ലൈഫ് ഇൻഷൂറൻസ് പോളിസി നിയമങ്ങളിൽ അടുത്ത വർഷം മുതൽ മാറ്റങ്ങൾ വരുത്താൻ ഐആർഡിഎ ഒരുങ്ങുന്നു. പോളിസി ഭാഗികമായി പിൻവലിക്കൽ, റിവൈവൽ പിരീഡ് വർദ്ധിപ്പിക്കൽ തുടങ്ങി നിരവധി കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തും. പുതിയ നിയമങ്ങൾ 2020 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) പെൻഷൻ പദ്ധതികൾ, യുലിപ്‌സ്, പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പദ്ധതികൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന മാറ്റങ്ങൾ:
1. യൂണിറ്റ്-ലിങ്ക്ഡ്, നോൺ ലിങ്ക്‌ഡ് ഇൻഷൂറൻസ് പ്ലാനുകളുടെ റിവൈവൽ കാലയളവ് വർദ്ധിപ്പിച്ചു.
യൂണിറ്റ്-ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാനുകളുടെ റിവൈവൽ കാലയളവ് മൂന്ന് വർഷമായി വർദ്ധിപ്പിച്ചു. നോൺ-ലിങ്ക്‌ഡ് ഇൻഷൂറൻസുകൾക്ക് റിവൈവൽ കാലയളവ് അഞ്ച് വർഷമായിരിക്കും. നേരത്തെ ഇത് രണ്ട് വർഷമായിരുന്നു.
പ്രീമിയം അടയ്‌ക്കാത്തതിനാൽ നിർത്തലാക്കിയ പോളിസി പുതുക്കാൻ പോളിസി ഹോൾഡർക്ക് അവകാശമുള്ള കാലയളവാണിത്. അതായത് ഗ്രേസ് പിരീഡിന് ശേഷമുള്ള ഒരു നിശ്ചിത കാലയളവിനുള്ളിൽ കാലഹരണപ്പെട്ട പോളിസി വീണ്ടും സജീവമാക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഇൻഷുറൻസ് കമ്പനികൾ നൽകുന്നുണ്ട്.
2. പോളിസി കാലാവധി ആവുന്നതിന് മുൻപ് പിൻവലിക്കാം.
പോളിസി കാലാവധി ആവുന്നതിന് മുൻപ് പിൻവലിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങളിലും ഐആർഡിഎ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞാൽ 25 ശതമാനം വരെ ഭാഗികമായി പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, ഗുരുതരമായ രോഗം അല്ലെങ്കിൽ പാർപ്പിടം വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ ആയ കാര്യങ്ങൾക്ക് പോളിസി ഭാഗികമായി പിൻവലിക്കൽ അനുവദിക്കും.
3. നിർബന്ധിത ഗ്യാരണ്ടി ഓപ്‌ഷണലാകും
ഫെബ്രുവരി 1 മുതൽ പെൻഷൻ യൂലിപ് സെഗ്‌മെന്റിന് നിർബന്ധിത ഗ്യാരണ്ടി ഓപ്‌ഷണലാകും. നേരത്തെ ഇൻഷുറർമാരുടെ പെൻഷൻ യൂലിപ് പ്ലാനുകൾക്ക് ഗ്യാരണ്ടി നൽകുന്നത് ഐആർഡിഎ നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ പോളിസി ഹോൾഡർമാർക്ക് കൂടുതൽ സൗകര്യപ്രദമായ ഓപ്ഷൻ ഉണ്ടായിരിക്കും, അവർക്ക് തന്നെ ഗ്യാരണ്ടി വേണോ വേണ്ടയോ എന്നത് തീരുമാനിക്കാവുന്നതാണ്.
4. 45 വയസ്സിന് താഴെയുള്ളവർക്ക് യുലിപ്‌സ് (യൂണിറ്റ്-ലിങ്കിഡ് ഇൻഷൂറൻസ് പ്ലാൻ) ലൈഫ് കവർ 10 തവണയായിരുന്നു, ഇത് ഏഴ് തവണയായി വെട്ടിക്കുറയ്‌ക്കും. ഗ്യാരണ്ടീഡ് തുകയായ 'സം അഷ്വേർഡ്' പോളിസി ഉടമയ്‌ക്ക് മരണം സംഭവിക്കുകയാണെങ്കിൽ നൽകും.
5. പെൻഷൻ പദ്ധതികളിലെ പിൻവലിക്കൽ പരിധി വർദ്ധിപ്പിച്ചു.
2020 ഫെബ്രുവരി 1 മുതൽ പെൻഷൻ പദ്ധതികളിലെ പിൻവലിക്കൽ പരിധി വർദ്ധിപ്പിക്കും. പെൻഷൻ പദ്ധതികൾ കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി 60% വരെ പിൻവലിക്കാൻ അനുവദിക്കും. എന്നിരുന്നാലും പെൻഷൻ പദ്ധതികളിലെ മൂന്നിലൊന്ന് കോർപ്പസ് പിൻവലിക്കുന്നത് മാത്രമായിരിക്കും നികുതി രഹിതമായുള്ളത്.


Click it and Unblock the Notifications