ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ നിരവധിയാണ്. ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്നവ, നികുതി ലാഭിക്കാൻ ഉള്ളവ എന്നിങ്ങനെ വിവിധ തരം മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. നിങ്ങൾക്ക് ഉചിതമായവ തിരഞ്ഞെടുക്കാൻ ഫണ്ടിനെ കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് വർഷമെങ്കിലും നല്ല പ്രകടനം കാഴ്ചവെച്ച ഫണ്ടുകൾ മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ദീർഘകാലത്തേക്ക് സമ്പാദ്യം ലഭ്യമാക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് കൂടുതൽ അനുയോജ്യം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവും തുടങ്ങി ദീർഘകാല ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. കുട്ടികൾക്കായുള്ള ഇത്തരം നിക്ഷേപം അവർക്കായ് തന്നെ മാറ്റിവെയ്‌ക്കുക. ഇത് മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. അതിനാൽ നിങ്ങളുടെ കുട്ടിയുടെ പേരിൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത് നല്ലതാണ്.
നിങ്ങളുടെ കുട്ടിക്ക് പ്രായപൂർത്തിയായതാണെങ്കിൽ, (18 വയസ്സിനു മുകളിൽ) കെവൈസി പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് സാധാരണ രീതിയിൽ നിങ്ങൾക്ക് അവരുടെ പേരിൽ ഒരു പ്രത്യേക അക്കൗണ്ട് തുറന്ന് നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ എംഎഫ് നിക്ഷേപം നടത്തണമെങ്കിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
1. പ്രായപൂർത്തിയാകാത്തവരുടെ പേരിൽ എങ്ങനെയാണ് ഒരു എംഎഫ് നിക്ഷേപം നടത്തുക?
ജോയിന്റ് പേരുകളിൽ എംഎഫ് നിക്ഷേപം നടത്താൻ കഴിയാത്തതിനാൽ മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു മ്യൂച്വൽ ഫണ്ട് ഫോളിയോ തുറക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് ഒരു സാമ്പത്തിക കരാറിൽ ഏർപ്പെടാൻ നിയമം അനുവദിക്കാത്തതിനാൽ, മാതാപിതാക്കളോ നിയമപരമായ രക്ഷകർത്താക്കളോ ആവും ആ അക്കൗണ്ടിന്റെ സൂക്ഷിപ്പുകാരൻ. രക്ഷകർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നോ അല്ലെങ്കിൽ നിയുക്ത രക്ഷാകർതൃത്വത്തിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അക്കൗണ്ടിൽ നിന്നോ വരുന്ന തുക മാത്രമേ നിക്ഷേപ തുകയായി ഉപയോഗിക്കാവൂ. കുട്ടി പ്രായപൂർത്തിയായികഴിഞ്ഞാൽ അവൻ നിക്ഷേപകനാവുകയും സാധാരണ കെവൈസി പ്രക്രിയ പിന്തുടരുകയും ചെയ്യാം.
മൈനർ അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
കുട്ടിയുടെ പ്രായം തെളിയിക്കാനായി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് ആവശ്യമാണ്. അതിനൊപ്പം രക്ഷകർത്താവുമായുള്ള കുട്ടിയുടെ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. മാതാപിതാക്കളാണെങ്കിൽ ജനന സർട്ടിഫിക്കറ്റിലോ പാസ്‌പോർട്ടിലോ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ മതിയാവും. ലീഗൽ ഗാർഡിയൻ ആണെങ്കിൽ, കോടതി ഉത്തരവിന്റെ ഒരു പകർപ്പ് ആവശ്യമാണ്. ഇതിനുപുറമെ, സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കളുടേയോ നിയമപരമായ രക്ഷകർത്താക്കളുടേയോ കൃത്യമായ കെവൈസി സമർപ്പിക്കുകയും വേണം.
മൈനർ എംഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് എങ്ങനെ നികുതി ഏർപ്പെടുത്തും?
ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, പ്രായപൂർത്തിയാകാത്തവരുടെ വരുമാനം, ലാഭവിഹിതം, എംഎഫ് നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടം എന്നിവ മാതാപിതാക്കളുടെയോ നിയുക്ത രക്ഷാധികാരിയുടെയോ വരുമാനവുമായി ബന്ധിപ്പിക്കുകയും അവരുടെ സ്വന്തം വരുമാനമായി നികുതി ചുമത്തുകയും ചെയ്യും.


Click it and Unblock the Notifications