കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ ഫോളിങ് ട്രെന്‍ഡ്ലൈന്‍ ഭേദിക്കാന്‍ സാധിച്ചത് ടെക്നിക്കലായി നിഫ്റ്റി സൂചികയ്ക്ക് അനുകൂല ഘടകമാണ്. ഈയാഴ്ച 17,700 / 17,600 നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം നിഫ്റ്റി മുന്നേറ്റത്തിനുള്ള ശ്രമം തുടരും. 18,000 / 18,200 നിലവാരമാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല. അതേസമയം ഹ്രസ്വകാല വ്യാപാരത്തിന് പരിഗണിക്കാവുന്ന 4 ഐടി ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

Advertisement

എല്‍ടിഐ

ആഗോള തലത്തില്‍ ടെക്നോളജി, ഡിജിറ്റല്‍ സേവനങ്ങളൊരുക്കുന്ന പ്രമുഖ ഐടി കമ്പനിയാണ് ലാര്‍സണ്‍ & ട്യൂബ്രോ ഇന്‍ഫോടെക് അഥവാ എല്‍ടിഐ. 1997-ലാണ് രാജ്യത്തെ വമ്പന്‍ എന്‍ജിനീയറിംഗ് കമ്പനിയും ബിസിനസ് ഗ്രൂപ്പുമായ എല്‍ & ടി-യുടെ ഉപകമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ചത്. സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് സര്‍വീസ്, ആപ്ലിക്കേഷന്‍ വികസനം, എംബഡിങ് ഇന്റലിജന്‍സ് സര്‍വീസ്, ഡാറ്റ വെയര്‍ഹൗസിങ്, ബിസിനസ് ഇന്റലിജന്‍സ് ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇന്ന് 33 രാജ്യങ്ങളിലായി വിവിധ മേഖലകളിലെ 500-ഓളം വന്‍കിട സ്ഥാപനങ്ങള്‍ക്കു വേണ്ട ഐടി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Advertisement

ഇക്കഴിഞ്ഞ ജനുവരിയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ശക്തമായ തിരുത്തല്‍ നേരിട്ട എല്‍ & ടി ഇന്‍ഫോടെക് (BSE : 540005, NSE : LTI) ഓഹരികള്‍ ഇതിനകം 3,700 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിരുന്നു. പിന്നാലെ 4,445 നിലവാരവും മറികടന്നതോടെ റിവേഴ്‌സല്‍ സൂചനകള്‍ സാധൂകരിക്കപ്പെട്ടു. ഇതിനിടെ 20, 50- ദിവസ മൂവിങ് ആവറേജ് നിലവാരവും ഭേദിച്ചതോടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ ടെക്‌നിക്കല്‍ സൂചകങ്ങളും അനുകൂല ലക്ഷണങ്ങള്‍ കാണിക്കുന്നു. അതേസമയം കഴിഞ്ഞയാഴ്ച 4,673 രൂപയിലായിരുന്നു എല്‍ & ടി ഇന്‍ഫോടെക് ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില: 5,200
  • സ്‌റ്റോപ് ലോസ്: 4,400
  • ബ്രോക്കറേജ്: എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

ടെക് മഹീന്ദ്ര

ബഹുരാഷ്ട്ര ഇന്ത്യന്‍ ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര. ടെലികോം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 5-ജി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാകുന്നതോടെ മെറ്റാവേഴ്സിലുണ്ടാകുന്ന കുതിച്ചുച്ചാട്ടം കണക്കിലെടുത്ത് എക്സ്റ്റഡന്‍ഡ് റിയാല്‍റ്റി (XR apsp) ആപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മികച്ച കരാറുകളും പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നതും അനുകൂല ഘടകമാണ്. ഇതിലൂടെ ഉപഭോക്തക്കളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും നേട്ടമാകുന്നുണ്ട്.

കഴിഞ്ഞയാഴ്ചയില്‍ ഉയര്‍ന്ന ഇടപാടുകളുടെ എണ്ണത്തോടെ ടെക് മഹീന്ദ്ര ഓഹരിയില്‍ ബ്രേക്കൗട്ട് ദൃശ്യമായിരുന്നു. ഇതിനിടെ 20, 50- ദിവസ മൂവിങ് ആവറേജ് നിലവാരവും ഭേദിച്ചതോടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ ടെക്‌നിക്കല്‍ സൂചകങ്ങളും അനുകൂല ലക്ഷണങ്ങള്‍ കാണിക്കുന്നു. ആര്‍എസ്‌ഐ സൂചകവും കുതിപ്പ് പ്രകടമാക്കുന്നതിനാല്‍ ഓഹരിയിലും മുന്നേറ്റം പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞയാഴ്ച 1,127 രൂപയിലായിരുന്നു ടെക് മഹീന്ദ്ര (BSE : 532755, NSE : TECHM) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില: 1,300
  • സ്‌റ്റോപ് ലോസ്: 1,127
  • ബ്രോക്കറേജ്: എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. പ്രശസ്ത ബിസിനസ് സംരംഭകരായ ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുമാണിത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടിസിഎസിന് സ്വന്തമാണ്. ഫോര്‍ബ്സ് മാസികയുടെ വിശകലനത്തില്‍ ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികളില്‍ 64-ാം സ്ഥാനത്താണ് ടിസിഎസിന്റെ സ്ഥാനം. കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല എന്നതും ശ്രദ്ധേയം.

ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നേരിട്ട തിരുത്തലിന് ശേഷം ടിസിഎസ് ഓഹരിയിലെ ഡൗണ്‍ട്രെന്‍ഡിന് വിരാമമായിട്ടുണ്ട്. ഈ ബ്ലൂചിപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇത് ഇടക്കാലയളവിലേക്കുള്ള കുതിപ്പിന്റെ സൂചനയാണ്. അതേസമയം കഴിഞ്ഞയാഴ്ച 3,217 രൂപയിലായിരുന്നു ടിസിഎസ് (BSE: 532540, NSE : TCS) ഓഹരിയുടെ ക്ലോസിങ്. ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 4 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി.

  • ലക്ഷ്യവില: 3,440
  • സ്‌റ്റോപ് ലോസ്: 3,110
  • ബ്രോക്കറേജ്: കൊട്ടക് സെക്യൂരിറ്റീസ്

കെപിഐടി ടെക്നോളജീസ്

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ് കെപിഐടി ടെക്‌നോളജീസ്. വാഹന വ്യവസായ മേഖലയ്ക്കു ആവശ്യമായ ഐടി സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ സേവനങ്ങളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ മാസത്തോടെ ഈ മിഡ് കാപ് ഓഹരി 200-ഡിഎംഎ നിലവാരം മറികടന്നു. നിലവില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. ഇതിന് മുകളില്‍ ബ്രേക്കൗട്ട് നടത്തിയാല്‍ കുതിപ്പ് പ്രതീക്ഷിക്കാം. കഴിഞ്ഞയാഴ്ച 573 രൂപയിലായിരുന്നു കെപിഐടി ടെക്‌നോളജീസ് (BSE : 542651, NSE : KPITTECH) ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില: 623
  • സ്‌റ്റോപ് ലോസ്: 552
  • ബ്രോക്കറേജ്: ചാര്‍ട്ട്അനലിറ്റിക്‌സ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജുകള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.