ശരീരത്തോട് ചേർന്ന് നിൽക്കുന്ന, തിളങ്ങുന്ന ലോഹം മാത്രമല്ല സ്വർണ്ണം. ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് സമ്പത്ത് കൈമാറുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് ആളുകൾ സ്വർണത്തെ കാണുന്നത്. അതോടൊപ്പം കൃത്യമായി നിക്ഷേപം നടത്തിയാൽ ഉറപ്പായ വരുമാനം ലഭിക്കാനുള്ള മാർഗം കൂടിയാണ് മഞ്ഞ ലോഹം. ഗോൾഡ് ഇടിഎഫ്, ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ട് സ്കീം തുടങ്ങിയവ മികച്ച സ്വർണ്ണ നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. ഈ നിക്ഷേപ മാർഗങ്ങളിൽ ഇന്ന് ഏറ്റവും ജനപ്രിയമായ മാർഗം സോവറിൻ ഗോൾഡ് ബോണ്ട് സ്കീം ആണ്.
സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്ജിബി) രണ്ട് പുതിയ ട്രഞ്ചുകൾ സർക്കാർ പ്രഖ്യാപിച്ചു - സീരീസ് III, സീരീസ് IV. ഈ ബോണ്ടുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനും ഉറപ്പുള്ള വരുമാനം നേടുന്നതിനുമുള്ള ഒരു സുരക്ഷിത മാർഗം വാഗ്ദാനം ചെയ്യുന്നുണ്ട്. വിശദമായി പരിശോധിക്കാം.
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്...?
സ്വർണത്തിന്റെ ഗുണങ്ങളും ബോണ്ടുകളുടെ സൗകര്യവും സംയോജിപ്പിക്കുന്ന നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകൾ ഇഷ്യു ചെയ്യുന്നത്. ഭൗതികമായി സ്വർണം വാങ്ങാതെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള അവസരമാണിത്. രാജ്യത്തേക്കുള്ള ഭൗതിക സ്വർണത്തിന്റെ ഇറക്കുമതി ഇന്ത്യയുടെ കറൻസിയായ രൂപയിൽ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിനും വിഭവങ്ങൾ ഫലപ്രദമായും ഗുണകരമായും വിനിയോഗിക്കുന്നതിനു കൂടി ലക്ഷ്യമിട്ടാണ് സ്വർണ ബോണ്ട് പദ്ധതി 2015 നവംബറിൽ ആരംഭിച്ചത്. ഭൗതിക സ്വർണത്തിന് തത്തുല്യമായ എല്ലാ ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്നതിനാൽ, എല്ലായ്പ്പോഴും പൊതു വിപണിയിലെ സ്വർണത്തിന്റെ വില തന്നെ എസ്ജിബിയിലും ലഭിക്കുന്നു.

എസ്ജിബി 2023-24 സീരീസ് III & IV
എസ്ജിബി 2023-24 സീരീസ് IIIന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഡിസംബർ 18-ന് ആരംഭിക്കും. 2023 ഡിസംബർ 22-ന് അവസാനിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 2023 ഡിസംബർ 28-നാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുകയും ചെയ്യും.
എസ്ജിബി 2023-24 സീരീസ് IVന്റെ സബ്‌സ്‌ക്രിപ്‌ഷൻ അടുത്ത വർഷം, അതായത് 2024 ഫെബ്രുവരി 12-ന് ആരംഭിച്ച് 2024 ഫെബ്രുവരി 16-ന് അവസാനിക്കും. ഫെബ്രുവരി 21-നാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.
ആർക്കൊക്കെ വാങ്ങാം
ഇന്ത്യയിലെ താമസിക്കുന്ന വ്യക്തികൾക്ക്, ട്രസ്റ്റ്, ഹിന്ദു അവിഭക്ത കുടുംബം, സന്നദ്ധ സംഘടനകൾ എന്നിവർക്ക് എസ്ജിബിയിൽ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു വേണ്ടി വ്യക്തിഗതമായോ സംയുക്തമായോ എസ്ജിബിയിൽ അപേക്ഷിക്കാനും അനുവദിക്കുന്നു.
എത്ര വാങ്ങാം
വ്യക്തികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകളിൽ തുടങ്ങിയവയ്ക്കൊക്കെ എസ്ജിബി വാങ്ങാമെങ്കിലും നിരക്കുകളിൽ വ്യത്യാസമുണ്ട്. എല്ലാവരും നിക്ഷേപിക്കേണ്ട കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണ്ണമാണ്. എന്നാൽ പരമാവധി പരിധിയിൽ വ്യത്യാസമുണ്ട്. വ്യക്തികൾക്ക് പ്രതിവർഷം 4 കിലോ സ്വർണ്ണത്തിൽ മാത്രമേ പരമാവധി നിക്ഷേപം നടത്താൻ സാധിക്കുകയുള്ളൂ. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പ്രതിവർഷം 4കിലോ സ്വർണത്തിൽ മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുകയുള്ളൂ. അ അതേ സമയം ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും പ്രതിവർഷം 20 കിലോ സ്വർണ്ണത്തിൽ നിക്ഷേപം നടത്താം.
പലിശ നിരക്ക്
സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആർബിഐ പ്രതിവർഷം 2.50 ശതമാനം പലിശ ലഭ്യമാക്കും. പലിശ അർധ വാർഷികമായി നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
നേട്ടങ്ങൾ
ബോണ്ടിന്റെ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിച്ചാലും നിക്ഷേപകന് നിലവിലുള്ള വിപണി വില ലഭിക്കുമെന്ന് ഉറപ്പു നൽകുന്നു. എസ്‌ജിബിയിൽ നിക്ഷേപിച്ചാൽ സ്വർണം ഭൗതിക രൂപത്തിൽ കൈവശം വയ്ക്കുന്നതിന്റെ അപകടസാധ്യത ഇല്ല, ചെലവും കുറവായിരിക്കും. മേക്കിങ് ചാർജ്, സ്വർണത്തിന്റെ പരിശുദ്ധി തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് നിക്ഷേപകർക്ക് മോചനം ലഭിക്കും.
എങ്ങനെ വാങ്ങാം
സോവറിൻ ഗോൾഡ് ബോണ്ടിനു വേണ്ടി നിർദിഷ്ട ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് ഹോൾഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ചസ് (എൻഎസ്ഇ, ബിഎസ്ഇ) എന്നിവടങ്ങിൽ അപേക്ഷ സമർപ്പിക്കാം.
ഓഫ്‌ലൈനായും ഓൺലൈനായും വാങ്ങാം. ഓൺലൈനായി വാങ്ങിയാൽ യൂണിറ്റിന്/ ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഡീമാറ്റിലും സർട്ടിഫിക്കറ്റ് മോഡിലും സോവറിൻ ഗോൾഡ് ബോണ്ടുകൾ സൂക്ഷിക്കാം.


Click it and Unblock the Notifications