ഒരു വ്യക്തി സാമ്പത്തിക നിക്ഷേപം നടത്താൻ തയ്യാറാകുമ്പോൾ ആദ്യം പരിഗണിക്കുക നിക്ഷേപത്തിന്‍റെ സുരക്ഷയായിരിക്കും അല്ലേ. അതിന് ശേഷം നിക്ഷേപത്തിന് ലഭിക്കുന്ന പലിശ എത്രയാണെന്നും പരിശോധിക്കും. നിക്ഷേപത്തിൽ ഏതെങ്കിലും തരത്തിലുള്ള റിസ്ക് എടുക്കാൻ ഇഷ്ടപ്പെടാത്തവർക്ക് സ്ഥിര നിക്ഷേപമാണ് ഏറ്റവും നല്ലത്.
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ ബാങ്കുകൾ സ്ഥിര നിക്ഷേപം വാഗ്ധാനം ചെയ്യുന്നുണ്ട്. എന്നാൽ 5 വർഷമാണ് നിങ്ങളുടെ നിക്ഷേപത്തിന്‍റെ കാലാവധിയെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപം പരിഗണിക്കുന്നതാണ് നല്ലത്. പോസ്റ്റ് ഓഫീസിലും സ്ഥിര നിക്ഷേപമെന്നാണോ ചിന്തിക്കുന്നത്. അതെ. കത്തുകളുടേയും മറ്റ് രേഖകളുടേയും കൈമാറ്റത്തിനൊപ്പം വിവിധ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾക്ക് സർക്കാറിന്‍റെ ഗ്യരണ്ടി ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. അതോടൊപ്പം നിങ്ങൾക്ക് ഒന്നിലധികം എഫ് ഡികൾ ആരംഭിക്കാനാകും. ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ തന്നെ സ്ഥിര നിക്ഷേപം ട്രാൻസ്ഫർ ചെയ്യാമെന്നതും വലിയ ഗുണമാണ്.
പലിശ നിരക്ക്
1 വർഷത്തെ കാലാവധിയുടെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 6.90 ശതമാനമാണ്. 2 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7 ശതമാനവും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.10 ശതമാനവുമാണ് പലിശ. 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.5 ശതമാനമാണ്.
1 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര ലഭിക്കും
1 ലക്ഷം രൂപ 1 വർഷത്തെ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്തുകയാണെങ്കിൽ പലിശയിനത്തിൽ ലഭിക്കുക 7,081 രൂപയാണ്. അതായത് 1 വർഷം പൂർത്തിയാകുമ്പോൾ ആകെ 1,07,081 രൂപ ലഭിക്കും.
2 വർഷത്തെ നിക്ഷേപ കാലാവധിയിലാണ് സ്ഥിര നിക്ഷേപമെങ്കിൽ പലിശയിനത്തിൽ ലഭിക്കുക 14,888 രൂപയും മൂന്ന് വർഷത്തെ കാലാവധിയിൽ പലിശയിനത്തിൽ ലഭിക്കുക 23,508 രൂപയുമാണ്.
5 വർഷത്തെ കാലാവധിയിലാണ് സ്ഥിര നിക്ഷേപം നടത്തുന്നതെങ്കിൽ 44,995 രൂപ പലശയിനത്തിൽ ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ ലഭിക്കുക 1,44,995 രൂപ. അതോടൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കും.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
5 വർഷത്തെ സ്ഥിര നിക്ഷേപം അന്വേഷിക്കുന്നവർക്കുള്ള മികച്ച തിരഞ്ഞെടുപ്പാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്.
അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. പോസ്‌റ്റോഫീസുകള്‍ വഴിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. പലിശ നിരക്ക് 7.7 ശതമാനമാണ്.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം
ഒറ്റയ്‌ക്കോ, മൂന്ന് പേര്‍ വരെ ചേര്‍ന്ന് സംയുക്തമായോ നിക്ഷേപ അക്കൗണ്ട് തുറക്കാം. കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. പത്ത് വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിയിളവ് ലഭിക്കും.
1 ലക്ഷത്തിന് എത്ര പലിശ ലഭിക്കും
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക് 7.7 ശതമാനമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അതായത് 1 ലക്ഷം രൂപ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ട് 44,903 രൂപ പലിശയായി നേടാം. അതോടൊപ്പം 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.


Click it and Unblock the Notifications