പ്രവചനാതീതമാണ് ജീവിതം. അപ്രതീക്ഷിതമായി എന്തുവേണമെങ്കിലും സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവയെല്ലാം മുൻകൂട്ടി കണ്ടുവേണം ദീർഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം നടത്താൻ. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് എമർജൻസി ഫണ്ട്. നിലവിൽ കൂടുതൽ വ്യക്തികളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ എമർജൻസി ഫണ്ട് എന്താണ്? ഏതൊക്കെ ഘട്ടത്തിൽ ഇത് പ്രയോജനപ്പെടുത്താം? എങ്ങനെയൊക്കെ ഇത് ഗുണകരമാകും? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.
അപ്രതീക്ഷിത ചെലവുകൾ അല്ലെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം നീക്കിവെച്ചിരിക്കുന്ന സമ്പാദ്യമാണ് എമർജൻസി ഫണ്ട്. ഇവ സാധാരണയായി സേവിംഗ്സ് അക്കൗണ്ടുകൾ അല്ലെങ്കിൽ ലിക്വിഡ് നിക്ഷേപങ്ങൾ പോലെ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന അക്കൗണ്ടുകളിലാണ് സൂക്ഷിക്കുന്നത്. കടബാധ്യത ഒഴിവാക്കികൊണ്ട് അപ്രതീക്ഷിത സാഹചര്യങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ ഫലപ്രദമായി നേരിടുകയെന്നതാണ് എമർജൻസി ഫണ്ടുകളുടെ പ്രാഥമിക ലക്ഷ്യം. ഏതൊക്കെ ഘട്ടത്തിൽ എമർജൻസി ഫണ്ട് പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകൾ: രാജ്യത്ത് ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും ഉയർന്ന നിരക്കാണുള്ളത്. അപ്രതീക്ഷിതമായ മെഡിക്കൽ അത്യാഹിതങ്ങൾ നിങ്ങളുടെ സാമ്പദ്യത്തിൽ കാര്യമായ ക്ഷതമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ ബഡ്ജറ്റിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇത്തരം ചെലവുകൾ നികത്താൻ സാധിക്കും.
തൊഴിൽ നഷ്ടം അല്ലെങ്കിൽ വരുമാന തടസം: സാമ്പത്തിക അനിശ്ചിതത്വങ്ങൾ അസാധാരണമല്ല, ജോലി നഷ്ടപ്പെടുകയോ വരുമാനത്തിൽ പെട്ടെന്നുള്ള തടസം നേരിടുകയോ ചെയ്യുന്നത് നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ പോലും സ്വാധീനിച്ചേക്കാം. നിങ്ങൾ ഒരു പുതിയ ജോലി ഉറപ്പിക്കുന്നതുവരെ അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നത് വരെ എമർജൻസി ഫണ്ടുകൾക്ക് ഒരു താൽക്കാലിക വരുമാന സ്രോതസായി നിലകൊള്ളും.
വീടിന്റെയോ വാഹനങ്ങളുടെയോ അറ്റകുറ്റപ്പണി: നമ്മുടെ ജീവിതത്തിൽ മാറ്റി നിർത്താൻ സാധിക്കാത്ത വീട്, വാഹനം പോലെയുള്ളവയുടെ അറ്റകുറ്റപ്പണികൾക്കായി എമർജൻസി ഫണ്ട് പ്രയോജനപ്പെടുത്താം. അപ്രതീക്ഷിതവും എളുപ്പത്തിൽ പരിഹാരം കാണേണ്ടതുമായ സാഹചര്യമായിരിക്കണമത്.
മറ്റ് അടിയന്തര ചെലവുകൾ: കുടുംബവുമായോ നിങ്ങളുടെ വേണ്ടപ്പെട്ടവരുമായോ ബന്ധപ്പെട്ട അടിയന്തര ഇടപ്പെടൽ ആവശ്യമുള്ള ഘട്ടങ്ങളിലും എമർജൻസി ഫണ്ട് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത ഘട്ടത്തിലും വായ്പ ബാധ്യതയാകുമെന്ന ഘട്ടത്തിലും മാത്രമായിരിക്കണം എമർജൻസി ഫണ്ട് ഉപയോഗിക്കാൻ.
കട ബാധ്യത ഒഴിവാക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നവയാണ് എമർജൻസി ഫണ്ടുകൾ. നിങ്ങളുടെ നിലവിലെ പ്രതിമാസ ചെലവിന്റെ ആറ് മടങ്ങെങ്കിലും എമർജൻസി ഫണ്ടായി കരുതണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയതിന് ശേഷം വരുമാനം പൂർവ സ്ഥിതിയിലാകുന്ന ഘട്ടത്തിൽ ഫണ്ട് പുനഃസ്ഥാപിക്കുകയും കൃത്യമായ ഇടവേളകളിൽ കോർപ്പസ് വിപൂലികരിക്കുകയും വേണം.


Click it and Unblock the Notifications