പോസ്റ്റ് ഓഫീസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് കത്തുകളായിരിക്കും അല്ലേ. ശരിയാണ് കത്തുകളും മറ്റ് രേഖകളും എവിടേക്ക് വേണമെങ്കിലും നമുക്ക് പോസ്റ്റ് ഓഫീസ് വഴി അയക്കാൻ സാധിക്കും. എന്നാൽ ഈ വസ്തു കൈമാറ്റം മാത്രമാണോ പോസ്റ്റ് ഓഫീസ് ചെയ്യുന്നത്. ഒന്ന് ചിന്തിച്ച് നോക്കൂ.
കത്തുകളും മറ്റ് വസ്തുക്കളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമല്ല പോസ്റ്റ് ഓഫീസ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനം. അതിനപ്പുറത്തേക്ക് നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. ഒരു പക്ഷേ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്നതിനേക്കാൾ ഉയർന്ന പലിശയും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നേടാൻ സാധിക്കും.

മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപ ലഭിക്കാനുളള പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നു. ഏതാണ് ആ പദ്ധതി, പദ്ധതിയുടെ പലിശ നിരക്ക് എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കാം.
മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക നിക്ഷേപം
പ്രതിമാസ വരുമാനം എന്നത് എല്ലാവർക്കും ആവശ്യമായ ഒരു കാര്യമാണ്. കാരണം വരുമാനം കണ്ടെത്താൻ സാധിച്ചാൽ മാത്രമേ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുകയുള്ളു. എന്നാൽ ജോലിയിൽ നിന്നും വിരമിച്ചവർ എങ്ങനെയാണ് പ്രതിമാസം വരുമാനം കണ്ടെത്തുക. ചിലർക്കൊക്കെ പെൻഷൻ ലഭിക്കുമായിരിക്കും. എന്നാൽ ആ തുക ചിലപ്പോൾ ആവശ്യങ്ങൾക്ക് തികയാതെ വരാം. ആ സാഹചര്യത്തിലാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം പ്രസക്തമാകുന്നത്. മുതിർന്ന പൗരന്മാർക്ക് പ്രതിമാസ വരുമാനം സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലൂടെ കണ്ടെത്താൻ സാധിക്കും.
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
സ്ഥിര വരുമാനം, സുരക്ഷിത നിക്ഷേപം, നികുതി ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം. 60 വയസിന് മുകളിലുള്ള ആർക്കും പദ്ധതിയുടെ ഭാഗമാകാം. അതോടൊപ്പം തന്നെ 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയും പ്രായമുള്ള വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍, 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള, വിരമിച്ച പ്രതിരോധ ജീവനക്കാര്‍ എന്നിവർക്കും ചില നിബന്ധനകളോടെ പദ്ധതിയിൽ ചേരാം.
കുറഞ്ഞ നിക്ഷേപം 1000 രൂപ
വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ അക്കൗണ്ട് തുറക്കാം. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപയാണ്.
കാലാവധി
5 വർഷമാണ് നിക്ഷേപ കാലാവധി. ആവശ്യമെങ്കിൽ 3 വർഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടാൻ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അക്കൗണ്ട് ഉടമ പിഴ അടയ്‌ക്കേണ്ടിവരും.

എഫ്ഡിയെക്കാൾ ഉയർന്ന പലിശ
രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ 7 മുതൽ 7.75 ശതമാനം വരെയാണ്. ഉദാഹരണായി എസ്ബിഐ മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തെ എഫ്ഡിയിൽ 7.50 ശതമാനവും ഐസിഐസിഐ ബാങ്ക് 7.50 ശതമാനവും പഞ്ചാബ് നാഷണൽ ബാങ്ക് 7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 7.5 ശതമാനം പലിശയുമാണ് വാഗ്ധാനം ചെയ്യുന്നത്.
എന്നാൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം നിക്ഷേപത്തിന് നൽകുന്നത് 8.20 ശതമാനം പലിശയാണ്. അതായത് ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശയെക്കാൾ 0.50 ശതമാനം ഉയർന്ന പലിശ.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടിന്‍റെ നിക്ഷേപ തുകയുടെ പലിശ, പണം നിക്ഷേപിക്കുന്ന തീയതി മുതല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ നല്‍കും. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളിലാണ് പലിശ ലഭിക്കുക.
1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലെ നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയും മുഴുവൻ തുകയും നോമിനിക്ക് കൈമാറുകയും ചെയ്യും.
പ്രതിമാസം 20,000 രൂപ ഉറപ്പാക്കാം
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ ഏറ്റവും ഉയർന്ന തുകയായ 30 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. 8.20 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ 2.46 ലക്ഷം രൂപ ലഭിക്കും. അതായത് എല്ലാ മാസവും 20,000 രൂപ പലിശയിനത്തിൽ മാത്രം നേടാമെന്ന് സാരം.


Click it and Unblock the Notifications