കോടിപതിയാകാന്‍ എന്തുചെയ്യണം? ഈ സംശയമില്ലാത്തവര്‍ കുറവായിരിക്കും. ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ടതുകൊണ്ട് കോടിപതിയാകന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. അപ്പോള്‍പ്പിന്നെ എന്തുചെയ്യും? സാധാരണ ആളുകളെ സംബന്ധിച്ച് കോടിപതിയാകാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
എല്ലാ മാസവും കൃത്യമായി ഒരു തുക മ്യൂച്വല്‍ ഫണ്ടുകളിലിട്ടാല്‍, 'പൈസ നമുക്കായി സമ്പാദിക്കാന്‍ തുടങ്ങും'. നിക്ഷേപതുക എത്രകാലം കിടക്കുന്നുവോ അത്രയുംകാലം സമ്പാദ്യം വളരുമെന്ന മെച്ചം മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ട്.
എല്ലാവര്‍ക്കും കോടിപതിയാകാന്‍ കഴിയുമോ? കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറപ്പിച്ചു പറയുന്നത്. പണപ്പെരുപ്പത്തെ തോല്‍പ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിയുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിലാണ് കാര്യം. മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണ വലിയ തുകയിട്ടോ, എല്ലാ മാസവും നിശ്ചിതതുക വ്യവസ്ഥാപിതമായി അടച്ചോ (എസ്‌ഐപി രീതി) നിക്ഷേപം തുടങ്ങാം.
അടയ്ക്കുന്ന തുകയെ ആശ്രയിച്ച് അഞ്ച്, പത്ത് അല്ലെങ്കില്‍ പതിനഞ്ച് വര്‍ഷംകൊണ്ട് ആര്‍ക്കും കോടിപതിയാകാമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതേസമയം, അഞ്ച് വര്‍ഷം കൊണ്ട് ഒരു കോടിയുണ്ടാക്കണമെങ്കില്‍ ആവശ്യമായ നിക്ഷേപ തുകയും ഭീമമായിരിക്കും. ഇക്കാരണത്താല്‍ പത്തും പതിനഞ്ചും വര്‍ഷം കൊണ്ട് സമ്പാദ്യം ഒരു കോടി രൂപയിലെത്തിക്കേണ്ട നിക്ഷേപതന്ത്രം എങ്ങനെയെന്ന് ചുവടെ അറിയാം.

10 വര്‍ഷം കൊണ്ട് കോടിപതിയാകാന്‍
പത്തുവര്‍ഷം കൊണ്ടാണ് കോടിപതിയാകാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ മാസവും 55,000 രൂപ നീക്കിവെക്കണം. അതായത്, പത്തുവര്‍ഷത്തേക്ക് എസ്‌ഐപി നിക്ഷേപമായി എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ ഇടേണ്ടത് 55,000 രൂപയാണ്. പ്രസ്തുത മ്യൂച്വല്‍ ഫണ്ട് 8 ശതമാനം റിട്ടേണ്‍ നിരക്ക് സമര്‍പ്പിക്കുമെങ്കിലാണ് ഈ അടവ് വരിക.
പത്തുവര്‍ഷത്തേക്ക് 55,000 രൂപ വീതം അടച്ചാല്‍ 66 ലക്ഷം രൂപയാണ് കയ്യില്‍ നിന്നും ചിലവാകുക. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ തിരിച്ചെത്തുന്നകാട്ടെ, 1.01 കോടി രൂപയും (കൃത്യമായി പറഞ്ഞാല്‍ 1,01,29,112 രൂപ).
ഇനിയിപ്പോള്‍ 10 ശതമാനം റിട്ടേണ്‍ നിരക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും കിട്ടുന്നുണ്ടെങ്കില്‍ മാസടവ് 49,000 രൂപയിലേക്ക് ചുരുങ്ങും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലെത്തുക 1,01,21,049 രൂപ.

12 ശതമാനം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മ്യൂച്വല്‍ ഫണ്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരുകോടി രൂപയിലേക്കുള്ള മാസടവ് 44 രൂപയിലേക്ക് ക്രമപ്പെടും. ഇക്കാലയളവില്‍ നിക്ഷേപകന്‍ 52.80 ലക്ഷം രൂപയായിരിക്കും അക്കൗണ്ടില്‍ നിക്ഷേപിക്കുക. പത്തുവര്‍ഷം കഴിഞ്ഞാല്‍ അക്കൗണ്ടില്‍ തിരിച്ചെത്തുക 1,02,22,919 രൂപ.
15 വര്‍ഷം കൊണ്ട് കോടിപതിയാകാന്‍
പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫിന് സമാനമായി മ്യൂച്വല്‍ ഫണ്ട് കാലാവധി 15 വര്‍ഷമായാണ് നിശ്ചയിക്കുന്നതെങ്കില്‍ എസ്‌ഐപി അടവ് കുറയും. 8 ശതമാനം റിട്ടേണ്‍ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ മാസടവ് വരിക 29,000 രൂപയാണ്. കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും അടച്ച 52.20 ലക്ഷം 1,01,02,009 രൂപയായി വളരും.
ഇനി റിട്ടേണ്‍ നിരക്ക് 10 ശതമാനമാണെങ്കില്‍ മാസടവ് 24,000 രൂപയായി ചുരുങ്ങും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച 43.20 ലക്ഷം 1,00,30,182 രൂപയായാണ് ഇവിടെ വളരുക.
12 ശതമാനം റിട്ടേണ്‍ നിരക്കുള്ള മ്യൂച്വല്‍ ഫണ്ടിലാണ് ഒരു കോടി രൂപയ്ക്കുള്ള നിക്ഷേപം നടത്തുന്നതെങ്കില്‍ എസ്‌ഐപി അടവ് 20,000 രൂപയായിരിക്കും. ഇക്കാലയളവില്‍ നിക്ഷേപിക്കുന്ന തുക 36 ലക്ഷം. തിരിച്ചുകിട്ടുന്ന തുക 1,00,91,520 രൂപ.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം വളര്‍ത്താനുള്ള ശേഷി മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ടെങ്കിലും നിക്ഷേപകര്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് റിസ്‌ക്കുകള്‍ക്ക് വിധേയമാണ്. നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് കൃത്യമായി ഗൃഹപാഠം നടത്തുക.