സ്വര്‍ണത്തിലാണ് ഇപ്പോള്‍ മിക്കവരുടെയും കണ്ണ്. സ്വര്‍ണത്തെ സുരക്ഷിതനിക്ഷേപമായി ഇന്ത്യന്‍ ജനത കരുതുന്നു. സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില വര്‍ധിക്കുന്നത് കണ്ട് ആഭരണങ്ങളായും നാണയങ്ങളായും കട്ടികളായുമെല്ലാം സ്വര്‍ണം വാങ്ങിസൂക്ഷിക്കുന്ന തിരക്കിലാണ് പലരും. പുതിയ കാലത്ത് സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നവരുടെ എണ്ണം ഉയരുന്നുണ്ടെന്നും പ്രത്യേകം എടുത്തുപറയണം. കാരണം സ്വര്‍ണത്തില്‍ പണിത ആഭരണങ്ങള്‍ വാങ്ങാന്‍ ചെന്നാല്‍ വലിയ ചിലവാണ്. പണിക്കൂലിത്തന്നെ പ്രധാന വില്ലന്‍.

ഈ സാഹചര്യത്തില്‍ സ്വര്‍ണത്തെ നിക്ഷേപമായി മാത്രം പരിഗണിക്കുന്നവര്‍ സ്വര്‍ണക്കട്ടികളിലേക്ക് തിരിയുന്നു. സ്വര്‍ണക്കട്ടികളാകുമ്പോള്‍ പണിക്കൂലിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. കൂടുതല്‍ ആളുകള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങാന്‍ മുന്നോട്ടുവരുന്നത് പ്രമാണിച്ച് ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും പോലും ഇപ്പോള്‍ സ്വര്‍ണക്കട്ടികള്‍ വില്‍ക്കുകയാണ്. എന്തായാലും ഒരു കാര്യം ശരിയാണ്; സ്വര്‍ണാഭരണങ്ങളെയും സ്വര്‍ണനാണയങ്ങളെയും അപേക്ഷിച്ച് സ്വര്‍ണക്കട്ടികള്‍ക്ക് ചിലവ് കുറവാണ്. എന്നാല്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ വായിക്കാം.

ശുദ്ധത
സ്വര്‍ണാഭരങ്ങളുടെ ശുദ്ധി കണക്കാക്കുന്നത് കാരറ്റിലാണ്. എന്നാല്‍ സ്വര്‍ണക്കട്ടികളിലേക്ക് വരുമ്പോള്‍ അളവുകോല്‍ മാറും. 'ഫൈന്‍നെസ്' (വൈശിഷ്ട്യം) യൂണിറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണക്കട്ടികളുടെ പരിശുദ്ധി വിലയിരുത്തുന്നത്. ലോഹമിശ്രിതത്തിന്റെ ആയിരം ഭാഗങ്ങളില്‍ ഒരു അമൂല്യലോഹത്തിന്റെ പരിശുദ്ധി എത്രത്തോളമാണെന്ന് 'ഫൈന്‍നെസ്' വെളിപ്പെടുത്തും. അതായത്, സ്വര്‍ണക്കട്ടിയുടെ ഫൈനന്‍നെസ് 0.995 എന്നു പറഞ്ഞാല്‍ ആയിരത്തില്‍ 995 ഭാഗം സ്വര്‍ണവും ബാക്കിയുള്ള അഞ്ചുഭാഗം മാത്രം മറ്റു ലോഹങ്ങളുമാണ്.

സര്‍ട്ടിഫിക്കേഷന്‍
സ്വര്‍ണക്കട്ടി വാങ്ങും മുന്‍പ് അവയ്ക്ക് ഹാള്‍മാര്‍ക്ക് മുദ്രണമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) മുദ്രണമുള്ള സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. കാരണം സ്വര്‍ണത്തിന്റെ പരിശുദ്ധി ബിഐഎസ് മുദ്രണം സാക്ഷ്യപ്പെടുത്തും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിഷ്‌കര്‍ഷിക്കുന്ന പരിശുദ്ധി ചട്ടങ്ങള്‍ പാലിച്ചാണ് ബിഐഎസ് മുദ്രണമുള്ള സ്വര്‍ണം വില്‍പ്പനയ്ക്ക് എത്തുന്നത്.

സ്വര്‍ണത്തിന്റെ പരിശുദ്ധി
വാങ്ങുന്ന സ്വര്‍ണം ഏതു രൂപത്തിലായാലും പരിശുദ്ധി നിര്‍ബന്ധമായും ഉറപ്പുവരുത്തണം. കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണം തരംതിരിക്കപ്പെടാറ്. ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും പരിശുദ്ധിയുള്ളത്. 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് നിലവാരത്തിലും സ്വര്‍ണം വിപണിയില്‍ ലഭ്യമാണ്. 24 കാരറ്റ് സ്വര്‍ണം ഏറ്റവും ശുദ്ധമായ രൂപത്തില്‍ ഒരുങ്ങുന്നു. സ്വര്‍ണത്തെ നിക്ഷേപമായി മാത്രം കരുതുന്നവര്‍ 24 കാരറ്റ് ശുദ്ധിയുള്ള സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുക.

പാക്കേജിങ്
ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ മുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് സ്വര്‍ണക്കട്ടി വാങ്ങുന്നതെങ്കില്‍ ഉള്ളിലെ പാക്കേജ് പൊളിക്കാതെ സൂക്ഷിക്കുക. ഇതുവഴി സ്വര്‍ണക്കട്ടിയുടെ പരിശുദ്ധി ദീര്‍ഘകാലം നിലനിര്‍ത്താം.
റിഫൈനറി
റിഫൈനറിയില്‍ നിന്നും നിര്‍മ്മിക്കുന്ന സ്വര്‍ണക്കട്ടികള്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന പരിശുദ്ധി. സ്വര്‍ണക്കട്ടി വാങ്ങുന്ന സമയത്ത് ഏതു റിഫൈനറിയില്‍ നിന്നാണ് ഉത്പന്നം സംസ്‌കരിച്ചെടുത്തതെന്ന് അന്വേഷിക്കുക. നിലവില്‍ രണ്ടു സ്വര്‍ണ റിഫൈനറികളാണ് ഇന്ത്യയില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഒന്ന് എംഎംടിസി പിഎഎംപിയും മറ്റൊന്ന് ബാംഗ്ലൂര്‍ റിഫൈനറിയും.