പൊന്ന് വിളയും! സോവറിൻ ഗോൾഡ് ബോണ്ടിലും ഗോൾഡ് ഇടിഎഫിലും മികച്ചതേത്?
ആഘോഷ ദിനങ്ങളോട് അനുബന്ധിച്ച് സ്വർണം വാങ്ങാൻ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും താൽപര്യം കാണിക്കാറുണ്ട്. പണ്ടുതൊട്ടെ ആഘോഷങ്ങളുടെ ഭാഗമാണ് സ്വർണവും സ്വർണാഭരണങ്ങളും. കാലം മുന്നോട്ടേക്ക് പോകുമ്പോൾ മികച്ച നിക്ഷേപ മാർഗമായും പലരും സ്വർഗത്തെ കാണുന്നു. ബുദ്ധിപൂർവം നിക്ഷേപിക്കുകയാണെങ്കിൽ പണപ്പെരുപ്പത്തെ വരെ സ്വാധീനിക്കുന്ന മികച്ച നിക്ഷേപ സാധ്യത തന്നെയാണ് സ്വർണം. അതേസമയം, ആഭരണങ്ങളായി സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ നഷ്ടം സംഭവിക്കാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ ബോണ്ടായിട്ടും ട്രേഡിലും സ്വർണത്തിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാൻ കഴിയും. പേപ്പർ ഗോൾഡ് നിക്ഷേപം എന്ന പൊതുപേരിൽ അറിയപ്പെടുന്ന ഇത്തരം നിക്ഷേപങ്ങളിൽ തന്നെ രണ്ട് പ്രധാനപ്പെട്ട നിക്ഷേപ സാധ്യതകളാണ് എക്സചേഞ്ച് ട്രേഡ് ഫണ്ട്സ് അഥവ ഇടിഎഫും സോവറിൻ ഗോൾഡ് ബോണ്ട് അഥവ എസ്ജിബിയും.
ആഭരണങ്ങൾ പോലെയോ കട്ടികളും നാണയങ്ങളും പോലെയോയുള്ള ഭൗതിക സ്വർണ നിക്ഷേപങ്ങളല്ലായിത്. ഇത്തരം നിക്ഷേപങ്ങൾ വഴി സംഭവിക്കുന്ന പണിക്കൂലിയടക്കമുള്ള നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന നിക്ഷേപ മാർഗങ്ങളാണ്. ഇത്തരം നിക്ഷേപങ്ങൾ വ്യക്തികൾക്ക് സ്വർണം എങ്ങനെ സൂക്ഷിക്കണം, അതിന്റെ പരിശുദ്ധി എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാതെ നിക്ഷേപിക്കാൻ അവസരം നൽകുന്നു. ഭൗതീക സ്വർണ നിക്ഷേപങ്ങളിൽ പണിക്കൂലി മാത്രമല്ല അധിക ചെലവായി വാരുന്നത്. അവ സൂക്ഷിക്കുന്നതിനും പണം നൽകേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങളാണ് ഇടിഎഫും എസ്ജിബിയും ജനപ്രിയമാക്കുന്നത്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന നിഷ്‌ക്രിയ നിക്ഷേപ ഉപകരണങ്ങളാണ് ഗോൾഡ് ഇടിഎഫുകൾ. ഇത്തരം ഇടിഎഫുകളുടെ ആസ്തി കൈകാര്യം ചെയ്യുന്നത് മ്യൂച്വൽ ഫണ്ടുകളായിരിക്കും. ഇവിടെ ഒരു ഗോൾഡ് ഇടിഎഫ് യൂണിറ്റ് 1 ഗ്രാം സ്വർണത്തിനു തുല്യമായി കണക്കാക്കുന്നു. പൊതു വിപണിക്ക് സമാനമായി 24 കാരറ്റ് സ്വർണമാണ് ഇവിടെയും ക്രയവിക്രയം നടത്തുക. മാനേജ്‌മെന്റ് ഫീസ്, എക്‌സിറ്റ് ലോഡുകൾ, ട്രാക്കിംഗ് എറേഴ്സ് (ഇടിഎഫിന്റെ റിട്ടേണും അടിസ്ഥാന അസറ്റിന്റെ (സ്വർണ്ണം) റിട്ടേണും തമ്മിലുള്ള വ്യത്യാസം) എന്നിവ പോലുള്ള അനുബന്ധ ചെലവുകളും ഈ നിക്ഷേപത്തിന്റെ ഭാഗമാണ്. 2007ലാണ് ഗോൾഡ് ഇടിഎഫ് അവതരിപ്പിക്കുന്നത്. 2020ൽ നാല് ലക്ഷമായിരുന്ന ഇടിഎഫ് നിക്ഷേപകരുടെ എണ്ണം 2023 ആകുമ്പോഴേക്കും 48 ലക്ഷത്തിനും മുകളിലേക്ക് പോയത് ഈ നിക്ഷേപ മാർഗത്തിന്റെ സ്വീകാര്യത അടിവരയിടുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുവേണ്ടി നൽകുന്ന സർക്കാർ പിന്തുണയുള്ള ബോണ്ടുകളാണ് സോവറിൻ ഗോൾഡ് ബോണ്ട് അഥവ എസ്ജിബികൾ. 2015 നവംബറിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ബോണ്ട്, ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനുള്ള സുരക്ഷിത മാർഗമായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഇത്തരത്തിൽ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ നിരവധിയായ നികുതിയുളവുകൾ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ മാർഗത്തിന്റെ പ്രധാന സവിശേഷത. സോവറിൻ ഗോൾഡ് ബോണ്ട് വഴി നിങ്ങളുടെ കൈവശമുള്ള ഡിജിറ്റൽ ഗോൾഡ് വിൽക്കുമ്പോൾ മാർക്കറ്റ് വിലയ്ക്കുപുറമെ 2.5 ശതമാനം പലിശയും ലഭിക്കുന്നു. സർക്കാർ പിന്തുണയുള്ള ബോണ്ടുകളുടെ മതിപ്പ് വർധിപ്പിക്കുന്നു.
രണ്ട് നിക്ഷേപ സാധ്യതകളും താരതമ്യം ചെയ്യുമ്പോൾ റിട്ടേണിന്റെ കാര്യത്തിൽ സോവിറിൻ ഗോൾഡ് ബോണ്ട് ഇടിഎഫ് നിക്ഷേപത്തേക്കാൾ മികച്ചതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ 2.5 ശതമാനം വാർഷിക പലിശ എസ്ജിബി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് വ്യത്യസ്തമായി, എസ്‌ജിബികൾക്ക് ഭൗതിക സ്വർണ്ണത്തിന്റെ പിന്തുണയില്ല. പല നിക്ഷേപകരും ഗവൺമെന്റ് ഗ്യാരന്റിക്ക് പകരം ഗോൾഡ് ബാക്കിംഗിന്റെ സുരക്ഷയാണ് താൽപര്യപ്പെടുന്നത്. കാരണം ഇക്വിറ്റികളിൽ നിന്നും കടത്തിൽ നിന്നും വ്യത്യസ്തമായി അത് ആരുടെയും ബാധ്യതയല്ല എന്ന വസ്തുതയിൽ നിന്നാണ് സ്വർണ്ണത്തിന്റെ മൂല്യം ഉരുത്തിരിയുന്നതും.
അതുപോലെ തന്നെ എസ്‌ജിബികൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്, അഞ്ചാം വർഷം മുതൽ പിന്മാറാനുള്ള അവസരമുണ്ടെങ്കിലും കാലാവധി പൂർത്തിയാകുന്നതുവരെ ബോണ്ട് കൈവശം വച്ചാൽ മാത്രമേ നികുതി ആനുകൂല്യങ്ങൾ ലഭിക്കൂവെന്നതും പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നു. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത നിക്ഷേപകർക്ക് ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകൾ വഴി ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപം തിരഞ്ഞെടുക്കാം. ഈ മ്യൂച്വൽ ഫണ്ടുകൾ അവരെ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) തിരഞ്ഞെടുക്കാനും വിപണിയുടെ സമയത്തെക്കുറിച്ച് വിഷമിക്കാതെ ഈ തന്ത്രപരമായ അസറ്റ് ക്ലാസിൽ പതിവായി നിക്ഷേപിക്കാനും അവരെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications


