള്‍ വരുത്തി. ഇക്കാലത്ത് പൊറോട്ടയുടെ വിതരണവും തുടങ്ങി. പിന്നീട് കൂടുതല്‍ ഐറ്റങ്ങളിലേക്ക് നീങ്ങി.

ബാംഗ്ലൂരിന് പുറത്തേക്ക്

2012ല്‍ ചെന്നൈ, മംഗളൂരു, മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവിടങ്ങളിലെല്ലാം ഷോപ്പുകള്‍ തുടങ്ങി. പാര്‍ട്ണര്‍ഷിപ്പ് രീതിയിലായിരുന്നു ഇവ. എല്ലാവരും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരായി മാറി.

2013ല്‍ ദുബയിലേക്ക്

അടുത്ത വര്‍ഷം രാജ്യാതിര്‍ത്തി കടന്ന് ദുബയില്‍ ബിസിനസ് തുടങ്ങി. ദോശമാവിനായിരുന്നു വന്‍ ഡിമാന്റ്. ഇവിടത്തെ ഡിമാന്റിനൊപ്പമെത്താന്‍ പലപ്പോഴും സാധിച്ചിട്ടില്ലെന്ന് മുസ്തഫ പറയുന്നു. ഇന്ത്യതന്നെ ഏറ്റവും വലിയ മാര്‍ക്കറ്റായതിനാല്‍ ഇനി വേറെ രാജ്യങ്ങളിലേക്ക് തല്‍ക്കാലം ഇല്ലെന്നാണ് ഈ വയനാട്ടുകാരന്റെ തീരുമാനം.

100 കോടിയുടെ കമ്പനി

നിലവില്‍ അര ലക്ഷം കിലോഗ്രാമാണ് ഒരു ദിവസം പ്ലാന്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നാല് കോടിയോളം നിക്ഷേപമുണ്ട്. 100 കോടിയിലേറെയാണ് വരുമാനമെന്നും മുസ്തഫ പറയുന്നു. 2005ല്‍ 10 പാക്കറ്റുമായി തുടങ്ങിയ കമ്പനി 2015ലാണ് 100 കോടി ലാഭത്തിലെത്തിയത്. അപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 1100 കടന്നിരുന്നു.

അടുത്ത 5 കൊല്ലം കൊണ്ട് 1000 കോടി

അടുത്ത അഞ്ച് വര്‍ഷത്തിനകം 1000 കോടി ലാഭമുള്ള കമ്പനിയാക്കി ഐഡി ഫ്രഷിനെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മുസ്തഫ പറയുന്നു. അപ്പോഴേക്കും ജിവനക്കാരുടെ എണ്ണം 5000 കടന്നിരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഒരു തൊഴിലാളിക്ക് മാസത്തില്‍ 40,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

പാഷന്‍ പിന്തുടരൂ- വിജയം ഉറപ്പ്

നിങ്ങളുടെ മനസ്സില്‍ ഏതെങ്കിലും കാര്യത്തില്‍ അദമ്യമായ ആഗ്രഹമുണ്ടെങ്കില്‍ അത് നടപ്പിലാക്കണമെന്നതാണ് മറ്റുള്ളവര്‍ക്ക് ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന ഉപദേശം. അത് പെട്ടെന്ന് ചെയ്യുകയും വേണം. നാളേക്കു വേണ്ടി കാത്തിരിക്കരുത്- മുസ്തഫ പറയുന്നു.

Read more about: success story
English summary

entrepreneur success stories

entrepreneur success stories
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more