കടത്തില്‍ മുങ്ങിയിരിക്കുകയാണോ നിങ്ങള്‍; കരകയറാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ ലോണുകളും കടങ്ങളും കിട്ടാന്‍ എളുപ്പമാണ്. മൊബൈല്‍ ഫോണില്‍ നിന്നുള്ള ഒരു ടച്ച് മതി; ആവശ്യത്തിന് പണം നിങ്ങളുടെ അക്കൗണ്ടിലെത്തും. ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയിലൂടെ എളുപ്പത്തില്‍ വായ്പ നല്‍കാന്‍ തുടങ്ങിയതോടെ കടംവാങ്ങുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും തോന്നിയ പോലെ കടമെടുത്ത് ഊരിപ്പോരാനാവാത്ത വിധം കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് പലരും.

 

2020ല്‍ ഫ്ളിപ്പ്കാര്‍ട്ട് 40ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും

വായ്പ അടച്ചു തീരാതെ

വായ്പ അടച്ചു തീരാതെ

ഇങ്ങനെ ചെറുതും വലുതുമായ വായ്പകളെടുത്തും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്തുമുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തിരികെ അടച്ചുവീട്ടാന്‍ കഴിയാതെ നട്ടംതിരിയുകയാണ് പലരും. ഓരോ മാസവും ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന രീതിയില്‍ വായ്പകള്‍ തിരിച്ചടക്കേണ്ട അവസ്ഥ. അപ്രതീക്ഷിത ചെലവുകള്‍ കാരണം തിരിച്ചടവ് മുടങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് ചെന്നുവീഴുകയാണ് പലരും.

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാതെ

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാതെ

നിരന്തരമായി വായ്പ തിരിച്ചടവില്‍ മാത്രം ശ്രദ്ധിക്കേണ്ടിവരുന്നത് കാരണം ജീവിതത്തില്‍ എന്തെങ്കിലും സാമ്പത്തിക ലക്ഷ്യം മുന്നില്‍ കാണാനോ അതിനനുസരിച്ചുള്ള നിക്ഷേപങ്ങള്‍ നടത്താനോ ഇത്തരക്കാര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. കാരണം വരുമാനത്തിന്റെ ഏറിയ പങ്കും വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥ. ഇതുമൂലം കൂടുതല്‍ കടംവാങ്ങേണ്ടിവരുന്ന സ്ഥിതിയാണ് പലര്‍ക്കും ഉണ്ടാവുന്നത്.

ചെലവ് നിയന്ത്രിക്കല്‍ പ്രധാനം

ചെലവ് നിയന്ത്രിക്കല്‍ പ്രധാനം

കടക്കെണിയില്‍ നിന്ന് തലയൂരാനുള്ള പ്രധാന നടപടി, നിര്‍മാണപരമല്ലാത്ത കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് അവസാനിപ്പിക്കുകയെന്നതാണ്. ചെറുതും വലുതുമായ ഇത്തരം ചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ച് നിലവിലെ കടം വീട്ടുന്നതിനായി പണം ഉപയോഗിക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ക്രെഡിറ്റ് സംരംഭങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് അത്യാവശ്യമല്ലാത്ത സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് പൂര്‍ണമായി അവസാനിപ്പിച്ചേ മതിയാവൂ.

ആദ്യം വേണ്ടത് കണക്കെടുപ്പ്

ആദ്യം വേണ്ടത് കണക്കെടുപ്പ്

ഇതുപോലെ കടത്തില്‍പ്പെട്ട് വലയുന്നവരാണ് നിങ്ങളെങ്കില്‍ ആദ്യം ചെയ്യേണ്ടത് നിലവിലെ കടങ്ങള്‍ എത്രയാണെന്നും ആര്‍ക്കൊക്കെയാണെന്നുമുള്ള കൃത്യമായ കണക്കെടുപ്പാണ്. കാര്‍ ലോണ്‍, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ്-ഓണ്‍ലൈന്‍ ക്രെഡിറ്റ് ബാധ്യതകള്‍ തുടങ്ങിയ ഓരോന്നും വ്യക്തമായി എഴുതി വച്ച് കണക്കുകൂട്ടണം. ലോണുകളുടെ നിലവിലുള്ള ഇഎംഐയും പലിശയും കണക്കാക്കി ഇനി ബാക്കിയുള്ള മാസങ്ങളില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്ന കൃത്യമായ കണക്ക് ഉണ്ടാക്കിയെടുക്കണം. എങ്കില്‍ മാത്രമേ ശരിയായ രീതിയിലുള്ള തിരിച്ചടവ് പ്ലാന്‍ ചെയ്യാനാവൂ.

നല്ല ലോണും മോശം ലോണും

നല്ല ലോണും മോശം ലോണും

പൊതുവെ, ലോണുകളെ നല്ലതെന്നും മോശമെന്നും രണ്ട് വിഭാഗങ്ങളായി തിരിക്കാറുണ്ട്. ഉദാഹരണമായി വീട് വയ്ക്കാനോ വിദ്യാഭ്യാസത്തിനോ വേണ്ടിയുള്ള വായ്പകള്‍ നല്ല വായ്പകളായാണ് കണക്കാക്കപ്പെടാറ്. കാരണം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ആസ്തി നേടിയെടുക്കാന്‍ ഹോം ലോണിലൂടെ സാധിക്കും. ആദായ നികുതി ഇളവിന് ഇത് അര്‍ഹത നല്‍കുകയും ചെയ്യും. കാലം കഴിയുന്തോറും മൂല്യം കുറയുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് എടുക്കുന്ന വായ്പയാണ് മോശം വായ്പകളായി പരിഗണിക്കപ്പെടുന്നത്. ഇവ വേര്‍തിരിച്ചറിഞ്ഞ ശേഷം മോശം ലോണുകള്‍ പലിശ കൂടുതലുള്ളവയ്ക്ക് പ്രാധാന്യം നല്‍കി ആദ്യം അടച്ചു തീര്‍ക്കാന്‍ ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കുക

കടത്തില്‍ മുങ്ങിയിരിക്കുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് തോന്നിയ പോലെ ഉപയോഗിക്കുന്നത് ആശാവഹമായ കാര്യമല്ല. കൂടുതല്‍ കടത്തിലേക്ക് തള്ളിയിടാനേ ഇത് ഉപകരിക്കൂ. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം കടങ്ങള്‍ തീരുന്നതു വരെയെങ്കിലും വേണ്ടെന്നു വയ്ക്കാന്‍ തന്നെ തയ്യാറാവണം. പകരം പര്‍ച്ചേസിനായി ഡെബിറ്റ് കാര്‍ഡോ പണമോ ഉപയോഗിക്കുന്ന രീതി പിന്തുടരുക. കുറച്ചു കാലത്തേക്ക് അത് പ്രയാസം സൃഷ്ടിക്കുമെങ്കിലും ക്രമേണ വലിയ അല്‍ഭുതങ്ങള്‍ അതിലൂടെ ഉണ്ടാവുന്നത് കാണാനാവും. നിങ്ങളുടെ കടബാധ്യതകള്‍ കുറയുന്നതായും പെട്ടെന്ന് അടച്ചുതീരുന്നതായും നിങ്ങള്‍ക്ക് ബോധ്യപ്പെടും.

എന്നു മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡില്‍ പലിശ കൂടുതലാണെന്നതിനാല്‍ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കുറച്ച് പണം കടംവാങ്ങി ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ എത്രയും വേഗം തീര്‍ക്കാന്‍ ശ്രമിക്കണം.

ചെലവുകളില്‍ ഒരു കണ്ണു വേണം

ചെലവുകളില്‍ ഒരു കണ്ണു വേണം

ഒരു മാസത്തിനിടയില്‍ യൂട്ടിലിറ്റി ബില്ലുകള്‍ ഉള്‍പ്പെടെയുള്ള അനിവാര്യമായി വരുന്ന ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുകയും മറ്റ് അത്യാവശ്യമാല്ലാത്ത കാര്യങ്ങള്‍ക്കായുള്ള ചെലവഴിക്കല്‍ കടം തീരുന്നത് വരെ മാറ്റിവയ്ക്കുകയും ചെയ്യുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഹോട്ടല്‍ ഭക്ഷണം, സിനിമ കാണല്‍ തുടങ്ങി ഒഴിവാക്കാവുന്ന ചെലവുകള്‍ക്കായി പണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും വേണം.

ആഢംബരങ്ങളില്‍ നിന്ന് കണ്ണെടുക്കുക

ആഢംബരങ്ങളില്‍ നിന്ന് കണ്ണെടുക്കുക

നിലവിലെ കടങ്ങള്‍ പൂര്‍ണമായും തീരുന്നത് വരെ ആഢംബരങ്ങളില്‍ നിന്നും അത്യാവശ്യമല്ലാത്ത മറ്റ് അസെറ്റുകള്‍ വാങ്ങുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും പ്രധാനമാണ്. വാഹനം, ഭൂമി പോലുള്ള പുതിയ വസ്തുവകകള്‍ സ്വന്തമാക്കാന്‍ വീണ്ടും കടമെടുക്കുകയെന്നു പറയുന്നത്, മുങ്ങാനായ തോണിയില്‍ കൂടുതല്‍ ആളെ കയറ്റുന്നതു പോലെ ദുരന്തമായി മാറിയേക്കും. കൂടുതല്‍ വായ്പകളെടുത്ത് തിരിച്ചടവ് മുടക്കി ക്രെഡിറ്റ് റേറ്റിംഗ് മോശമാക്കിയാല്‍ ഭാവിയില്‍ ലോണുകള്‍ എടുക്കാനാവാത്ത സാഹചര്യവുമുണ്ടാക്കും.

 വിദഗ്ധരുടെ സഹായം തേടാം

വിദഗ്ധരുടെ സഹായം തേടാം

ഓരോ മാസവും കടം വീട്ടാന്‍ പലയിടങ്ങളില്‍ നിന്നുമായി പണം റോള്‍ ചെയ്ത് തളര്‍ന്നുവെങ്കില്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം തേടുന്നതാണ് അഭികാമ്യം. നിലവില്‍ ഇത്തരക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡെറ്റ് കൗണ്‍സലിംഗ് ഏജന്‍സികള്‍ നാട്ടിലുണ്ട്. ഒരാളുടെ കടബാധ്യതകളെ കുറിച്ച് സൂക്ഷ്മമായി പഠിച്ച് കൃത്യമായ രക്ഷാമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇവയ്ക്കാവും.

കുടുംബത്തെ കൂടെ കൂട്ടുക

കുടുംബത്തെ കൂടെ കൂട്ടുക

തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കുടുംബവുമായി പങ്കുവയ്ക്കുകയെന്നതും വളരെ പ്രധാനമാണ്. തനിക്കുള്ള കടങ്ങളും വായ്പകളും എത്രയെന്ന് ഭാര്യയും ഭര്‍ത്താവും മക്കളും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ വ്യക്തിയെ കൂടുതല്‍ കടക്കാരനാക്കുകയേ ഉള്ളൂ. കാരണം തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അറിയാത്ത കുടുംബം അവരുടെ ആഢംബര ജീവിതം പഴയപോലെ തുടരുകയും ഒഴിവാക്കാവുന്ന ചെലവുകള്‍ക്കായി പണം നഷ്ടമാവുന്നത് തുടരുകയും ചെയ്യും.

ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും

ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും

കടക്കെണിയില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ നമ്മുടെ പല താല്‍പര്യങ്ങളും ബലികഴിക്കേണ്ടതായി വരും എന്ന് പ്രത്യേകം പറയേണ്ടതില്ല. കുടുംബത്തോടൊപ്പം വെക്കേഷന്‍ ചെലവിടാനും സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ കടങ്ങള്‍ക്ക് അറുതിയാവുന്നതു വരെ ഇത്തരം ആഗ്രഹങ്ങളൊക്കെ താല്‍ക്കാലികമായി മാറ്റിവച്ചേ മതിയാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം.

Read more about: debt money കടം പണം
English summary

Here is some important steps to be followed to get rid of cumulating multiple debt liabilities

Here is some important steps to be followed to get rid of cumulating multiple debt liabilities
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X