സാമ്പത്തിക സുരക്ഷ എന്നത് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ലഭിക്കുന്ന വരുമാനത്തിൽ നിന്നും ചെറിയ തുക നിക്ഷേപത്തിനായി മാറ്റിവെച്ചാൽ ആർക്കും ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കും. ഉറപ്പായ വരുമാനത്തിനൊപ്പം നികുതി ഇളവുകൾ നൽകുന്ന നിരവധി നിക്ഷേപ പദ്ധതികളും ഇന്ന് വിപണിയിലുണ്ട്. അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്).
ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. കൃത്യമായി പിപിഎഫ് നിക്ഷേപം നടത്തുകയാണെങ്കിൽ പലിശയിനത്തിൽ മാത്രം 1 കോടി രൂപയിലധികം സമ്പാദിക്കാൻ സാധിക്കും. എന്താണ് പിപിഎഫ് എന്നും ഏത് രീതിയിലാണ് നിക്ഷേപം ക്രമീകരിക്കേണ്ടതെന്നും വിശദമായി അറിയാം.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
1968-ലെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് ആക്ട് അനുസരിച്ച് ഇന്ത്യാ ഗവൺമെന്‍റ് അംഗീകരിച്ച ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. നിക്ഷേപിക്കുന്ന പണവും ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയും (പിപിഎഫ് മെച്യൂരിറ്റി) പൂർണ്ണമായും നികുതി രഹിതമാണ് എന്നതാണ് പിപിഎഫ് നിക്ഷേപത്തിന്‍റെ ഏറ്റവും വലിയ ഗുണം.

കാലാവധിയും പലിശ നിരക്കും
രാജ്യത്തെ ഏതൊരു പൗരനും പിപിഎഫിൽ നിക്ഷേപിക്കാം. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. വാർഷികാടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.
നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. 15 വർഷമാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. കൂട്ടുപലിശയുടെ ഗുണം നിക്ഷേപത്തിന് ലഭിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
എങ്ങനെ അക്കൗണ്ട് തുറക്കാം..?
ഏതെങ്കിലും അംഗീകൃത ബാങ്കിന്‍റേയോ പോസ്റ്റ് ഓഫീസിന്‍റേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. അപേക്ഷകന്‍റെ അഭ്യർത്ഥന പ്രകാരം അക്കൗണ്ട് മറ്റ് ശാഖകളിലേക്കോ മറ്റ് ബാങ്കുകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ ട്രാൻസ്ഫർ ചെയ്യാനുള്ള സൌകര്യവുമുണ്ട്.
15 വർഷം കൊണ്ട് 40 ലക്ഷം രൂപ
പിപിഎഫ് നിക്ഷേപത്തിലൂടെ 40 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.
20 വർഷം കൊണ്ട് 60 ലക്ഷം രൂപ
പിപിഎഫ് നിക്ഷേപം 5 വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, അതായത് 20 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ ആകെ 66,58,288 രൂപ നേടാം. ഇതിലെ നിക്ഷേപം 30,00,000 രൂപയും പലിശ വരുമാനം 36,58,288 രൂപയും ആയിരിക്കും.

നിങ്ങൾക്കും ആകാം കോടീശ്വരൻ
പിപിഎഫ് നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപം നീട്ടണം. അതായത് 25 വർഷം.
25 വർഷം തുടർച്ചയായി നിക്ഷേപം തുടർന്നാൽ ആകെ 1,03,08,014 രൂപ പിപിഎഫ് അക്കൗണ്ടിൽ നിന്നും ലഭിക്കും. അതിൽ നിങ്ങളുടെ നിക്ഷേപ തുക 37,50,000 രൂപയും പലിശ 65,58,015 രൂപയുമായിരിക്കും.
പലിശയിൽ നിന്നും 1 കോടി കണ്ടെത്താം
30 വർഷം പിപിഎഫ് നിക്ഷേപം തുടാൻ സാധിച്ചാൽ പലിശയിലൂടെ മാത്രം 1 കോടി രൂപ നേടാൻ സാധിക്കും. എങ്ങനെയെന്നാണോ.. 30 വർഷം നിക്ഷേപം തുടർന്നാൽ ആകെ ലഭിക്കുന്ന തുക 1.54 കോടി രൂപയായിരിക്കും. ഇതിൽ നിക്ഷേപിക്കുന്ന തുക വെറും 45 ലക്ഷം രൂപ മാത്രമാണ്. ബാക്കി 1 കോടിയിലധികം ലഭിക്കുന്നത് പലിശയിലൂടെയാണ്.
30-ആം വയസിൽ പിപിഎഫ് നിക്ഷേപം ആരംഭിക്കുന്ന ഒരാൾക്ക് അയാളുടെ റിട്ടയർമെന്‍റ് കാലത്ത്, അതായത് 60-ആം വയസിൽ 1.5 കോടി രൂപ കണ്ടെത്താം. അതുവഴി റിട്ടയർമെന്‍റ് ജീവിതം സാമ്പത്തിക സുരക്ഷയുള്ളതാക്കി മാറ്റുകയും ചെയ്യാം.


Click it and Unblock the Notifications